ആശങ്ക പടർത്തി ഗൾഫ് മേഖല ; കോവിഡ് നിരക്ക് ഉയരുന്നു ; കേന്ദ്രത്തിന്റെ കനിവ് കാത്ത് പ്രവാസികൾ

കോവിഡ്-19 ഗള്‍ഫ് മേഖലയില്‍ അതീവ ഗുരുതരമായ സ്ഥിതിയിലേക്ക് എത്തുകയാണ് എന്നാണ് റിപ്പോർട്ടുകൾ . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14 കോവിഡ് മരണങ്ങളാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുഎഇയില്‍ ആറും സൗദി അറേബ്യയില്‍ അഞ്ചുപേരുമാണ് വൈറസ് രോഗബാധിതരായി മരണപ്പെട്ടത്. കൂടുതല്‍ പേര്‍ രോഗബാധിതരായി മാറുന്നതും സ്ഥിതി ആശങ്കാജനകമാക്കുകയാണ്. ആറ് ഗള്‍ഫ് രാജ്യങ്ങളിലുമായി കൊവിഡ് ബാധിതരുടെ എണ്ണം 34,000 കടന്നു.
സൗദി അറേബ്യയില്‍ ആരോഗ്യവകുപ്പ് കോവിഡ് ഫീല്‍ഡ് സര്‍വേ ശക്തമാക്കിയതോടെ കൂടുതല്‍ കേസുകളാണ് ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത്. 11,631 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 1,147 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മരിച്ചവര്‍ ഉള്‍പ്പെടെ മൊത്തം മരണസംഖ്യ 109 ആയി ഉയര്‍ന്നു. ചികിത്സയില്‍ കഴിയുന്ന 81 പേരുടെ രോഗാവസ്ഥ ഗുരുതരമാണെന്നും സൗദി ആരോഗ്യവകുപ്പ് പറയുന്നു. ഇവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജനങ്ങളുടെ താമസസ്ഥലങ്ങളിലേക്ക് നേരിട്ട് ചെന്ന് പരിശോധന നടത്താന്‍ തുടങ്ങിയതോടെയാണ് കൂടുതല്‍ കോവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയപ്പെടാന്‍ തുടങ്ങിയത്. അഞ്ചു ദിവസം മുമ്പ് ആരംഭിച്ച ഫീല്‍ഡ് സര്‍വേയിലൂടെ അഞ്ച് ലക്ഷം പേരെ പ്രാഥമിക പരിശോധനയ്ക്ക് വിധേയരാക്കാന്‍ കഴിഞ്ഞെന്നാണ് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചത്. വരും ദിവസങ്ങളിലും ഫീല്‍ഡ് സര്‍വേ തുടരുമെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അല്‍ അസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യുഎഇയില്‍ കൊറോണ വൈറസ് ബാധിച്ചുള്ള മരണസംഖ്യ 52 ആയി. പുതിയതായി രോഗം സ്ഥിരീകരിച്ച 483 പേര്‍ ഉള്‍പ്പെടെ മൊത്തം രോഗബാധിതരുടെ എണ്ണം 8238 ആണ്. ഒമാനില്‍ മരണസംഖ്യ എട്ടായി. ഇതില്‍ ഒരാള്‍ മലയാളിയാണ്. 1508 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 98 പേര്‍ക്ക് കൂടിയാണ് പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടത്. ഇവരില്‍ 59 പേരും വിദേശികളാണ്. ബഹ്‌റനില്‍ 1162 പേര്‍ ചികിത്സയിലുണ്ട്. 20 വിദേശ തൊഴിലാളികള്‍ ഉള്‍പ്പെടെ 45 പേര്‍ക്ക് കഴിഞ്ഞദിവസം പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഖത്തറില്‍ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൊത്തം 7141 പേര്‍ക്ക് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കുവൈത്തില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത കോവിഡ് മരണങ്ങളില്‍ രണ്ട് പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ കുവൈറ്റില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി. 1249 ഇന്ത്യക്കാര്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് മൊത്തം കോവിഡ് രോഗികളുടെ എണ്ണം 2,248 ആയും ഉയര്‍ന്നു.
ഗള്‍ഫില്‍ സ്ഥിതി വഷളാകുന്ന സാഹചര്യത്തില്‍ കോൺഗ്രസ് നേതാവ് ഉമ്മന്ചാനിയും കേന്ദ്ര ഇടപെടൽ ആവശ്യപെട്ടിട്ടുണ്ട്. പ്രവാസികളെ എത്രയും വേഗം മടക്കി കൊണ്ടുവരണമെന്നാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെടുന്നത്. മേയ് മൂന്നു വരെ കാത്തിരിക്കാതെ പ്രവാസികളെ തിരിച്ചു കൊണ്ടുവരാന്‍ ചാര്‍ട്ടേഡ് വിമാനം അയക്കണമെന്നു പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ഉമ്മന്‍ ചാണ്ടി അഭ്യര്‍ത്ഥിച്ചു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന തങ്ങളുടെ പൗരന്മാരെ മറ്റ് രാജ്യങ്ങള്‍ തിരികെ കൊണ്ടു പോയിട്ടും ഇന്ത്യക്കാരുടെ കാര്യത്തില്‍ ഇതുവരെ യാതൊരു നടപടികളും സ്വകരിച്ചിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. ഗര്‍ഭിണികള്‍ അടക്കമുള്ള സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, വിസിറ്റിംഗ് വിസയില്‍ കുടങ്ങിയവര്‍ എന്നിവര്‍ക്ക് മുന്‍ഗണ നല്‍കി പൗരന്മാരെ തിരികെയെത്തിക്കാന്‍ അടിയന്തരമായി ഇടപെടല്‍ നടത്തണമെന്നാണ് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ അദ്ദേഹം ആവശ്യപ്പെടുന്നത് . ലേബര്‍ ക്യാമ്പുകളില്‍ തൊഴിലാളികൾ ഒരുമിച്ചാണ് കഴിയുന്നത് . ഈ സാഹചര്യത്തിൽ ഒരാള്‍ക്ക് രോഗം പിടിപെട്ടാല്‍ തന്നെ വലിയ പ്രത്യാഘാതമായിരിക്കും ഉണ്ടാവുക
പ്രവാസികള്‍ക്ക് നാട്ടിലേക്ക് തിരിച്ചെത്താനുള്ള സാഹചര്യമുണ്ടായാല്‍ രണ്ടു ലക്ഷം പേരെ ക്വാറന്റൈന്‍ ചെയ്യുന്നതിനുള്ള സൗകര്യം സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസത്തെ കോവിഡ് അവലോകന വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിച്ചിരുന്നു. കൂടുതല്‍ ആളുകള്‍ വരുന്നുണ്ടെങ്കില്‍ അവരെയും സ്വീകരിക്കാനും സുരക്ഷിതമായി പാര്‍പ്പിക്കാനുമുള്ള സംവിധാനം തയ്യാറാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രവാസികള്‍ നാട്ടിലെത്തിയാല്‍ അവരെ ക്വാറന്റൈന്‍ ചെയ്യുന്നതു മുതല്‍ വീട്ടിലെത്തിക്കുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ചെയ്യും. പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തുകയാണെങ്കില്‍ പ്രായം ചെന്നവര്‍, ഗര്‍ഭിണികള്‍, കൊവിഡ് 19 ഒഴികെയുള്ള മറ്റ് രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന നല്‍കുകയെന്നാണ് മുഖ്യമന്ത്രിയും പറഞ്ഞിട്ടുള്ളത്. ഇക്കര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി നേരത്തെ തന്നെ അദ്ദേഹം പ്രധാനമന്ത്രി മോദിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു.
പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എത്രയും വേഗം അനുകൂല തീരുമാനമെടുക്കുമെന്നാണ പ്രതീക്ഷയിലാണ് കേരളവും കേരളത്തില്‍ നിന്നുള്ള പ്രവാസികളും. എന്നാല്‍, അത്തരമൊരു തീരുമാനം ഉണ്ടാകുന്നതുവരെ ഇപ്പോള്‍ എവിടെയാണോ അവിടെ തന്നെ പ്രവാസികള്‍ കഴിയണമെന്നാണ് മുഖ്യമന്ത്രി അഭ്യര്‍ത്ഥിക്കുന്നത്. കാരണം, കേരളത്തിനു മാത്രമായി പുറംരാജ്യങ്ങളില്‍ നിന്ന് ആളുകളെ കൊണ്ടുവരാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. മാര്‍ച്ച് 22-നു തന്നെ ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ കേന്ദ്രം നിര്‍ത്തലാക്കിയിരുന്നു.
അതേസമയം, രണ്ടാം ഘട്ട ലോക്ക്ഡൗൺ അവസാനിക്കുന്ന മേയ് 2-നു ശേഷം പ്രവാസികളെ തിരികെ കൊണ്ടുവരുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ നേരത്തെ പറഞ്ഞിരുന്നു . മറ്റു രോഗങ്ങള്‍ ബാധിച്ചവര്‍, ഗര്‍ഭിണികള്‍, പ്രായമായര്‍ തുടങ്ങിയ മുന്‍ഗണനാ ക്രമത്തിലാണ് കേന്ദ്രം ഇക്കാര്യം ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ വ്യോമയാന വകുപ്പുമായി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രവാസികളുടെ കാര്യങ്ങള്‍ സംബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളുടെ ഭരണാധികാരികളുമായി ചര്‍ച്ച നടത്തിയിരുന്നു എന്നും മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന തങ്ങളുടെ പൌരന്മാരെ തിരികെ കൊണ്ടുപോകാത്ത രാജ്യങ്ങള്‍ക്കെതിരെ തൊഴില്‍ കരാര്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് യുഎഇ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്..
മുഴുവന്‍ പ്രവാസി സംഘടനകളുടെയും സഹായവും പിന്തുണയും ഈ കാലഘട്ടത്തില്‍ പ്രവാസികള്‍ക്ക് ഉണ്ടാവണമെന്നും നോര്‍ക്ക റൂട്ട്സ് എല്ല ഗള്‍ഫ് രാജ്യങ്ങളിലും ഹെല്‍പ് ഡെസ്‌ക്കുകള്‍ സ്ഥാപിച്ച് പ്രവാസികള്‍ക്കു വേണ്ട സഹായങ്ങള്‍ നല്‍കുന്നുണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha