മരണത്തിലും മുക്തിനേടാതെ പ്രവാസികൾ; ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കൊവിഡ് കാരണമല്ലാതെ മരിക്കുന്ന മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിലുള്ള തടസം നീക്കാന്‍ ഇന്ത്യന്‍ എംബസികള്‍ക്ക് നിര്‍ദ്ദേസം നല്‍കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍

കൊറോണ വ്യാപനത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന പ്രവാസികൾ നിരവധിയാണ്. ഗൾഫ് രാജ്യങ്ങളിൽ മരിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനും വളരെ പ്രയാസം നേരിടുകയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കൊവിഡ് കാരണമല്ലാതെ മരിക്കുന്ന മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിലുള്ള തടസം നീക്കാന്‍ ഇന്ത്യന്‍ എംബസികള്‍ക്ക് നിര്‍ദ്ദേസം നല്‍കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമായാക്കി.
മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുന്നതിന് തടസങ്ങളും പ്രയാസങ്ങളും നേരിടുന്നതായി ജി.സി.സി രാജ്യങ്ങളിലെ മലയാളി സംഘടനകളില്‍ നിന്ന് പരാതി ലഭിക്കുന്നുണ്ട്. ലോക്ക്ഡൗണിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിറുത്തി വച്ചത് ഗള്‍ഫ് മലയാളികളെ വലിയ പ്രയാസത്തിലും കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആക്കിയിട്ടുണ്ട്. അതിനിടയിലാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം. മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയയ്ക്കുന്നതിന് ബന്ധപ്പെട്ട ഇന്ത്യന്‍ എംബസിയുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണം. ഇന്ത്യന്‍ എംബസികള്‍ ഇന്ത്യയിലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് നോ ഒബ്ജക്ഷന്‍ പത്രം വേണമെന്ന് നിര്‍ബന്ധിക്കുകയാണ്. കൊവിഡ് 19 കാരണമല്ലാതെ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അനുവദിച്ചിരുന്നു. അതിന് ഇത്തരം സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ടായിരുന്നില്ല. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിറുത്തിയതിനാല്‍ ചരക്ക് വിമാനങ്ങളിലാണ് മൃതദേഹങ്ങള്‍ എത്തിച്ചിരുന്നത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ മൃതദേഹങ്ങള്‍ അയയ്ക്കുന്നതിന് ക്ലിയറന്‍സ് നല്‍കാന്‍ ബന്ധപ്പെട്ട എംബസികള്‍ക്ക് നിര്‍ദേശം നല്‍കണം. ഇക്കാര്യത്തിലുളള നൂലാമാലകള്‍ ഒഴിവാക്കി മൃതദേഹങ്ങള്‍ താമസമില്ലാതെ നാട്ടിലെത്തിക്കാനും കുടുംബാംഗങ്ങള്‍ക്ക് അന്ത്യ കര്‍മങ്ങള്‍ നടത്താനും സൗകര്യമൊരുക്കണമെന്നും സംസ്ഥാനം പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.
വിമാന ടിക്കറ്റ് റീഫണ്ടില്‍ മുഴുവന്‍ തുകയും തിരികെ കിട്ടുക ലോക്ക്ഡൗണ്‍ ദിനങ്ങളില്‍ ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് എന്ന നിബന്ധന നീക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha