പ്രവാസികളോട് എന്തിനീ ക്രൂരത..വീണ്ടും മൃതദേഹങ്ങൾ മടക്കി അയച്ച് കേന്ദ്രം ; അനാഥരായി അവർ...

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുന്നതിന് വിലക്കില്ലെന്ന് കേന്ദ്ര സർക്കാർ വിശദീകരിക്കുമ്പോഴും വ്യാഴാഴ്ച അബുദാബിയിൽനിന്ന് അയച്ച രണ്ടു മൃതദേഹങ്ങൾ ഡൽഹിയിൽ ഇറക്കാനാവാതെ അവിടെനിന്ന് തിരിച്ചുകൊണ്ടുവന്നു.
വ്യാഴാഴ്ച രാത്രി എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി അയച്ച പഞ്ചാബ് സ്വദേശികളായ രണ്ട് പേരുടെ മൃതദേഹങ്ങളാണ് ഡൽഹി വിമാനത്താവളത്തിൽ ഇറക്കാൻ അനുമതി കിട്ടാത്തതിനാൽ തിരിച്ചിറക്കിയത്. നേരത്തേ ദുബായിൽനിന്ന് ചെന്നൈയിലേക്ക് അയച്ച ഒരു മൃതദേഹം വിമാനത്താവളത്തിലെ കാർഗോ സെക്ഷനിൽ കിടക്കുകയാണ്. ദുബായിൽനിന്ന് കൊച്ചിയിലേക്ക് അയയ്ക്കാനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയ ശേഷം പെട്ടെന്നുള്ള നിർദേശത്താൽ അയയ്ക്കാനാവാതെ അവിടെ കിടക്കുകയാണ്. കുവൈത്തിൽനിന്ന് ഇത്തരത്തിൽ അയയ്ക്കാനായി ശ്രമിച്ച രണ്ട് മലയാളികളുടെ മൃതദേഹങ്ങളും വെള്ളിയാഴ്ചയും കൊണ്ടുപോകാനായില്ല.
ഡൽഹിയിൽ ഇറക്കാൻ അനുമതി കിട്ടാത്തതിനാൽ അതേ ചരക്കുവിമാനത്തിൽ അബുദാബിയിൽ തിരിച്ചെത്തിച്ച പഞ്ചാബികളുടെ മൃതദേഹം ഇപ്പോൾ മഫ്‌റഖ് ആശുപത്രിയിലെ മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. രണ്ടു ദിവസമായി നാട്ടിലേക്കുള്ള അനുമതി കാത്ത് ഒട്ടേറെ മൃതദേഹങ്ങളാണ് മോർച്ചറികളിലുള്ളത്. കോവിഡ് കാരണമല്ലാതെ ഹൃദയാഘാതത്തെത്തുടർന്ന് ഒട്ടേറെ പ്രവാസികളുടെ മരണങ്ങളും പ്രവാസലോകത്ത് ഉണ്ടാവുന്നുണ്ട്. കോവിഡ് സൃഷ്ടിച്ച ആശങ്കയും മാനസികപ്രശ്നങ്ങളുമാണ് അവരെ രോഗികളാക്കുന്നതെന്നാണ് അനുമാനം. കോവിഡ് കാരണമുള്ള മരണങ്ങൾ ആരോഗ്യവകുപ്പിന്റെ പ്രോട്ടോക്കോൾ അനുസരിച്ച് അതത് രാജ്യങ്ങളിലാണ് മറവ് ചെയ്യുന്നത്.
അതിനിടെ വെള്ളിയാഴ്ച യു.എ.ഇ.യിൽ ഒരു മലയാളി ഉൾപ്പെടെ എട്ട് പേർ കൂടി കോവിഡ്-19 ബാധിച്ച് മരിച്ചു. സൗദി അറേബ്യയിൽ ആറുപേരും മരിച്ചു. കുവൈത്തിൽ രണ്ട് ഇന്ത്യക്കാരാണ് മരിച്ചത്. യു.എ.ഇ.യിൽ പുതുതായി 525 പേരിലും സൗദി അറേബ്യയിൽ 1172 പേരിലും രോഗബാധ കണ്ടെത്തി. ഖത്തറിൽ 761 പേർക്കും ഒമാനിൽ 74 പേർക്കുമാണ് പുതിയ രോഗബാധ. ഇതോടെ ഗൾഫിലെ മൊത്തം രോഗബാധിതരുടെ എണ്ണം 38,500 കവിഞ്ഞു. ആകെ മരിച്ചവർ 234 ആയി.
https://www.facebook.com/Malayalivartha