ഉടന്‍ തന്നെ പ്രായോഗിക നടപടിയുണ്ടാകും; സംസ്ഥാനത്തേക്ക് മടങ്ങി വരാനാഗ്രഹിക്കുന്ന പ്രവാസികളുടെ കാര്യത്തില്‍ ഉടന്‍ പ്രായോഗിക നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്തേക്ക് മടങ്ങി വരാനാഗ്രഹിക്കുന്ന പ്രവാസികളുടെ കാര്യത്തില്‍ ഉടന്‍ പ്രായോഗിക നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് വേണ്ട സൗകര്യമൊരുക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ അനുകൂല നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ഉടന്‍ തന്നെ പ്രായോഗിക നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതെ സമയം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അലംഭാവം അവസാനിപ്പിച്ച് പ്രവാസികളെ എത്രയും വേഗം ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മേയ് 6ന് വൈകുന്നേരം 6 മണിക്ക് ബൂത്ത് തലത്തില്‍ 25000 കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മെഴുകുതിരി തെളിയിക്കാന്‍ കെ.പി.സി.സി ഭാരവാഹി യോഗം തീരുമാനിച്ചതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്താനും തീരുമാനിച്ചത്.
പ്രവാസികളെ മടക്കി കൊണ്ടുവരുന്നതിനുള്ള ശ്രമം തുടരണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രവാസികളുടെ മടങ്ങിവരവ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും സാമൂഹ്യവ്യാപന സാധ്യത വര്‍ധിപ്പിക്കുമെന്ന തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നുണ്ടെന്ന് യോഗം വിലയിരുത്തി. കൊച്ചു രാജ്യങ്ങള്‍പോലും സ്വന്തം പൗരന്‍മാരെ പ്രത്യേക വിമാനങ്ങളില്‍ മടക്കി കൊണ്ടുപോകുമ്പോള്‍ പ്രവാസികളായ മലയാളികളോട് തികഞ്ഞ അവഗണനയും ക്രൂരതയുമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്.
നോര്‍ക്കയിലൂടെ ഇതിനകം മൂന്നര ലക്ഷം പ്രവാസികള്‍ തിരികെ നാട്ടില്‍ വരാനായി പേരു രജിസ്റ്റര്‍ ചെയ്‌തെന്നാണ് സര്‍ക്കാര്‍ വാദം. പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നതിനായി ഇതുവരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ സര്‍ക്കാരിനായിട്ടില്ല. മറ്റൊരു ഡാറ്റ ശേഖരണത്തിന് വേണ്ടിയാണോ പ്രവാസികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതെന്ന് സംശയിക്കേണ്ടതിരിക്കുന്നതായും യോഗം വിലയിരുത്തി.
അന്യസംസ്ഥാന തൊഴിലാളികളെ കേരളത്തില്‍ നിന്നും തിരികെ അയക്കുന്നത് പോലെ ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികളെ പ്രത്യേക ട്രെയിന്‍ സര്‍വീസ് ആരംഭിച്ച് തിരികെയെത്തിക്കാന്‍ കേന്ദ്ര-സംസ്ഥന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ യോഗം തീരുമാനിച്ചു.
ട്രെയിന്‍ മാര്‍ഗവും ബസുകളിലൂടെയും പലസംസ്ഥാനങ്ങളും സ്വന്തംപൗരന്‍മാരെ തിരികെ കൊണ്ടുപോയി. സാധാരണക്കാരായ പ്രവാസികള്‍ക്കായി ഒന്നും ചെയ്യാന്‍ കൂട്ടാക്കാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. ശക്തമായ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ട് പോകാനും യോഗം തീരുമാനിച്ചു.
മുഖ്യമന്ത്രി വ്യക്തമാക്കിയത് ഇങ്ങനെയാണ് പ്രവാസികള്‍ മടങ്ങിവരുമ്പോള്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എല്ലാ വിവരങ്ങളും കേന്ദ്ര സര്‍ക്കാറിനും അതത് രാജ്യങ്ങളിലെ എംബസികള്‍ക്കും കൈമാറും. പ്രവാസികള്‍ മടങ്ങിവരുമ്പോളുള്ളതിന് സമാനമായ സജ്ജീകരണങ്ങളായിരിക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിവരുന്നവരുടെ കാര്യത്തിലും സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
1.3 ലക്ഷത്തോളം പേരാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങാനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവര്‍ എപ്പോഴാണ് സംസ്ഥാന അതിര്‍ത്തിയില്‍ എത്തേണ്ടതെന്ന് നേരത്തെ അറിയിക്കും. അവിടെ വിശദമായ സ്ക്രീനിങ് നടത്തും. രോഗലക്ഷണങ്ങളുള്ളവരെ പ്രത്യേക ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും. അല്ലാത്തവരെ വീടുകളിലേക്ക് അയക്കും. അവര്‍ അവിടെ 14 ദിവസം നിരീക്ഷണത്തില്‍ തുടരണം. ഇവര്‍ മറ്റെവിടേക്കും പോകാതെ വീടുകളിലേക്ക് തന്നെ പോകുന്നുവെന്ന് ഉറപ്പാക്കാനും അവിടെ നിര്‍ദേശങ്ങള്‍ പാലിച്ച് നിരീക്ഷണത്തില്‍ കഴിയുന്നുവെന്നും ഉറപ്പാക്കാനുമുള്ള ചുമതല പൊലീസിന് നല്‍കും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമില്ലാത്തവര്‍ക്കായി പ്രത്യേകം കേന്ദ്രം സജ്ജമാക്കും. ഇവര്‍ 14 ദിവസം ഇവിടെ കഴിയണം.
https://www.facebook.com/Malayalivartha