പക്ഷാഘാതം വില്ലനായപ്പോൾ ശരീരത്തിനൊപ്പം ജീവിതവും തളർന്നു ; ഒടുവിൽ വഴി തെളിഞ്ഞു ; സത്യൻ പ്രതീക്ഷയോടെ നാട്ടിലേക്ക്

പക്ഷാഘാതം വില്ലനായി കടന്നെത്തിയപ്പോൾ ശരീരത്തിനൊപ്പം ജീവിതവും തളർന്നു. ഒടുവിൽ സത്യൻ പ്രതീക്ഷയോടെ ജന്മ നാട്ടിലേക്ക്. പക്ഷാഘാതത്തെ തുടർന്ന് വലതുഭാഗം തളർന്നുപോയ കാഞ്ഞങ്ങാട് പനത്തടി സ്വദേശി സത്യൻ രാഘവന് വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്ക് പോകാനുള്ള വഴി തെളിഞ്ഞു. കഴിഞ്ഞ 80 ദിവസമായി അബുദാബി ക്ലീവ് ലാൻഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. സാംസ്കാരിക സംഘടനയായ ‘മാക്‌സ് അബുദാബി’യുടെ ഇടപെടലുകളാണ് നാട്ടിലേക്കുള്ളയാത്ര സാധ്യമാക്കിയത്. അബുദാബിയിലെ പ്രൊട്ടക്റ്റ് മിഡിലീസ്റ്റ് കമ്പനിയിൽ പി.ആർ.ഒ. ആയി ജോലിചെയ്തിരുന്ന സത്യൻ ഫെബ്രുവരി 29 -നാണ് പക്ഷാഘാതംമൂലം തളർന്നുപോയത്. ക്ലീവ് ലാൻഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സത്യൻ തലച്ചോറിലെ ശസ്ത്രക്രിയയയ്ക്കുശേഷം അപകടനില തരണംചെയ്തു.
കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ വിദഗ്ധ ചികിത്സയും ഫിസിയോതെറാപ്പിയും ഉറപ്പായശേഷമാണ് സത്യൻ നാട്ടിലേക്ക് മടങ്ങുന്നതെന്ന് സഹോദരീ ഭർത്താവ് രാജു പറഞ്ഞു. മേയ് 23-ന് എയർ ഇന്ത്യാ എക്സ്പ്രസിൽ അദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുപോകും. വീൽച്ചെയറിലായ സത്യന്റെകൂടെ സഹായിയായി സുഹൃത്ത് രവീന്ദ്രനും യാത്രചെയ്യുന്നുണ്ട്. പനത്തടിയിലെ രാഘവൻ പുഷ്പ ദമ്പതിമാരുടെ മകനാണ് സത്യൻ. ഭാര്യ സൗമ്യ. സത്യന്റെ നാട്ടിലേക്കുള്ള യാത്രയ്ക്ക് എല്ലാസഹായങ്ങളും ചെയ്തുതന്ന അബുദാബി ഇന്ത്യൻ എംബസിക്ക് മാക്‌സ് പ്രവർത്തകനായ സതീഷ് നന്ദി പറഞ്ഞു.
https://www.facebook.com/Malayalivartha