ദുബായ് സുരക്ഷാ സേവനങ്ങളിലെ 6,802 ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകി ഷെയ്ഖ് മുഹമ്മദ്

ആറായിരത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിനും എല്ലാവര്‍ക്കും ഉയര്‍ന്ന തലത്തില്‍ സേവനങ്ങള്‍ നല്‍കിയതിനുള്ള പരിശ്രമങ്ങള്‍ക്ക് അംഗീകാരമായാണിത്.6,802 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥാനക്കയറ്റം പ്രഖ്യാപിച്ചത്. ദുബൈ പൊലീസിലെ 4,141 പേര്‍ക്കും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സിലെ 323 പേര്‍ക്കും ദുബൈ ജിഡിആര്‍എഫ്എയിലെ 1,458 പേര്‍ക്കും ദുബൈ സ്റ്റേറ്റ് സെക്യൂരിറ്റി വിഭാഗത്തിലെ മറ്റ് നിരവധി അംഗങ്ങള്‍ക്കുമാണ് സ്ഥാനക്കയറ്റം ലഭിച്ചത്. ഈ അംഗീകാരത്തിന് ശൈഖ് മുഹമ്മദിന് നന്ദി അറിയിക്കുന്നതായി പൊലീസ് ആന്‍ഡ് ജനറല്‍ സെക്യൂരിറ്റി വിഭാഗം ഡെപ്യൂട്ടി ചെയര്‍മാന്‍ ലെഫ്. ജനറല്‍ ദാഹി ഖാല്‍ഫാന്‍ തമീം പറഞ്ഞു.
അതേസമയം എമിറാത്തി വനിതാ ദിനത്തിന് മുന്നോടിയായി രാജ്യത്തെ സ്ത്രീകളുടെ നേട്ടങ്ങളെ ശൈഖ് മുഹമ്മദ് പ്രശംസിച്ചിരുന്നു. ഇന്നാണ് രാജ്യം എമിറാത്തി വനിതാ ദിനം ആചരിക്കുന്നത്. യുഎഇയിലെ ബിരുദ ധാരികളില്‍ 70 ശതമാനവും സ്ത്രീകളാണെന്നും തന്റെ ഓഫീസിലെ 85 ശതമാനം ജീവനക്കാരും സ്ത്രീകളാണെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. മികച്ച ഭാവിയുള്ള വിദ്യാഭ്യാസത്തിനും വിജ്ഞാനത്തിനും വേണ്ടി അർപ്പണബോധമുള്ളവരാണ് സ്ത്രീകൾ. അവരിൽ വലിയ പ്രതീക്ഷയാണുള്ളതെന്നും ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം വ്യക്തമാക്കി. സ്ത്രീകള്‍ രാജ്യത്തിന്റെ ആത്മാവാണെന്നാണും അദ്ദേഹം വിശേഷിപ്പിച്ചു.
2015 മുതലാണ് ഓഗസ്റ്റ് 28 എമിറാത്തി വനിതാ ദിനമായി ആചരിച്ചു തുടങ്ങിയത്. സ്ത്രീകളുടെ നേട്ടങ്ങളെ സ്മരിക്കാനും പരിശ്രമങ്ങളെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് ഈ ദിവസം ഉപയോഗപ്പെടുത്തുന്നത്. അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇമാറാത്തി വനിതകളുടെ സമൂഹത്തിലെ പങ്കിനെ പ്രശംസിച്ചു.
'ഇമാറാത്തി വനിതാ ദിനത്തിൽ, യു.എ.ഇയിലുടനീളമുള്ള എല്ലാ സ്ത്രീകളെയും ഞങ്ങൾ അഭിവാദ്യം ചെയ്യുകയും നമ്മുടെ സമൂഹത്തിനും നമ്മുടെ രാജ്യത്തിനും അവർ നൽകിയ സംഭാവനകൾക്ക് ആത്മാർഥമായ നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നു. 50 വർഷങ്ങളായി സ്ത്രീകൾ ഞങ്ങളുടെ വിജയത്തിലും നമ്മുടെ ഭാവി രൂപപ്പെടുത്തുന്നതിലും നിർണായക പങ്ക് വഹിക്കുന്നു'-ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു.
https://www.facebook.com/Malayalivartha