എങ്ങനെ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയെന്ന് ഓർത്തെടുക്കാൻ കഴിയുന്നില്ല: രക്ഷിക്കണമെന്ന് നിലവിളിച്ച് സാജു: ജയിലിലെ അവസ്ഥ ഇങ്ങനെ....

ബ്രിട്ടനില്‍ കെറ്ററിംഗിൽ മലയാളി യുവതിയും മക്കളും കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ പ്രതി സാജു ജയിലിൽ കഴിഞ്ഞ ആഴ്ച ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഷേവ് ചെയ്യാൻ നൽകിയ റേസറിലെ ബ്ലേഡ് ഉപയോഗിച്ച് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. മരിക്കാൻ കഴിഞ്ഞേക്കും എന്ന പ്രതീക്ഷയോടെയാണ് സാജു കൈഞരമ്പു മുറിച്ചതെങ്കിലും അധികം വൈകാതെ ജയിൽ അധികൃതരുടെ ശ്രദ്ധയിൽ എത്തുക ആയിരുന്നു.
തുടർന്ന് ഒട്ടും വൈകാതെ ജയിലിനു സമീപമുള്ള എൻഎച്ച്എസ് ആശുപത്രിയിൽ ഇദ്ദേഹത്തെ പ്രവേശിപ്പിക്കുക ആയിരുന്നു. ജയിൽ അധികൃതർ നൽകിയ ഹൂഡി ധരിച്ചു തല മറച്ചാണ് സാജു ആശുപത്രിയിൽ എത്തിയത്. പരിശോധനയ്ക്കായി തലമറ മാറ്റിയപ്പോഴാണ് ആളെ തിരിച്ചറിയാൻ സാധിച്ചത്. ആശുപത്രി ജീവനക്കാർ സാജുവിനെ തിരിച്ചറിഞ്ഞതോടെ ഉടൻ ജയിൽ ജീവനക്കാർ പൊലീസ് സഹായത്തോടെ അയാൾക്കായി പ്രത്യേക മുറി സജ്ജമാക്കി അവിടെയാണ് നിരീക്ഷണം സാധ്യമാക്കിയത്.
കാര്യമായി രക്തം പോയിട്ടില്ലാത്തതിനാൽ ക്ഷീണം മാറിയ ഉടൻ സാജുവിനെ ആശുപത്രിയിൽ നിന്നും സുരക്ഷാ മുൻ നിർത്തി ഡിസ്ചാർജ് ചെയ്യുക ആയിരുന്നു. അഞ്ചുവിന്റെയും കുട്ടികളുടെയും മൃതദേഹം നാട്ടിലേക്ക് പുറപ്പെടുന്നതിനു തൊട്ടുമുമ്പാണു സാജു ആത്മഹത്യാ ശ്രമം നടത്തിയത്. ഭാര്യയുടെയും മക്കളുടെ മൃതദേഹം നാട്ടിൽ എത്തുമ്പോൾ ആരുടേയും കുറ്റപ്പെടുത്തൽ തന്നിൽ എത്താതിരിക്കാൻ ജീവനോടെ ബാക്കിയാകരുത് എന്നതായിരുന്നു സാജുവിന്റെ ആഗ്രഹം.
ഇതിന് പിന്നാലെ സാജുവിന്റെ ജയിലിൽ നിന്നുള്ള ഫോൺ വിളി അഞ്ജുവിന്റെ ഉറ്റവരെ തേടി എത്തി. ജയിലിലെ കാന്റീനിൽ ജോലി ചെയ്യുന്നത് വഴി ലഭിക്കുന്ന ഒരു പൗണ്ട് മുടക്കിയാണ് താൻ ഫോൺ വിളിക്കുന്നതെന്നും പറഞ്ഞാണ് സാജു സംസാരിച്ചത്.
വാക്കുകൾക്ക് തപ്പിത്തടഞ്ഞു, വികാരവിവശനായി സംസാരിച്ച സാജു എന്താണ് സംഭവിച്ചതെന്ന് ഓർത്തെടുക്കാൻ പോലും പ്രയാസപ്പെടുക ആയിരുന്നു. താൻ എങ്ങനെ ഭാര്യയെയും മക്കളെയും കൊന്നു എന്ന് ഓർത്തെടുക്കാൻ ഇപ്പോഴും തനിക്കു കഴിയുന്നില്ല എന്നാണ് സാജു പറഞ്ഞത്. തനിക്ക് ഒറ്റയ്ക്കുള്ള സെല്ലിൽ കിടന്നു തല പെരുക്കുകയാണ് എന്നും സാജു പറയുന്നുണ്ട്. തനിക്ക് ഇതിൽ നിന്നും താത്കാലിക മോചനം എങ്കിലും കിട്ടാൻ കുറച്ചു പുസ്തകം എങ്കിലും എത്തിച്ചു നൽകണമെന്നാണ് സാജു തുടർന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. തനിക്കു മാറി ധരിക്കാൻ വസ്ത്രം കൈവശം ഇല്ലെന്നും സാജു പറയുന്നു.
ഒപ്പം സാധിക്കുമെങ്കിൽ തന്നെ ആരെങ്കിലും വന്നു കാണണം എന്നും ഇയാൾ അറിയിച്ചിട്ടുണ്ട്. സംസാരത്തിനിടയിൽ അഞ്ജുവിന്റെ വീട്ടിൽ വിളിച്ച് അച്ഛനുമായി സംസാരിക്കാൻ ശ്രമിച്ചെന്നും എന്നാൽ ഫോൺ കണക്ട് ആയില്ലെന്നും സാജു പറയുന്നു. ആരും സഹായത്തിനില്ലാത്ത 85 വയസായ അമ്മയെ വിളിക്കാനും സാജു ശ്രമിക്കുന്നുണ്ട്. എല്ലാവരോടും ക്ഷമ ചോദിക്കാൻ മാത്രമാണ് ഇപ്പോൾ സാജുവിന് കഴിയുന്നുള്ളൂ. ഭാര്യയും മക്കളും ഇല്ലാത്ത ഈ ലോകത്തു തനിക്കൊറ്റയ്ക്കു ജീവിക്കേണ്ടെന്നും സാജു പറയുന്നു. നല്ല നിലയിൽ ഉപയോഗിക്കാൻ കഴിയുന്ന തന്റെ കാർ ആർക്കെങ്കിലും വിറ്റ് ആ പണം തുല്യമായി രണ്ടു കുടുംബങ്ങളെയും ഏൽപ്പിക്കണമെന്നും സാജു വികാരവിവശനായി പറയുന്നുണ്ട്.
അതിനിടെ അഞ്ജുവിന്റെ കുടുംബത്തെ സഹായിക്കാൻ കെറ്ററിങ് മലയാളി അസോസിയേഷൻ നൽകിയ ആഹ്വാനത്തെ തുടർന്ന് യുകെ മലയാളികൾ നൽകിയ 31 ലക്ഷം രൂപയുടെ സഹായധനം ചെലവ് മാറ്റിയ ശേഷം അഞ്ജുവിന്റെ പിതാവിനെ ഏൽപ്പിക്കാൻ തീരുമാനമായി. മനോജിന്റെ യാത്ര ചെലവിനും പൊതുദർശന സമയത്തെ ചിലവുകളും ഓൺലൈൻ ഫണ്ടിങ്ങിലെ കമ്മീഷനും കഴിഞ്ഞ ശേഷം അഞ്ജുവിന്റെ കുടുംബത്തിനായി 28,726 പൗണ്ടായിരിക്കും നൽകുക. കെറ്ററിങ് മലയാളി അസോസിയേഷന് വേണ്ടി സിബുവിനൊപ്പം ബെന്നി ജോസഫ്, അരുൺ സെബാസ്റ്റ്യൻ, സോബിൻ ജോൺ, ലിജോ ജോർജ്, പ്രബീഷ് സദാശിവൻ, ജിന്നി കിണറ്റുംകര, ഷിൻസൺ ലുക്ക്, ജോർജ് പുത്തൻപുരയിൽ എന്നിവർ ചേർന്ന നേതൃ നിരയാണ് തീരുമാനം എടുത്തത്.
https://www.facebook.com/Malayalivartha