ഇന്ത്യന്‍ വീട്ടുജോലിക്കാരികളുടെ അടിസ്ഥാനവേതനം 1000 മുതല്‍ 1200 റിയാല്‍ വരെ

ഇന്ത്യന്‍ വീട്ടുജോലിക്കാരികളുടെ അടിസ്ഥാന വേതനം 1000 മുതല്‍ 1200 വരെ റിയാലായിരിക്കുമെന്ന് ധാരണയായതായി സൗദി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജോലിക്കാരുടെ വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് വേതന അനുപാതത്തില്‍ വ്യത്യാസമുണ്ടാകുമെന്നാണ് കഴിഞ്ഞ ദിവസം റിയാദില്‍ നടന്ന ഇന്ത്യന്‍ എംബസി പ്രതിനിധികളുടെയും സൗദി തൊഴില്‍ മന്ത്രാലയ പ്രതിനിധികളുടെയും കൂടിക്കാഴ്ചയില്‍ ഉരുത്തിരിഞ്ഞ ധാരണ. നിരക്ഷരരായ ജോലിക്കാരികളുടെ പാസ്പോര്‍ട്ടുകള്‍ റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ അറ്റസ്റ്റ് ചെയ്തിരിക്കണമെന്ന് ഇന്ത്യന്‍ എംബസി പ്രതിനിധികള്‍ നിബന്ധന വെച്ചതായും പത്രങ്ങള്‍ വ്യക്തമാക്കി. സാക്ഷരരായ ജോലിക്കാരുടെ പാസ്പോര്‍ട്ടുകളില്‍ അറ്റസ്റ്റേഷന്‍ ആവശ്യമില്ളെന്നും തൊഴില്‍വ്യവസ്ഥകള്‍ മനസ്സിലാക്കാനും അവകാശ നിഷേധത്തിനിരയാകുന്ന അവസരത്തില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ പരാതി സമര്‍പ്പിക്കാനും സ്വയം പ്രതിരോധിക്കാനും അത്തരക്കാര്‍ക്ക് സാധിക്കുമെന്നും ഇന്ത്യന്‍ പ്രതിനിധികള്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ഇന്ത്യയില്‍നിന്നുള്ള എല്ലാ വീട്ടുജോലിക്കാര്‍ക്കും മെഡിക്കല്‍ ഇന്‍ഷൂറന്‍സ് ഉണ്ടാവില്ളെന്ന് സൗദി സംഘം വ്യക്തമാക്കി. ജോലിക്കാരെ അഭ്യസ്തവിദ്യരും അല്ലാത്തവരും എന്നിങ്ങനെ രണ്ട് വിഭാഗമായി തരംതിരിച്ചിട്ടുണ്ട്.
വിദ്യാഭ്യാസമില്ലാത്ത വിഭാഗത്തിനായിരിക്കും മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉണ്ടാവുകയെന്നാണ് ലഭ്യമായ വിവരം. കഴിഞ്ഞ ദിവസം റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ വിങ് ഫസ്റ്റ് സെക്രട്ടറി ഐ.പി ലാക്കറെയുമായി സൗദി തൊഴില്‍ മന്ത്രാലയ പ്രതിനിധികള്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ വീട്ടുജോലിക്കാരുടെ റിക്രൂട്ടിങ് നടപടികള്‍ സംബന്ധിച്ച് ധാരണയിലത്തെിയിരുന്നു.
https://www.facebook.com/Malayalivartha