പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്… പണമയക്കുമ്പോള്‍ സൂക്ഷിക്കുക

തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാതെ പണം അയയ്‌ക്കാന്‍ ചില എക്‌സ്‌ചേഞ്ച് സ്‌ഥാപനങ്ങളിലുള്ള സൗകര്യം ദുരുപയോഗം ചെയ്യുന്നതായി പരാതി. മറ്റൊരാളെക്കൊണ്ട് ഒരിക്കല്‍ പണം അയപ്പിച്ചശേഷം അയാള്‍പോലും അറിയാതെ വീണ്ടും പണമയയ്‌ക്കുന്നതാണു ചിലരുടെ രീതി. നിരപരാധികളായ ചിലര്‍ ഇതുമൂലം കുരുക്കിലാകാന്‍ സാധ്യതയേറെ. നാട്ടിലേക്കു പണമയയ്‌ക്കുന്നതിനു തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും ചില മണി എക്‌സ്‌ചേഞ്ച് സ്‌ഥാപനങ്ങളെങ്കിലും അതു കര്‍ശനമാക്കുന്നില്ല. ഒരിക്കല്‍ അതേ ബ്രാഞ്ചില്‍നിന്നു പണമയച്ചിട്ടുണ്ടെങ്കില്‍ മറ്റു രേഖകളൊന്നും നോക്കാതെ പണമയയ്‌ക്കാന്‍ അനുവദിക്കുന്ന സ്‌ഥാപനങ്ങളുണ്ട്.
മറ്റൊരാളുടെ പേരില്‍ പണമയയ്‌ക്കാന്‍ ഇത്തരം സ്‌ഥാപനങ്ങള്‍ കൂട്ടുനില്‍ക്കുന്നുവെന്നാണു പരാതി. അല്‍ഖോറിലുള്ള മലയാളി കഴിഞ്ഞ മാസം മറ്റൊരാളെ സഹായിക്കാനായി അയാള്‍ പറഞ്ഞ അക്കൗണ്ടിലേക്ക് തന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചു പണമയച്ചു സഹായിച്ചിരുന്നു. പണമയയ്‌ക്കാന്‍ വന്നയാളെ പരിചയമില്ലെങ്കിലും മലയാളി എന്ന നിലയില്‍ സഹായിക്കുകയായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചിട്ടില്ലെന്നും അത്യാവശ്യമായി പണം അയയ്‌ക്കേണ്ടതുണ്ടെന്നും സഹായിക്കണമെന്നും അപേക്ഷിച്ചപ്പോള്‍ തന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചു പണം അയച്ചു.
പിന്നീട് അയാളെ കണ്ടിട്ടേയില്ല. എന്നാല്‍, ഒരു മാസത്തിനിടെ താനറിയാതെ നാലു തവണയായി ഒന്നര ലക്ഷം രൂപയോളം തന്റെ പേരില്‍ നാട്ടിലെ പല അക്കൗണ്ടിലേക്ക് അയച്ചതായി മൊബൈലില്‍ വന്ന മെസേജുകളില്‍നിന്ന് അറിയാന്‍ കഴിഞ്ഞു. ആദ്യതവണ പണമയച്ചതിന്റെ സ്ലിപ് അയാളുടെ പക്കലുണ്ടാകാമെന്നും അതുപയോഗിച്ചാവാം വീണ്ടും പണം അയയ്‌ക്കുന്നതെന്നും സംശയിക്കുന്നു.
ചില എക്‌സ്‌ചേഞ്ചുകളില്‍ ആദ്യം പണമയയ്‌ക്കുമ്പോള്‍ മാത്രം തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയാല്‍ മതി. പിന്നീടു പണമയച്ചതിന്റെ സ്ലിപ് കാട്ടിയാല്‍ മതിയാകും. ഖത്തര്‍ ഐഡി കാലാവധി കഴിയരുതെന്നു മാത്രം. ഖത്തര്‍ ഐഡി നമ്പര്‍ ഉള്‍പ്പെടെ പൂര്‍ണവിവരങ്ങള്‍ സ്ലിപ്പിലുണ്ട്. ഇതിനാല്‍ ഒരാള്‍ പണമയച്ച സ്ലിപ് കളഞ്ഞു കിട്ടിയാല്‍പോലും അതുപയോഗിച്ചു മറ്റൊരാള്‍ക്കു പണമയയ്‌ക്കാവുന്ന സ്‌ഥിതിയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
എന്നാല്‍, പണം അയയ്‌ക്കുന്നതിനു കര്‍ശന നിബന്ധനകളുള്ള സ്‌ഥാപനങ്ങളുമുണ്ട്. സ്‌ഥിരം ഇടപാടുകാരനാണെങ്കിലും എല്ലാ തവണയും തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങി നോക്കുന്ന സ്‌ഥാപനങ്ങളുമുണ്ട്. മാത്രമല്ല, ഇവരുടെ സ്ലിപ്പില്‍ ഖത്തര്‍ ഐഡി നമ്പര്‍ പൂര്‍ണമായി രേഖപ്പെടുത്തിയിട്ടുമില്ല. അവസാന നമ്പര്‍ മാത്രമാണു സ്ലിപ്പിലുള്ളത്. ഇത്തരം സ്‌ഥാപനങ്ങളില്‍ മറ്റൊരാളുടെ പേരില്‍ പണം അയയ്‌ക്കാന്‍ കഴിയില്ല.
മറ്റൊരാളുടെ പണം സ്വന്തം തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് അയയ്‌ക്കുമ്പോള്‍ അതില്‍ നിയമപ്രശ്‌നങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു മനസ്സിലാക്കുക. പ്രത്യേകിച്ചും അപരിചിതരുടെ പണം ഒരിക്കലും സ്വന്തം അക്കൗണ്ടിലൂടെ അയച്ചുകൊടുക്കാതിരിക്കുക. അനധികൃതമായി സമ്പാദിച്ച പണം നാട്ടിലേക്ക് അയയ്‌ക്കാന്‍ ചിലര്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളിലൊന്നാണിത്. ഖത്തറിലെ സാധാരണ തൊഴിലാളിക്കു ലഭിക്കുന്ന പണത്തെക്കുറിച്ച് അധികൃതര്‍ക്കു കണക്കുണ്ട്. അതില്‍ കൂടുതല്‍ തുക നിങ്ങള്‍ അയച്ചുകൊടുക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ അതു വിശദീകരിക്കേണ്ടിവരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























