സൗദിയുടെ വിവിധ മേഖലകളിൽ ശക്തമായ മഴ, ജിദ്ദയില്‍ കനത്ത ഇടിയോട് കൂടിയ മഴയിൽ താഴ്ന്ന പല പ്രദേശങ്ങളും റോഡുകളും വെള്ളത്തിനടിയിൽ, നിരവധി വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി, വീടുകള്‍ക്കുള്ളിലേക്കും കച്ചവട കേന്ദ്രങ്ങളിലേക്കും വെള്ളം കയറി

സൗദിയുടെ വിവിധ മേഖലകളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ജിദ്ദയില്‍ കനത്ത ഇടിയോട് കൂടിയ മഴ പെയ്തു. വ്യാഴാഴ്ച രാവിലെ മുതലാണ് ജിദ്ദയില്‍ ശക്തമായ ഇടിയോട് കൂടി മഴ പെയ്തത്. രാവിലെ മുതല്‍ ആകാശം മൂടിക്കെട്ടുകയും ദൂരക്കാഴ്ച കുറയുകയും ചെയ്തിരുന്നു. രണ്ട് മണിക്കൂറിലധികം നീണ്ട മഴ താഴ്ന്ന പല പ്രദേശങ്ങളെയും റോഡുകളെയും വെള്ളത്തിനടിയിലാക്കി.
നിരവധി വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. വീടുകള്‍ക്കുള്ളിലേക്കും കച്ചവട കേന്ദ്രങ്ങളിലേക്കും വെള്ളം കയറി.മുന്‍കരുതലായി റോഡിലെ അണ്ടര്‍പാസ്വേകളില്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കാൻ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെങ്കിലും ചില അണ്ടര്‍പാസ്വേകള്‍ ട്രാഫിക്ക് വിഭാഗം അടച്ചു. ചില റോഡുകളില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിവിധ സ്ഥാപനങ്ങള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് ഇന്ന് അവധി നല്‍കിയിരിക്കുകയാണ്. താഴ്വരകള്‍ മുറിച്ചു കടക്കരുതെന്നും സിവില്‍ ഡിഫന്‍സ് നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. വെള്ളം കയറാന്‍ സാധ്യതയുള്ള റോഡുകളിലും സിഗ്നലുകള്‍ക്കടുത്തും സിവില്‍ ഡിഫന്‍സ് സംഘത്തെ വ്യന്യസിച്ചു.
മക്ക മേഖലയില്‍ ജിദ്ദയടക്കമുള്ള പട്ടണങ്ങളില്‍ വ്യാഴാഴ്ച മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പും സിവില്‍ ഡിഫന്‍സും ബുധനാഴ്ച വൈകീട്ട് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ വേണ്ട മുന്‍കരുതലുകള്‍ എടുത്തിരുന്നു. സിവില്‍ ഡിഫന്‍സ്, പൊലീസ്, മുനിസിപ്പാലിറ്റി എന്നീ വകുപ്പുകള്‍ ഏത് അടിയന്തിരഘട്ടവും നേരിടാനാവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ജിദ്ദ, റാബക്, ഖുലൈസ് എന്നിവിടങ്ങളിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് മുന്‍കൂട്ടി അവധി പ്രഖ്യാപിച്ചിരുന്നു.
ജനങ്ങളോട് ജാഗ്രത പുലര്‍ത്താനും വേണ്ട മുന്‍കരുതലെടുക്കാനും ആവശ്യപ്പെട്ടു. മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് വന്നതോടെ മുനിസിപ്പാലിറ്റിയും ആളുകളോട് ജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു. കാലാവസ്ഥ വകുപ്പ്, സിവില്‍ ഡിഫന്‍സ്, ദുരന്ത നിവാരണ കേന്ദ്രം
എന്നിവിടങ്ങളില്‍ നിന്നുള്ള മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും വൈദ്യുതി തൂണുകള്‍ക്കടുത്ത് നിന്ന് വിട്ട് നില്‍ക്കണമെന്നും വെള്ളക്കെട്ടില്‍ കുട്ടികളെ കളിക്കാന്‍ അനുവദിക്കരുതെന്നും വെള്ളക്കെട്ടുള്ള റോഡിന് പകരം ബദല്‍ റോഡുകള്‍ തെരഞ്ഞെടുക്കണമെന്നും ആളുകള്‍ക്ക് നിര്‍ദേശം നല്‍കി. ജിദ്ദയിലെ കാലാവസ്ഥ വ്യതിയാനം വ്യാഴാഴ്ച വൈകുന്നേരം വരെ തുടരുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
അതേസമയം, യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. ദുബൈ, ഷാര്‍ജ, അബുദാബി, അജ്‍മാന്‍, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളിലെല്ലാം ചൊവ്വാഴ്ച മഴ പെയ്‍തു. കാലാവസ്ഥാ മാറ്റത്തില്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha