നെതർലാൻഡ്സിൽ ഖുർആന്റെ പകർപ്പുകളുടെ പേജുകൾ വലിച്ചു കീറി നിലത്ത് എറിഞ്ഞു, ശക്തമായി അപലപിച്ച് യുഎഇ
ഇസ്ലാംമത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആൻ്റെ പകർപ്പുകൾ കത്തിക്കുകയും അവഹേളിക്കുകയും ചെയ്ത നടപടിൽ ഡെൻമാർക്കിനും സ്വീഡനുമെതിരെ അറബ് രാജ്യങ്ങൾ ശക്തമായ രീതിയിലാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ നെതർലൻഡ്‌സിൽ വിശുദ്ധ ഖുർആനിന്റെ പകർപ്പുകളുടെ പേജുകൾ വലിച്ചു കീറി നിലത്ത് എറിഞ്ഞിരിക്കുകയാണ്. മുസ്‌ലിം വിരുദ്ധ സംഘടനയായ പെഗിഡയുടെ നേതാവ് എഡ്വിൻ വാഗൻസ്വെൽഡ് ഖുർആനിനെ അപമാനിച്ചത്. ഈ നടപടിയെ ശക്തമായി അപലപിച്ച് യുഎഇ രംഗത്തെത്തിയിരിക്കുകയാണ്.
സെപ്റ്റംബർ 23 ശനിയാഴ്ചയാണ് സംഭവം. നെതർലാൻഡ്‌സിലെ ഹേഗിലെ തുർക്കി, പാകിസ്ഥാൻ, ഇന്തോനേഷ്യൻ എംബസികൾ വരുന്ന ഭാഗത്ത് വെച്ചാണ് എഡ്വിൻ വാഗൻസ്വെൽഡ് ഖുർആനിനെ കീറിയെറിയുകയും മുസ്‌ലിങ്ങളെ അപമാനിക്കുകയും ചെയ്തത്. പൊലീസിന്റെ സംരക്ഷണയിലായിരുന്നു നടപടി. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇതിന് പിന്നാലെയാണ് ഖുർആനിനെ അപമാനിച്ചതിൽ ശക്തമായി അപലപിച്ച് യുഎഇ എത്തിയിരിക്കുന്നത്.
സമാധാനത്തെയും സുരക്ഷയെയും പ്രതികൂലമായി ബാധിക്കുന്ന വിദ്വേഷ പ്രസംഗങ്ങൾ നിരീക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം വ്യക്തമാക്കി. ഇത്തരം ഹീനമായ പ്രവൃത്തികൾക്ക് ന്യായീകരണമായി ആവിഷ്‌കാര സ്വാതന്ത്ര്യം ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രാലയം അറിയിച്ചു. മാനുഷിക മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായി സുരക്ഷയും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ നടപടികളും യുഎഇ നിരസിക്കുന്നതായി മന്ത്രാലയം വ്യക്തമാക്കി.
ജനങ്ങൾക്കിടയിൽ സഹിഷ്ണുത, സഹവർത്തിത്വം, സമാധാനം എന്നിവയുടെ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് വിദ്വേഷ പ്രസംഗവും തീവ്രവാദവും വിരുദ്ധമാണെന്ന് മന്ത്രാലയം ആവർത്തിച്ചു. സംഭവത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. നിരന്തരമുണ്ടാവുന്ന വിദ്വേഷകരമായ ഇത്തരം പ്രവൃത്തികൾ ഒരു വിധത്തിലും അംഗീകരിക്കാൻ സാധിക്കില്ലെന്നും പൂർണമായും തള്ളിക്കളയുകയാണെന്നും അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. ഇത് വ്യക്തമായും വെറുപ്പും വിദ്വേഷവും വംശീയതയും പ്രേരിപ്പിക്കുന്നതാണ്.
ജനങ്ങളും രാജ്യങ്ങളും തമ്മിലുള്ള പരസ്പര ബഹുമാനത്തെ ഇത്തരം പ്രവൃത്തികൾ ദുർബലപ്പെടുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഖുർആന്റെ കോപ്പി വലിച്ചുകീറി അവഹേളിച്ചതിനെ ഒ.ഐ.സിയും മുസ്ലിം വേൾഡ് ലീഗും അപലപിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച്, മതവിദ്വേഷം സൃഷ്ടിക്കുന്ന ഇത്തരം പ്രകോപനപരമായ പ്രവൃത്തികളെ നേരിടാനും അവ ആവർത്തിക്കുന്നത് തടയാനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഒ.ഐ.സി ജനറൽ സെക്രട്ടേറിയറ്റ് നെതർലൻഡ്സ് അധികാരികളോട് ആവശ്യപ്പെട്ടു.
മുസ്ലിം വികാരങ്ങൾക്കെതിരെ ആവർത്തിച്ചുള്ള പ്രകോപനങ്ങളെ ശക്തമായി അപലപിക്കുകകയാണെന്നാണ് സംഭവത്തിൽ ഒമാൻ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചത്. സഹിഷ്ണുത, സഹവർത്തിത്വം, ബഹുമാനം എന്നിവയുടെ മൂല്യങ്ങൾ ഏകീകരിക്കുന്നതിനും തീവ്രവാദത്തിന്റെയും വിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുന്ന എല്ലാ പ്രവൃത്തികളും ക്രിമിനൽ കുറ്റമാക്കുന്നതിന് അന്താരാഷ്ട്രതലത്തിൽ യോജിച്ച ശ്രമങ്ങൾ ഉണ്ടാകണെമെന്നും ഒമാൻ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha