മസ്കത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ്, തീയതി പ്രഖ്യാപിച്ച് സലാം എയർ
പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് പറക്കാനുള്ള അവസരമാണ് ഒമാൻ്റെ ബജറ്റ് എയർലൈനായ സലാം എയർ ഒരുക്കുന്നത്. സർവീസുകൾ പുനരാരംഭിക്കുന്ന സലാം എയറിന്റെ തീരുമാനം പ്രവാസികൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. എന്നാൽ എന്നു മുതൽ സർവീസുകൾ ആരംഭിക്കുമെന്ന് വ്യക്തമാക്കിയിരിക്കുയാണ് കമ്പനി. സലാം എയറിന്റെ മസ്ക്കറ്റ്-തിരുവനന്തപുരം സർവീസുകൾ ജനുവരി മൂന്ന് മുതൽ തുടങ്ങും. ആഴ്ചയിൽ രണ്ട് സർവീസുകളായിരിക്കും ഉണ്ടായിരിക്കുക. വിമാന ടിക്കറ്റിനായുള്ള ബുക്കിങ് ആരംഭിച്ചു.
ബുധൻ, ഞായർ ദിവസങ്ങളിലാണ് മസ്കത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ്. രാത്രി 10.15ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 3.25ന് തിരുവനന്തപുരത്തെത്തും. 66.20 റിയാലാണ് ടിക്കറ്റ് നിരക്ക്. ഇത് വഴി ഏഴ് കിലോ ഹാൻഡ് ബാഗും 20 കിലോ ചെക്ക് ഇൻ ലഗേജും കൊണ്ടുപോകാൻ കഴിയും. ഏഴ് റിയാൽ അധികം നൽകിയാൽ ചെക്ക് ഇൻ ലഗേജ് 30 കിലോ ആക്കി ഉയർത്താനും സാധിക്കും.തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് തിരുവനന്തപുരത്ത് നിന്ന് മസ്കത്തിലേക്കുള്ള സർവീസ് ഉണ്ടാവുക. തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 4.10ന് പുറപ്പെടുന്ന വിമാനം രാവിലെ 6.30ന് മസ്കത്തിൽ എത്തും. 115.50റിയാലാണ് ടിക്കറ്റ് നിരക്ക്.
ഒമാന്റെ ബജറ്റ് എയര്‍ലൈനായ സലാം എയര്‍ ഇന്ത്യയിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. അഞ്ച് ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കോഴിക്കോട്, ഹൈദരാബാദ്, ജയ്പൂര്‍, ലഖ്‌നൗ എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്. ഒമാനിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പിന്തുണയും ഒമാന്‍ എയറുമായുള്ള സഹകരണവുമാണ് ഇന്ത്യന്‍ സെക്ടറിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സഹായിച്ചതെന്ന് സലാം എയര്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഒക്ടോബര്‍ ഒന്നു മുതലാണ് സലാം എയര്‍ ഈ സെക്ടറില്‍ സര്‍വീസുകള്‍ റദ്ദാക്കിയത്. യുഎഇയിലെ പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് പറക്കാനുള്ള അവസരമായിരുന്നു ഫുജൈറ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സലാം എയർ നടത്തിയിരുന്ന സർവീസ്. ഇത് പുനരാരംഭിക്കാത്തതിൽ യുഎഇയിലെ പ്രവാസികൾ നിരാശരാണ്.
അതേസമയം യുഎഇ വിമാനക്കമ്പനിയായ ഷാര്‍ജയുടെ ബജറ്റ് എയര്‍ലൈനായ എയര്‍ അറേബ്യ റാസല്‍ഖൈമയില്‍ നിന്ന് കേരളത്തിലേക്ക് പുതിയ സർവീസ് ആരംഭിച്ചിട്ടുണ്ട്. കോഴിക്കോടേക്കാണ് നേരിട്ടുള്ള സര്‍വീസ് ആരംഭിച്ചത്. ആഴ്ചയിൽ മൂന്ന് ദിവസമാണ് റാക്–കോഴിക്കോട് സർവീസ്. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് ഈ സെക്ടറില്‍ എയർ അറേബ്യ സർവീസ് നടത്തുക.
ഉച്ചക്ക് 2.55ന് റാസല്‍ഖൈമയില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 8.10ന് കോഴിക്കോട് എത്തും. രാത്രി 8.50ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന വിമാനം 11.25ന് റാസല്‍ഖൈമയിലത്തെും. എയര്‍ അറേബ്യയുടെ വെബ്‌സൈറ്റ് വഴിയോ കോള്‍ സെന്റര്‍, ട്രാവല്‍ ഏജന്‍സികള്‍ എന്നിവ മുഖേനയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
https://www.facebook.com/Malayalivartha