സ്കൂള്‍ പ്രവേശം: പ്രവാസി രക്ഷിതാക്കള്‍ ആശങ്കയില്‍

അടുത്ത അധ്യയന വര്‍ഷം വിദ്യാഭ്യാസരംഗത്ത് കര്‍ശനനിയമങ്ങള്‍ നടപ്പാക്കാന്‍ സുപ്രിം എജുക്കേഷന്‍ കൗണ്‍സില്‍ തീരുമാനമെടുത്ത പശ്ചാത്തലത്തില്‍ ആയിരക്കണക്കിന് രക്ഷിതാക്കള്‍ കുട്ടികളുടെ പഠനം പെരുവഴിയിലാകുമോയെന്ന ഭീതിയില്‍. ക്ളാസില്‍ കുട്ടികളുടെ എണ്ണം മുപ്പതില്‍ നിജപ്പെടുത്തണമെന്ന സുപ്രിം കൗണ്‍സില്‍ ഉത്തരവാണ് അടുത്ത അധ്യയനവര്‍ഷം മക്കളെ സ്കൂളില്‍ ചേര്‍ക്കാന്‍ കാത്തിരിക്കുന്ന രക്ഷിതാക്കള്‍ക്ക് കനത്ത ആഘാതമായിരിക്കുന്നത്.തീരുമാനം നടപ്പാക്കുമ്പോള്‍ മിക്ക സ്കൂളുകള്‍ക്കും പുതുതായി കുട്ടികളെ ചേര്‍ക്കാന്‍ കഴിയില്ല. അതിനാല്‍ മിക്ക സ്കൂളുകളും അദ്ധ്യയനവര്‍ഷാരംഭത്തിന് മുമ്പ് തന്നെ പ്രവേശനം നിര്‍ത്തിവെച്ചിരിക്കുകയാണ്. മുപ്പതില്‍ കൂടുതല്‍ കുട്ടികള്‍ വരികയാണെങ്കില്‍ പുതിയ കെട്ടിടം പണിത് ക്ളാസുകളടെ എണ്ണം വര്‍ധിപ്പിക്കാമെന്ന നിര്‍ദേശമാണ് സുപ്രിം കൗണ്‍സില്‍ വച്ചിരിക്കുന്നത്. എന്നാല്‍ ഇത് തങ്ങള്‍ക്ക് സ്വന്തം നിലയിലുള്ള ബാധ്യതയായാണ് സ്കൂളുകള്‍ കാണുന്നത്.
പുതിയ തീരുമാനം നടപ്പില്‍ വരുമ്പോള്‍ ഏറെ ബുദ്ധിമുട്ടിലാവുക ഇന്ത്യന്‍ രക്ഷിതാക്കളാണ്. രാജ്യത്ത് ഇപ്പോഴുള്ള പ്രവാസി വിദ്യാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഖത്തറില്‍ ജീവിക്കുന്നവരില്‍ അഞ്ച് ലക്ഷം പേര്‍ ഇന്ത്യന്‍ പ്രവാസികളാണ.് ഇതിലാകട്ടെ 30,000ത്തില്‍ പരം സ്കൂള്‍ പ്രായത്തിലുള്ള കുട്ടികളാണ്. രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പതിനൊന്നോളം ഇന്ത്യന്‍ സ്കൂളുകളെയാണ് ബഹു ഭൂരിപക്ഷവും പഠനത്തിനായി ആശ്രയിക്കുന്നത്. പലയിടങ്ങളിലായി കെ.ജി ക്ളാസുകളില്‍ പഠിക്കുന്ന ആയിരക്കണക്കിന് കുട്ടികളാണ് അടുത്ത അധ്യയന വര്‍ഷം ഒന്നാം ക്ളാസില്‍ ചേരാന്‍ കാത്തിരിക്കുന്നത്. എന്നാല്‍ പ്രധാനപ്പെട്ട സ്കൂളുകളെല്ലാം അഡ്മിഷന്‍ പൂര്‍ത്തിയായെന്ന ബോര്‍ഡ് ഇതിനകം തന്നെ പതിച്ചു കഴിഞ്ഞു. ഈ വര്‍ഷം കുടംബമായി വന്നവര്‍ നാട്ടില്‍ വിവിധ ക്ളാസുകളില്‍ പഠിച്ചിരുന്ന കുട്ടികളെ ചേര്‍ക്കാനുമിരിക്കുകയാണ്.
https://www.facebook.com/Malayalivartha