ദുബായിൽ നല്ല വെടിക്കെട്ട് മഴ ശക്തമായ കാറ്റ്, ആലിപ്പഴ വർഷം റോഡുകളിൽ വള്ളം കളി നടത്താം വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കുക കാലാവസ്ഥ അസ്ഥിരമായി തുടരുന്നു

കാലാവസ്ഥ അസ്ഥിരമായി തുടരുന്ന സാഹചര്യത്തിൽ ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി കനത്ത മഴയിൽ വാഹനമോടിക്കുന്നവർ അതീവ ശ്രദ്ധ പുലർത്താൻ നിർദ്ദേശം നൽകിയിരിക്കുകയാണ്. ലളിതമായ സുരക്ഷാ നടപടികള്‍ സ്വീകരിച്ച് സ്വയം സുരക്ഷിതരാകാനും അത് റോഡിലുള്ള മറ്റുള്ളവരെ സംരക്ഷിക്കാനും സഹായിക്കുമെന്നും ആർടിഎ ഓർമ്മിപ്പിച്ചു. യു.എ.ഇ.യിൽ ഞായറാഴ്ച മിക്കയിടങ്ങളിലും മഴ പെയ്തു
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി പറയുന്നത് പ്രകാരം, യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്നും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. റാസ് അൽ ഖൈമയുടെ വടക്കൻ പ്രദേശങ്ങളിലും അൽ റംസിലും ഇന്ന് അതിരാവിലെ ആലിപ്പഴം വർഷിച്ചിരുന്നു. ഇതിന്റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
റാസ് അൽ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും അൽ ഐനിന്റെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും രാത്രിയിൽ മഴ ലഭിച്ചു. ഇത് വടക്കൻ, കിഴക്കൻ മേഖലകളിൽ താപനില കുറച്ച് ഏറെ ആശ്വാസം നൽകുകയും ചെയ്‌തിട്ടുണ്ട്. ന്യൂനമർദ്ദത്തിൻ്റെ സ്വാധീനം കാരണമാണ് രാജ്യത്ത് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും തണുപ്പും അനുഭവപ്പെടുന്നത്. അസ്ഥിരകാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ എല്ലാവരും സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് റാസൽഖൈമ പോലീസ് പറഞ്ഞു. ബീച്ചുകളിലേക്ക് പോകരുതെന്നും അതിജാഗ്രതയോടെ വാഹനമോടിക്കണമെന്നും കർശനനിർദേശമുണ്ട്. ജലവിനോദപ്രവർത്തനങ്ങളിൽ ഏർപ്പെടരുത്. ദൃശ്യപരത കുറയാൻ സാധ്യതയുണ്ട്. അപകടങ്ങളൊഴിവാക്കാൻ സുരക്ഷാ മുന്നറിയിപ്പുകൾ അനുസരിക്കണം. ഡ്രൈവർമാർ വേഗംകുറയ്ക്കാനും മറ്റുവാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കാനും ശ്രദ്ധിക്കണമെന്നും അധികൃതർ പറഞ്ഞു
മാത്രമല്ല നിലവിലെ സാഹചര്യത്തിൽ ഈ മാറ്റം താപനില കുറയുന്നതിനും ഒറ്റപ്പെട്ട മഴയ്ക്കും കാരണമാകുന്നു. മഴയിൽ സുരക്ഷിതമായി വാഹനം ഓടിക്കാൻ ആർടിഎ ചില നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്: യാത്ര പുറപ്പെടുന്നതിന് മുൻപും, റോഡിൽ ഡ്രൈവ് ചെയ്യുമ്പോഴും, അപകടസാധ്യതയുള്ള സാഹചര്യങ്ങളിലും, പൊതുവായ ചില കാര്യങ്ങളിലും ശ്രദ്ധ നൽകേണ്ടതുണ്ട്.
യാത്ര പുറപ്പെടുന്നതിന് മുൻപ്: ബ്രേക്കുകൾ, ടയറുകൾ, ഹെഡ്‌ലൈറ്റുകൾ, വിൻഡ്‌ഷീൽഡ് വൈപ്പറുകൾ, വാഷർ ഫ്ലൂയിഡ് എന്നിവ കൃത്യമായി പരിശോധിക്കുകയും ഉറപ്പ് വരുത്തുകയും വേണം. ജനലുകളും കണ്ണാടികളും വൃത്തിയായി സൂക്ഷിക്കുക. മഴ ഗതാഗതത്തെ മന്ദഗതിയിലാക്കുന്നതിനാൽ യാത്രക്ക് കൂടുതൽ സമയം കണ്ടെത്തുക.
റോഡിൽ വാഹനം ഓടിക്കുമ്പോൾ: വേഗത കുറച്ച് മുന്നിലുള്ള വാഹനത്തിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുവാൻ ഡ്രൈവർമാർ എപ്പോഴും ശ്രദ്ധിക്കുക. നനഞ്ഞ റോഡുകളിൽ തെന്നി വീഴാൻ സാധ്യതയുള്ളതിനാൽ ഓവർടേക്ക് ചെയ്യരുത്. ട്രാഫിക് ചിഹ്നങ്ങൾ ശ്രദ്ധിച്ച് ട്രാഫിക് ലൈറ്റുകളിൽ പതിയെ വേഗത വർധിപ്പിക്കുക.
കാഴ്‌ച കുറഞ്ഞ സാഹചര്യങ്ങളിൽ ഹെഡ്‌ലൈറ്റും ഫോഗ് ലൈറ്റും ഉപയോഗിക്കുക; ഫോഗിൽ ഹൈ ബീം ഒഴിവാക്കുക. അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഹാർസാർഡ് ലൈറ്റുകൾ ഉപയോഗപ്പെടുത്തുക.
അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ വെള്ളം നിറഞ്ഞ തെരുവുകൾ ഒഴിവാക്കുക. വെള്ളത്തിന്റെ ആഴം കുറച്ചുകാണരുത്. എണ്ണയും വെള്ളവും കലർന്ന് വഴുവഴുപ്പായ കവലകളിൽ ഡ്രൈവ് ചെയ്യുമ്പോൾ അതീവ ശ്രദ്ധ പുലർത്തുക.
കൂടാതെ തുരങ്കങ്ങളിൽ വെളിച്ചം കുറവായതിനാൽ നിങ്ങളുടെ ട്രാക്കിൽ തന്നെ വാഹനം നിലനിർത്തുക. ആഴമുള്ള വെള്ളത്തിലൂടെ കടന്നുപോയ ശേഷം, കുറഞ്ഞ വേഗതയിൽ ബ്രേക്കുകൾ പരിശോധിച്ച് പ്രവർത്തനക്ഷമത ഉറപ്പാക്കുകയും വേണം. ഇല്ലെങ്കിൽ ഇത് പല തരത്തിലുള്ള അപകടങ്ങളാവും ക്ഷണിച്ചു വരുത്തുക.
ക്ഷമയോടെയും ശ്രദ്ധയോടെയും വാഹനമോടിക്കുക. റോഡിലോ ലെയിൻ അടയാളങ്ങൾക്ക് സമീപമോ വാഹനം നിർത്തുന്നത് ഒഴിവാക്കുക. അടിയന്തര സൂചനകൾ ശ്രദ്ധിച്ച് ഡ്രൈവിങ്ങിൽ മാറ്റങ്ങൾ വരുത്തുക എന്നിങ്ങനെയാണ് ദുബായ് ആർടിഎ എമിറേറ്റിലെ താമസക്കാർക്ക് നൽകിയ മുന്നറിയിപ്പുകൾ
https://www.facebook.com/Malayalivartha






















