ഇന്ത്യയിലെ മികച്ച നിക്ഷേപകരായി യു.എ.ഇ എത്തും: ടി.പി സീതാറാം

യു.എ.ഇ. യെ സംബന്ധിച്ചിടത്തോളം നിക്ഷേപസാധ്യതകളുള്ള ഏറ്റവും അനുയോജ്യമായ പ്രദേശമായി ഇന്ത്യ തെരഞ്ഞെടുക്കപ്പെടുമെന്ന് യു.എ.ഇ.യിലെ ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം പ്രസ്താവിച്ചു. ഇന്ത്യയും യു.എ.ഇ.യും തമ്മില്‍ ഇപ്പോള്‍ മികച്ച വ്യാപാരബന്ധമാണുള്ളത്. അടുത്ത മൂന്ന് വര്‍ഷത്തിനകം ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകരായി യു.എ.ഇ. മാറുമെന്നും അദ്ദഹം പറഞ്ഞു.
പുതുതായി ചുമതലയേറ്റ ഇന്ത്യന്‍ അംബാസഡര്‍ക്കും പുതിയ കോണ്‍സല്‍ ജനറല്‍ അനുരാഗ് ഭൂഷണും ഇന്ത്യാ ബിസിനസ്സ് പ്രൊമോഷന്‍ കൗണ്‍സില്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് സംസാരിക്കുകയായിരുന്നു ടി.പി. സീതാറാം. ലോകത്ത് ഏറ്റവും വേഗത്തില്‍ വളര്‍ച്ച രേഖപ്പെടുത്തുന്ന രാജ്യങ്ങളില്‍ മൂന്നാംസ്ഥാനത്താണ് ഇന്ത്യ. ഒന്നാംസ്ഥാനത്തുള്ള ചൈനയുമായി ഇന്ത്യയെ താരതമ്യം ചെയ്യാനാവില്ല. ഇരു രാജ്യങ്ങളിലും നിലനില്‍ക്കുന്ന വ്യവസ്ഥകള്‍ വ്യത്യസ്തമാണ്.
ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള ബന്ധങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇപ്പോള്‍ യു.എ.ഇ. നിക്ഷേപം നടത്താന്‍ നല്ല പ്രദേശങ്ങള്‍ തിരയുകയാണ്. അതിന് പറ്റിയ പ്രദേശങ്ങള്‍ അവരെ സംബന്ധിച്ചിടത്തോളം വളരെ കുറവാണ്. നേരത്തേ തെറ്റായ പങ്കാളികള്‍ കാരണം യു.എ.ഇ.യുടെ നിക്ഷേപങ്ങള്‍ പരാജയപ്പെട്ടു പോയിട്ടുണ്ട്. ഇനി അത്തരം അവസ്ഥ ഉണ്ടാവില്ല. പരസ്പരം അറിയുന്ന രാജ്യങ്ങളാണ് രണ്ടും. ഇപ്പോള്‍ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് എത്തുന്ന ഇന്ത്യക്കാരുടെ എണ്ണം അത്രയേറെ വലുതാണ്. ഇന്ത്യയുടെ വിപണി ഏത്രയും വലുതാണ് എന്ന് യു.എ.ഇ. തിരിച്ചറിഞ്ഞിട്ടുണ്ട്. ആ സാഹചര്യത്തില്‍ യു.എ.ഇ.യിലെ നിക്ഷേപകരെ നല്ല രീതിയില്‍ കാര്യങ്ങള്‍ മനസ്സിലാക്കിക്കാന്‍ യു.എ.ഇ.യിലെ ഇന്ത്യന്‍ ബിസിനസ്സ് സമൂഹത്തിന് കഴിയണം. ശരിയായ പങ്കാളികളിലൂടെയും പദ്ധതികളിലൂടെയും നമ്മുടെ രാജ്യത്തേക്ക് യു.എ.ഇ.യുടെ നിക്ഷേപം കൊണ്ടുവരാന്‍ എല്ലാവരും ശ്രമിക്കണമെന്നും അംബാസഡര്‍ ഓര്‍മിപ്പിച്ചു.
ഏറ്റവും ഒടുവില്‍ കേന്ദ്രമന്ത്രി ഫാറൂഖ് അബ്ദുള്ളയുമായി നടത്തിയ ചര്‍ച്ചകളില്‍ ഇന്ത്യയില്‍ ഊര്‍ജരംഗത്ത് നിക്ഷേപം നടത്താന്‍ യു.എ.ഇ. കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. 2027-ല്‍ 10,000 മെഗാവാട്ട് ഊര്‍ജം ഉത്പാദിപ്പിക്കാനാവുന്ന നിക്ഷേപപദ്ധതിയും തയ്യാറാവുന്നതായി അംബാസഡര്‍ വെളിപ്പെടുത്തി.
ഇന്ത്യയുടെ മികച്ച സുഹൃത്തും വ്യാപാര പങ്കാളിയുമായി യു.എ.ഇ.യെ മാറ്റാന്‍ കഴിയുന്ന വിധത്തില്‍ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം സുദൃഢമാക്കാന്‍ യത്‌നിക്കുമെന്ന് കോണ്‍സല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ പറഞ്ഞു.
https://www.facebook.com/Malayalivartha