ദേശസ്‌നേഹം ഉണര്‍ത്തി റിപ്പബ്ലിക് ദിനം ആഘോഷിച്ചു.

രാജ്യമെങ്ങുമുള്ള ഇന്ത്യന്‍ സമൂഹം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. നയതന്ത്രകാര്യാലയങ്ങളിലും സ്‌കൂളുകളിലും വിവിധ സംഘടനാ ആസ്ഥാനങ്ങളിലും ആഘോഷപരിപാടികള്‍ അരങ്ങേറി.
അബുദാബി ഇന്ത്യന്‍ എംബസ്സിയില്‍ അംബാസഡര്‍ ടി.പി. സീതാറാം പതാകയുയര്‍ത്തി. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള നൂറുകണക്കിന് ഇന്ത്യക്കാര്‍ എംബസി അങ്കണത്തില്‍ ആഘോഷത്തിനായി തടിച്ചുകൂടിയിരുന്നു.
വര്‍ണാഭമായ പരിപാടികളോടെയാണ് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തിലുള്ള ആഘോഷപരിപാടികള്‍ അരങ്ങേറിയത്. ഇന്ത്യന്‍ ഹൈസ്‌കൂളില്‍ വിദ്യാര്‍ഥികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികളും മാര്‍ച്ച് പാസ്റ്റും ആഘോഷത്തിന് മാറ്റു കൂട്ടി. കോണ്‍സുലേറ്റില്‍ കോണ്‍സല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ പതാകയുയര്‍ത്തി. തുടര്‍ന്ന് ഇന്ത്യന്‍ ഹൈസ്‌കൂളില്‍ നടന്ന ചടങ്ങിലും കോണ്‍സല്‍ ജനറല്‍ പതാകയുയര്‍ത്തി. തുടര്‍ന്ന് പ്രസിഡന്‍റിന്റെ റിപ്പബ്ലിക് ദിന സന്ദേശം ചടങ്ങില്‍ വായിച്ചു. ഇന്ത്യന്‍ ഹൈസ്‌കൂള്‍ ചെയര്‍മാന്‍ എല്‍.എം പഞ്ചോളിയ സ്വാഗതം പറഞ്ഞു.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ റിപ്പബ്ലിക് ദിനത്തില്‍ പതാകയുയര്‍ത്തല്‍ ചടങ്ങ് നടന്നു. ലേബര്‍ വൈസ് കോണ്‍സല്‍ പി. മോഹന്‍ ആണ് പതാകയുയര്‍ത്തിയത്. അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. വൈ.എ. റഹീം, ജനറല്‍ സെക്രട്ടറി കെ. ബാലകൃഷ്ണന്‍, മറ്റു ഭാരവാഹികളായ മാത്യു ജോണ്‍, ജോയന്‍റ് ജനറല്‍ സെക്രട്ടറി അഡ്വ. അജി കുര്യാക്കോസ്, ട്രഷറര്‍ എ.എം. അമീര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. അസോസിയേഷന്റെ നേൃത്വത്തിലുള്ള റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ശനിയാഴ്ച നടന്നിരുന്നു.
ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് അഡ്വ. വൈ.എ. റഹീം പതാകയുയര്‍ത്തി. പ്രിന്‍സിപ്പല്‍ കെ.ആര്‍. രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ മുഹമ്മദ് അമീന്‍, അഡ്വ. അബ്ദുല്‍ കരീം, ഹെഡ് മാസ്റ്റര്‍ ജോര്‍ജ് വര്‍ഗീസ്, ഹെഡ് മിസ്ട്രസ് അസ്‌റ ഹുസ്സൈന്‍, മുനീര്‍ അരീക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി. കായികമത്സരത്തില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്കുള്ള മെഡലുകളും ട്രോഫികളും ചടങ്ങില്‍ വിതരണം ചെയ്തു.
ദുബായ് കെ.എം.സി.സി.യുടെ അല്‍ ബറാഹ ആസ്ഥാനത്ത് നടന്ന റിപ്പബ്ലിക് ദിനാഘോഷം കോണ്‍സുലര്‍ ഡോ. ടി. ടിജു ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് പി.കെ. അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു. 'ഇന്ത്യ ലോക ജനാധിപത്യത്തിന് മാതൃക' എന്ന വിഷയത്തില്‍ പി.പി. ശശീന്ദ്രന്‍, ഷാബു കിളിത്തട്ടില്‍, ബഷീര്‍ ഹുദവി, ഇസ്മായില്‍ ഏറാമല, ഖാദര്‍കുട്ടി നടുവണ്ണൂര്‍, ആസാദ് വണ്ടൂര്‍, അഡ്വ.സബീല്‍ ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു.
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി ദേശഭക്തിഗാന, പ്രസംഗ മത്സരങ്ങള്‍ അരങ്ങേറി. ആര്‍. നൗഷാദ്, മുഹമ്മദ് വെട്ടുകാട്, നാസര്‍ കുറ്റിച്ചിറ, ബീരാവുണ്ണി തൃത്താല, മുസ്തഫ, ഹനീഫ് ചെര്‍ക്കള, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ഹനീഫ് കല്‍മാട്ട സംസാരിച്ചു. ഫുജൈറ ഖല്‍ബ ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ ക്ലബിലും റിപ്പബ്ലിക് ദിനാഘോഷം നടന്നു. സമൂഹത്തിന്റെ വിവിധ തുറയില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha