ഖത്തര്‍ ലോജിസ്റ്റിക്‌സിന്റെ വെയര്‍ഹൗസ് തീപിടിച്ചു

ദോഹയിലെ ഇന്‍ഡസ്‌ട്രിയല്‍ ഏരിയ സ്‌ട്രീറ്റ് നമ്പര്‍ 24 ലെ ഖത്തര്‍ ലോജിസ്റ്റിക്‌സിന്റെ വെയര്‍ഹൗസിലിലാണ് ഞായറാഴ്‌ച പുലര്‍ച്ചയോടെ വന്‍ തീപിടുത്തമുണ്ടായത്. ഇതില്‍ കോടികളുടെ നഷ്‌ടമുണ്ടായി. ഇലക്‌ട്രോണിക്‌സ് ഉല്‌പന്നങ്ങള്‍ ടണ്‍ കണക്കിന് സൂക്ഷിച്ചിരുന്ന ഗോഡൗണാണ് തീപിടിച്ചത്. സുരക്ഷാ ജീവനക്കാരാണ് രാവിലെ തീ പടരുന്നത് കണ്ടത്. അഗ്നിശമനസേനയുടെ നിരവധി വാഹനങ്ങള്‍ ഉടന്‍ സ്ഥലത്തെത്തിയെങ്കിലും തീയണക്കാന്‍ മണിക്കൂറോളം സമയമെടുത്തു. തീപിടുത്തത്തെതുടര്‍ന്നുണ്ടായ പുക ഇന്‍ഡസ്‌ട്രിയല്‍ ഏരിയ മുഴുവന്‍ വ്യാപിച്ചു. ആകാശത്തുമുഴുവന്‍ പുക നിറഞ്ഞത് കിലോമീറ്ററോളം ദൂരത്തു നിന്നും കാണാനാവുമായിരുന്നു. ഇടയ്‌ക്കിടെ പൊട്ടിത്തെറിക്കുന്ന ശബ്‌ദങ്ങളും കേള്‍ക്കാമായിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഏതായാലും ആളപായമൊന്നുമില്ലെന്ന വിവരം ആഭ്യന്തരമന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചിട്ടുണ്ട്. ദോഹയിലെ വിവിധ ഇലക്‌ട്രോണിക് സ്ഥാപനങ്ങളിലേക്ക് എത്തിക്കേണ്ട ടി.വി, എ.സി, ഫ്രിഡ്‌ജ്, വാഷിങ് മെഷീന്‍ എല്ലാ ഇലക്‌ട്രിക് ഉപകരണങ്ങളും മറ്റും സാധനങ്ങളും കത്തിയമര്‍ന്നു. കാര്‍ഗോ സാധനങ്ങള്‍ സൂക്ഷിക്കുന്നതടക്കം 1800 സ്‌ക്വയര്‍ വീതമുള്ള നാലെണ്ണവും വേറെ വലിയ ഒരു വെയര്‍ ഹൗസുമാണിവിടെ ഉള്ളത്. ഇവിടെ ഓയില്‍, കെമിക്കല്‍ തുടങ്ങിയ ഉല്‌പന്നങ്ങള്‍ സൂക്ഷിച്ചിരുന്നതാവാം തീപിടുത്തത്തിനുകാരണമെന്ന് അനുമാനിക്കുന്നു. കാര്‍ഗോ ഉല്‌പന്നങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തമായിട്ടറിയാന്‍ സാധിക്കുന്നില്ല. എന്നിരുന്നാലും കോടിക്കണക്കിന് റിയാലിന്റെ നഷ്‌ടമാണുണ്ടായിരിക്കുന്നത്.
സംഭവമറിഞ്ഞുടന്‍ തന്നെ സിവില്‍ ഡിഫന്‍സും വിവിധ പോലീസ് സേനാംഗങ്ങളും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചു. വെയര്‍ഹൗസിന് സമീപത്തായി ആയിരക്കണക്കിന് തൊഴിലാളികള്‍ താമസിക്കുന്നുണ്ടായിരുന്നു. മുമ്പ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ വെയര്‍ഹൗസ് കത്തിയതിനു ശേഷം ഖത്തറില്‍ ഇങ്ങനെയൊരു വന്‍ തീപിടുത്തം ആദ്യമായാണ് ഉണ്ടാകുന്നത്.
https://www.facebook.com/Malayalivartha