20 വര്‍ഷമായി രണ്ടു മലയാളികള്‍ മോഷണക്കുറ്റം ആരോപിക്കപ്പെട്ട് ഒമാന്‍ ജയിലില്‍

മോഷണക്കുറ്റം ആരോപിക്കപ്പെട്ട് ഒമാനില്‍ പിടിയിലായ രണ്ടു മലയാളികള്‍ ഇരുപതു വര്‍ഷമായി ജയിലില്‍ കഴിയുകയാണ്. ആലപ്പുഴ സ്വദേശി സന്തോഷ് കുമാര്‍, നിലമേല്‍ സ്വദേശി ഷാജഹാന്‍ എന്നിവരാണ് സമൈല്‍ സെന്‍ട്രല്‍ ജയിലില്‍ മോചനം ലഭിക്കാതെ കഴിയുന്നത്. ഇവര്‍ ജോലി ചെയ്തിരുന്ന സ്ഥാപത്തില്‍നിന്ന് വാങ്ങിയ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പാക്കിസ്ഥാനികളായ മോഷ്ടാക്കള്‍ കച്ചവടകേന്ദ്രം കൊള്ളയടിച്ചിരുന്നു. ഇതിലെ സംശയത്തിന്റെ പേരിലാണ് മലയാളികള്‍ അറസ്റ്റ് ചെയ്യപ്പെട്ടത്.
ഒമാനിലെ ഒരു മാളില്‍ അടുത്തടുത്ത കടകളില്‍ ജോലിക്കാരായിരുന്നു സന്തോഷും ഷാജഹാനും. 1997 ഒക്ടോബര്‍ മൂന്നിന് പാക്കിസ്ഥാനികളായ ചിലര്‍വന്ന് കടയില്‍നിന്ന് ഗ്യാസ് കട്ടര്‍ വാങ്ങി. അന്നുരാത്രി സമീപത്തെ കച്ചവട കേന്ദ്രത്തില്‍ രണ്ടു കാവല്‍ക്കാരെ കൊന്നശേഷം വലിയ മോഷണവും നടന്നു. മോഷ്ടാക്കള്‍ ഉപയോഗിച്ച ഗ്യാസ് കട്ടറിന്റെ ഉറവിടം തേടിയെത്തിയ പൊലീസ് ഷാജഹാനെയും സന്തോഷിനെയും പിടികൂടുകയായിരുന്നു. പാക്കിസ്ഥാനികളായ കുറ്റവാളികളും പിടിയിലായിരുന്നു. ഇവരെ വധശിക്ഷക്ക് വിധിച്ചു. മോഷണത്തില്‍ പങ്കുണ്ടെന്ന കുറ്റത്തിന് സന്തോഷിനും ഷാജഹാനും ജീവപര്യന്തം തടവ് ശിക്ഷയായി ലഭിക്കുകയും ചെയ്തു.
ചെയ്യാത്തകുറ്റത്തിന് തടവിലായ ഇവരെ പുറത്തിറക്കാന്‍ കുടുംബം മുട്ടാത്ത വാതിലുകളില്ല. ഇവരുടെ മോചനത്തിനായി പുന്നപ്ര സ്വദേശി ഹബീബ് റഹ്മാന്‍ ഒമാനില്‍ പരിശ്രമിക്കുന്നുണ്ട്. സമൈല്‍ ജയിലിലെത്തി ഹബീബ് സന്തോഷിനെ കണ്ടിരുന്നു. ഒമാനിലെ സന്നദ്ധ സംഘടനാ ഭാരവാഹികളെ ഹബീബ് സമീപിച്ചെങ്കിലും ആരും വിഷയത്തില്‍ ഇടപെട്ടിട്ടില്ല. ശിക്ഷാ കാലാവധി അവസാനിച്ചിട്ടും ഇവരെ ജയിലില്‍നിന്ന് മോചിപ്പിച്ചിട്ടില്ല.
https://www.facebook.com/Malayalivartha