ഉരുകിയ ടാറില്‍ മുങ്ങിപ്പോയ നായ്ക്കുട്ടികളെ രക്ഷിച്ചു

മൂവാറ്റുപുഴയില്‍ ഉരുകിയൊലിച്ചു കിടന്ന ടാറില്‍ മുങ്ങി ജീവനോടു മല്ലടിച്ചു കഴിഞ്ഞ 4 നായ്ക്കുട്ടികളെ മാര്‍ച്ച് 30-നാണ് മൃഗസംരക്ഷണ സംഘടനയായ ദയ പ്രവര്‍ത്തകര്‍ പട്ടിമറ്റത്തു നിന്ന് കണ്ടെടുത്തത്. കുന്നത്തുനാട് പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ പിടിച്ചിട്ട വാഹനങ്ങളിലൊന്നിന്റെ അടിയിലാണ് 4 നായ്ക്കുട്ടികളെ കണ്ടെത്തിയത്.
ടാറില്‍ മുങ്ങിയ നിലയില്‍ ഇവ ജീവനോട് മല്ലടിച്ചു കൊണ്ടിരിക്കുന്ന കാര്യം ശ്രദ്ധയില്‍ പെട്ടതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ ദയ പ്രവര്‍ത്തകരെ വിവരം അറിയിച്ചു. തുടര്‍ന്നാണ് അമ്പിളി പുരയ്ക്കല്‍, രമേഷ് പുളിക്കന്‍ എന്നീ ദയാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവയെ ടാറില്‍ നിന്നു പുറത്തെടുത്തത്.
മൂവാറ്റുപുഴയിലെത്തിച്ച് നായ്ക്കുട്ടികള്‍ക്ക് ആവശ്യമായ മരുന്നു നല്‍കി. ഇവയുടെ ദേഹത്തു നിന്ന് ടാര്‍ മുഴുവനായി നീക്കാന്‍ ദിവസങ്ങള്‍ വേണ്ടി വന്നു. ടാര്‍ ദേഹത്തുണ്ടാക്കിയ പൊള്ളലും മുറിവും പൂര്‍ണമായി മാറാന്‍ 20 ദിവസമെടുത്തു. പൂര്‍ണ ആരോഗ്യവതികളായതോടെ നായ്ക്കുട്ടികളെ തിരിച്ച് പട്ടിമറ്റത്ത് നായ്ക്കുട്ടികളുടെ അമ്മയുടെ അടുത്തേക്ക് ദയ പ്രവര്‍ത്തകര്‍ തിരിച്ചെത്തിക്കുകയായിരുന്നു.
ടാര്‍ ദേഹം മുഴുവന്‍ വീണതിന്റെ പൊള്ളുന്ന വേദനയില്‍ നിന്നും വെന്തുരുകിയ ശരീരത്തിന്റെ വൈകൃതങ്ങളില്‍ നിന്നും നാലുപേരും രക്ഷപ്പെട്ടു. സുന്ദരിമാരായി അവര്‍ നാലുപേരും അമ്മയുടെ അടുത്ത് തിരിച്ചെത്തിയതിന്റെ ആഹ്ലാദപ്രകടനം ഒന്നു കാണേണ്ടതു തന്നെയായിരുന്നു!
https://www.facebook.com/Malayalivartha