മിസോറം സ്വദേശി ലാല്‍ലിന്‍സാങിന് നാഗാലാന്‍ഡുകാരി ഭാര്യയുമൊത്ത് ഇനി കുടുംബത്ത് ചെല്ലാം, കോവിഡ് കാലം ഉറ്റവരുടെ പിണക്കം തീര്‍ത്തു!

ഈ ദുരിതകാലത്ത് കൊറോണയ്ക്ക് നന്ദി പറയുന്ന ഒരാളെങ്കിലും ഈ ലോകത്തുണ്ട്! അത് മിസോറം സ്വദേശി ലാല്‍ലിന്‍സാങ് ആണ്. സാങ്ങിന്റെ വിവാഹത്തെ തുടര്‍ന്ന് പിണക്കത്തിലായ സാങ്ങിന്റെ മാതാപിതാക്കളും സഹോദരങ്ങളും, രാജ്യമെങ്ങും കോവിഡ് ഭീതിയിലായതോടെ പിണക്കം മറന്ന് കേരളത്തിലുണ്ടായിരുന്ന സാങ്ങിനെ വിളിക്കുകയും തിരികെ നാട്ടിലെത്താന്‍ അഭ്യര്‍ഥിക്കുകയും ചെയ്തതാണു സന്തോഷത്തിനു കാരണം.
സാങിന്റെ ഭാര്യ ലമ്യകൊണ്യാക് നാഗാലാന്‍ഡ് സ്വദേശിയാണ്. ഇവരുടെ നാട്ടില്‍ ഇങ്ങനെ ഒരു വിവാഹബന്ധം അംഗീകരിക്കില്ല. സാങ്ങിന്റെ ബന്ധുക്കള്‍ വേണ്ടവിധം സഹകരിക്കാത്തതും ഇതര സംസ്ഥാനക്കാരിയോടുള്ള അവഗണനയുമാണ് ഇവരെ കേരളത്തിലേക്കു വരാന്‍ പ്രേരിപ്പിച്ചത്. മുന്‍പ് കേരളത്തിലെത്തി ജോലി ചെയ്തു പരിചയമുണ്ടായിരുന്ന സാങ് പത്തനംതിട്ടയിലെ ഒരു ഹോട്ടലില്‍ ജോലി ഉറപ്പാക്കിയാണ് എത്തിയത്. പക്ഷേ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ലോക്ഡൗണായതോടെ ജോലിയില്ലാതെ ഇവര്‍ ദുരിതത്തിലായി.
ഇവരുടെ മകന്‍ ഒന്നര വയസ്സുകാരന്‍ ക്ലാവിസിന്റെ വിശപ്പിനും, കരച്ചിലിനും മുന്‍പില്‍ ഭാഷയും അഭിമാനവുമെല്ലാം മറന്ന് ലമ്യ ഭക്ഷണ സഹായം തേടി പൊലീസ് ക്യാംപിലെത്തിയതോടെയാണ് ഇവരുടെ ദുരിത കഥ പുറംലോകമറിഞ്ഞത്.
ഭാര്യയുടെയും മകന്റെയും സുരക്ഷിതത്വം ഉറപ്പാക്കാനാവാതെയും, വ്യത്യസ്തമായ ആഹാര ശൈലി നിലനിര്‍ത്താനാകാതെയും പ്രതിസന്ധിയിലായ സാങ് തങ്ങളെ സഹായിക്കാനെത്തിയ അടൂര്‍ മഹാത്മാ ജനസേവനകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ലയോടും സെക്രട്ടറി പ്രീഷില്‍ഡയോടും തങ്ങളുടെ അവസ്ഥ പറഞ്ഞു. ഇതിനെ തുടര്‍ന്നു മഹാത്മാ ജനസേവനകേന്ദ്രം കൊടുമണ്‍ യൂണിറ്റില്‍ ഇവര്‍ക്ക് ആവശ്യമായ താമസ സൗകര്യവും ഭക്ഷണ സൗകര്യവും ഏര്‍പ്പെടുത്തി നല്‍കി.
രാജ്യമെങ്ങും കോവിഡ് ഭീതിയിലായതോടെ സാങ്ങിന്റെ മാതാപിതാക്കളും സഹോദരങ്ങളും മിസോറം ചീഫ് സെക്രട്ടറിയെ കണ്ട് ഇവരെ തിരിച്ചെത്തിക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. വീട്ടുകാര്‍ ലാല്‍ലിന്‍സാങിനെ വിളിച്ച് തിരിച്ചെത്താന്‍ അഭ്യര്‍ഥിച്ചു. തുടര്‍ന്ന് സാങ്ങിന്റെയും ബന്ധുക്കളുടെയും അഭ്യര്‍ഥന പരിഗണിച്ച് മിസോറം ചീഫ് സെക്രട്ടറി കേരള ചീഫ് സെക്രട്ടറിയുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ജില്ലാ കലക്ടര്‍ ഇവര്‍ക്കു യാത്രാ അനുമതിയും ക്രമീകരണങ്ങളും ചെയ്യുകയുമായിരുന്നു.
അടൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വാഹനം ക്രമീകരിച്ചത് അടൂര്‍ തഹസില്‍ദാര്‍ ബീന എസ്.ഹനീഫ് ആണ്. മെഡിക്കല്‍ കിറ്റും നല്‍കി. ഇവരുടെ അടിയന്തര ചെലവുകള്‍ക്കായി മഹാത്മാ ജനസേവനകേന്ദ്രം പ്രവര്‍ത്തകര്‍ സമാഹരിച്ച തുക സെക്രട്ടറി പ്രീഷില്‍ഡ ലമ്യക്ക് കൈമാറി. മിസോറം കേരള അസോസിയേഷന്‍ ഇവരുടെ ട്രെയിന്‍ ടിക്കറ്റ് എടുത്ത് നല്‍കി.
സ്വന്തം നാട് അംഗീകരിക്കാതെ പോയ തങ്ങളെ സഹോദരങ്ങളേപ്പോലെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്ത നാടിനു നിറഞ്ഞ കണ്ണുകളോടെ നന്ദി പറഞ്ഞാണ് ലമ്യയും സാങ്ങും മടങ്ങിയത്.
https://www.facebook.com/Malayalivartha