44-ാം വയസ്സില്‍ ആന്റണിക്ക് കല്യാണമോഹം; വധുവിനെ തിരഞ്ഞ് കണ്ടെത്തിയത് ഉമ്മന്‍ ചാണ്ടി!
നിയമസഭാ സാമാജികനെന്ന നിലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഉമ്മന്‍ചാണ്ടിയെ അനുമോദിക്കുന്നതിനായി ഇന്ദിരാ ഭവനില്‍ ഒരുക്കിയ വേദിയില്‍ ആശംസകളും പൊട്ടിച്ചിരികളും നിറഞ്ഞുതുളുമ്പി.
എഐസിസി ജനറല്‍ സെക്രട്ടറിയായി ഡല്‍ഹിയില്‍ പോയപ്പോള്‍ 44 വയസ്സായ അവിവാഹിതനായ തനിക്ക് ഏകാന്തത അനുഭവപ്പെട്ടുവെന്നും അതോടെയാണു കല്യാണം കഴിക്കാന്‍ തീരുമാനിച്ചതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. വിവാഹം കഴിക്കാന്‍ തീരുമാനിച്ച വിവരം ഉമ്മന്‍ ചാണ്ടിയെ കയ്യോടെ അറിയിച്ചതായി ആന്റണി പറഞ്ഞു. വധുവിനെ കണ്ടെത്താനുള്ള ജോലിയും ഉമ്മന്‍ ചാണ്ടിക്കു നല്കി.
വിഡിയോ കോണ്‍ഫറന്‍സിലൂടെ ആന്റണി സ്വന്തം കല്യാണക്കഥ പറഞ്ഞപ്പോള്‍, കണ്ടിരുന്ന ഉമ്മന്‍ചാണ്ടിക്കു ചിരി. ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ കനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു. അവര്‍ ആന്റണിക്കായി തന്റെ സഹപ്രവര്‍ത്തകയായ എലിസബത്തിനെ കണ്ടെത്തി.
താലി കെട്ടുന്നതിനു പകരം റജിസ്റ്റര്‍ ചെയ്യണമെന്നായി ആന്റണിയുടെ വ്യവസ്ഥ. ഉമ്മന്‍ ചാണ്ടി അതിനും പരിഹാരം കണ്ടെത്തി. ഉമ്മന്‍ ചാണ്ടിയുടെ വീട്ടില്‍വച്ചു റജിസ്ട്രാറുടെ സാന്നിധ്യത്തില്‍ വിവാഹം. താലിച്ചരട് കെട്ടാന്‍ രണ്ടു തവണ നോക്കിയിട്ടും നടന്നില്ല. തുടര്‍ന്നു താനും സഹോദരിയും കൂടിയാണ് കെട്ടിയതെന്ന് ആന്റണി പറഞ്ഞു.
പാര്‍ട്ടിയും ജനങ്ങളും ദൈവാനുഗ്രഹവുമാണു തന്നെ ഈ നിലയില്‍ എത്തിച്ചതെന്നു ഉമ്മന്‍ ചാണ്ടി മറുപടി പ്രസംഗത്തില്‍ പറഞ്ഞു. സമ്മേളനത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, വി.എം. സുധീരന്, എം.എം.ഹസന്, കെ.സുധാകരന് എംപി തുടങ്ങിയവര്‍ പ്രസംഗിച്ചു.
https://www.facebook.com/Malayalivartha