ഇന്ത്യന്‍ വ്യോമസേന ഒരുങ്ങുകയാണ്; റഫാല്‍ യുദ്ധവിമാനത്തില്‍നിന്നു തൊടുക്കുന്ന ദീര്‍ഘദൂര ക്രൂയിസ് മിസൈലുകളുടെ പ്രഹരശേഷി വര്‍ധിപ്പിച്ചു; ചൈനക്കും പാകിസ്ഥാനും കരുതി ഇരിക്കാം; റഡാറുകളുടെ കണ്ണുവെട്ടിച്ച് മിസൈലുകള്‍ പാഞ്ഞെത്തും
ഇന്ത്യ വ്യോമസേനയുടെ ഭാഗമായ റഫാല്‍ യുദ്ധവിമനങ്ങള്‍ അവയുടെ മുഖം മിനുക്കുകയാണ്. ചൈന, പാക് അതിര്‍ത്തികളില്‍ സംഘര്‍ഷ ഭരിതമായ അന്തരീക്ഷം തുടരുന്ന സാഹചര്യത്തില്‍ ഈ തയ്യറെടുപ്പ് പാകിസ്ഥാന്, ചൈനീസ് ഭരണകൂടങ്ങളുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. റഫാല്‍ യുദ്ധവിമാനത്തില്‍നിന്നു തൊടുക്കുന്ന ദീര്‍ഘദൂര ക്രൂയിസ് മിസൈലുകളുടെ പ്രഹരശേഷി ഇന്ത്യന്‍ വ്യോമസേന വര്‍ധിപ്പിച്ചിരിക്കുകയാണ്. സബ്സോണിക് മിസൈലുകള്‍ക്ക് സമുദ്രനിരപ്പില്‍നിന്ന് 4,000 മീറ്റര്‍ ഉയരത്തിലുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന തരത്തില്‍ ഫ്രഞ്ച് നിര്‍മാതാക്കള്‍ സോഫ്റ്റ്വെയര് നവീകരിച്ചു കഴിഞ്ഞു.
450 കിലോ പോര്‍മുന വഹിച്ച് 300 കിലോമീറ്റര്‍ ദൂരത്തില്‍ പ്രഹരിക്കാന്‍ ശേഷിയുള്ളതാണ് റഫാലില്‍നിന്നു തൊടുക്കുന്ന സബ്സോണിക്ക് സ്കാല്‍പ് മിസൈലുകള്‍. മിസൈലുകള്‍ നവീകരിക്കപ്പെടുന്നതോടെ പര്‍വതങ്ങളിലും ഉയര്‍ന്നപ്രദേശങ്ങളിലും സമുദ്രനിരപ്പില്‍നിന്ന് 4,000 മീറ്റര്‍ ഉയരത്തിലുളള ശത്രുകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ റഫാലിനു ശേഷിയുണ്ടാകും. നിലവില്‍ 2,000 മീറ്റര്‍ ഉയരത്തില്‍ പ്രഹരിക്കാനുള്ള ശേഷിയേ ഉണ്ടായിരുന്നുള്ളു. വ്യോമസേനയുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം മിസൈല്‍ നിര്‍മാതാക്കളായ എംബിഡിഎയാണ് സോഫ്റ്റ്വെയര് നവീകരണം നടത്തിയത്.
9.3 ടണ്‍ ആയുധങ്ങള്‍ റഫാല്‍ വിമാനത്തിനു വഹിക്കാന്‍ സാധിക്കും. രണ്ടു തരത്തിലുള്ള ക്രൂയിസ് മിസൈലുകളാണ് ഇന്ത്യ വികസിപ്പിച്ചെടുത്തത്. ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന മീറ്റിയോര്‍ ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയര്‍ ടു എയര്‍ മിസൈലുകള്‍ ആകാശത്തെ ലക്ഷ്യം തകര്‍ക്കാന്‍ സാധിക്കും. ഇവയുടെ ദൂരപരിധി 120 - 150 കിലോമീറ്ററാണ്. കൂടാതെ സ്കാല്‍പ് എയര്‍ ടു ഗ്രൗണ്ട് ക്രൂസ് മിസൈലുകളും വ്യോമസേന വികസിപ്പിച്ചു. ആകാശത്തു നിന്നു കരയിലെ ലക്ഷ്യത്തിലേക്കു തൊടുക്കുന്ന മിസൈലിന്റെ ദൂരപരിധി 300 കിലോമീറ്ററാണ്. ഒരു വിമാനത്തിന് 2 സ്കാല്‍പ് മിസൈലുകള്‍ വഹിക്കാന്‍ സാധിക്കും. ഇറാഖില്‍ ഭീകര സംഘടനയായ ഐഎസ് ക്യാംപുകളില്‍ മുന്‍പ് റഫാലിലെ സ്കാല്‍പ് മിസൈലുകള്‍ ഉപയോഗിച്ച് ഫ്രാന്‍സ് ആക്രമണം നടത്തിയിട്ടുണ്ട്.
ലഡാക്ക് പോലെ ഉയര്‍ന്ന മേഖലകളില്‍നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനുള്ള എന്ജിന് കരുത്ത് റഫാല്‍ കൈവരിച്ചിട്ടുണ്ട്. അത്യാധുനിക റഡാര്‍ സംവിധാനം റഫാല്‍ വിമനത്തില്‍ ഒരുക്കിട്ടുണ്ട്. ഇതിന് പുറമേ ശത്രുസേനയുടെ മിസൈലുകള്‍ വഴിതിരിച്ചു വിടാനുള്ള സാങ്കേതിക വിദ്യ ഈ വിമനങ്ങള്ക്കുണ്ട്. പുതുതായി വികസിപ്പിച്ചെടുത്ത മിസൈലുകള്‍ക്ക് ശത്രു സേനയുടെ റഡാറുകള്‍ നിശ്ചലമാക്കാനുള്ള സംവിധാനമുണ്ട്.
വായുവില്‍നിന്നു തൊടുക്കാവുന്ന സ്കാല്‍പ് മിസൈലുകള്‍ ചൈനയും പാക്കിസ്ഥാനും വികസിപ്പിച്ചിട്ടുണ്ടെങ്കിലും സ്കാല്‍പ് മിസൈലിന്റെ ഫയര്‍ ആന്‍ഡ് ഫൊര്‍ഗെറ്റ് പ്രക്രിയയാണ് ഇന്ത്യയുടെ സവിശേഷത. പോര്‍വിമാനത്തില്‍നിന്നു തൊടുത്തുകഴിഞ്ഞാല്‍ ഭൂമിയില്‍നിന്ന് 100-130 അടി ഉയരത്തില്‍ എത്തിനില്‍ക്കും. റഡാറുകളുടെ ജാമിങ് സംവിധാനങ്ങളുടെയും കണ്ണുവെട്ടിക്കാനാണിത്. വീണ്ടും 6,000 മീറ്റര്‍ ഉയരത്തിലേക്കു കുതിക്കുന്ന മിസൈല്‍ പിന്നീട് കുത്തനെ ലക്ഷ്യത്തിലേക്കു പതിക്കുകയാണ് ചെയ്യുന്നത്.
റിപ്പബ്ലിക്ക് ദിനത്തില്‍ മൂന്നു റഫാല്‍ വിമാനങ്ങള്‍ കൂടി ഫ്രാന്‍സില്‍നിന്ന് ഇന്ത്യയിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. അംബാലയിലേക്കു പറന്നെത്തുമ്പോള്‍ യുഎഇ വ്യോമസേന എയര്‍ബസ് 330 മള്‍ട്ടി-റോള്‍ ട്രാന്‍സ്പോര്‍ട്ട് ടാങ്കറുകള്‍ ഉപയോഗിച്ച് ആകാശത്ത് റഫാലുകളില്‍ ഇന്ധനം നിറയ്ക്കുമെന്നാണു റിപ്പോര്‍ട്ട്. ഫ്രാന്‍സില്‍ ഏഴു റഫാലുകളിലാണ് ഇന്ത്യന്‍ പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്നത്. അടുത്ത വര്‍ഷം അവസാനത്തോടെ 36 റഫാല്‍ യുദ്ധവിമാനങ്ങളും ഇന്ത്യയിലെത്തും.
റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തിയശേഷം പ്രതിരോധമന്ത്രി രാജ്നാഥ് സിങ് നടത്തിയ പ്രസ്താവന ചൈനയ്ക്കും പാക്കിസ്ഥാനുമുള്ള കൃത്യമായ താക്കീതായിരുന്നു. 'ഇന്ത്യന്‍ വ്യോമസേന പുത്തന്‍ കരുത്താര്‍ജിച്ചതില്‍ ആര്‍ക്കെങ്കിലും ആശങ്കയുണ്ടെങ്കില്‍ അത് ഇന്ത്യയുടെ മണ്ണിനും സ്ഥിരതയ്ക്കും ഭീഷണി ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കു മാത്രമാണ്'-രാജ്നാഥ് സിങ് പറഞ്ഞു.
വൈവിധ്യമാര്‍ന്ന ആയുധങ്ങള്‍ വഹിക്കാനുള്ള ശേഷിയാണു റഫാലിനെ വേറിട്ടുനിര്‍ത്തുന്നത്. യൂറോപ്യന്‍ മിസൈല്‍ നിര്‍മാതാക്കളായ എംബിഡിഎയുടെ മെറ്റിയോര്‍ എയര്‍ ടു എയര്‍ മിസൈലുകള്‍, സ്കാല്‍പ് ക്രൂസ് മിസൈലുകള്‍, എംഐസിഎ മിസൈല്‍ സംവിധാനം എന്നിവയാണ് ഇതില്‍ പ്രധാനം. മെറ്റിയോര്‍ പുതുതലമുറ ബിവിആര്‍ എയര്‍ ടു എയര്‍ മിസൈല്‍ (ബിവിആര്‍എഎഎം) ആകാശപ്പോരിന്റെ ഗതി തന്നെ മാറ്റി നിര്‍ണയിക്കുന്ന തരത്തില്‍ രൂപകല്പന ചെയ്തതാണ്. യുകെ, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്പെയിന്, സ്വീഡന് എന്നിവര്‍ നേരിടുന്ന പൊതുഭീഷണികളെ ചെറുക്കാനാണ് എംബിഡിഎ ഈ മിസൈല്‍ വികസിപ്പിച്ചത്.
ഇതിന്റെ റോക്കറ്റ്-റാംജെറ്റ് മോട്ടറാണ് മറ്റേത് മിസൈലിനേക്കാളും കൂടുതല്‍ പ്രഹരശേഷി ഇതിനു നല്‍കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. 150 കിലോമീറ്റര്‍ അകലെനിന്നുതന്നെ ശത്രുവിമാനത്തെ തരിപ്പണമാക്കാന്‍ കഴിയും. ഇന്ത്യന്‍ പോര്‍വിമാനത്തിന്റെ ഏഴയലത്ത് എത്തുംമുമ്പു തന്നെ ശത്രുവിമാനത്തെ തകര്‍ക്കാനാകുമെന്നതാണ് പ്രത്യേകത. കഴിഞ്ഞ വര്‍ഷം ഈ മിസൈല്‍ ഇന്ത്യയ്ക്കു സ്വന്തമായിരുന്നെങ്കില്‍ പാക്കിസ്ഥാന്റെ നിരവധി എഫ്-16 വിമാനങ്ങള്‍ നിലംപൊത്തുമായിരുന്നുവെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha