ആദ്യം സീറ്റു നല്‍കിയില്ല; ഇപ്പോള്‍ മേയറാക്കാം വേണമെങ്കില്‍ ഡി.സി.സി പ്രസിഡന്റ് വരെയാക്കാം ; വിമതന് യു.ഡി.എഫ് പാളയത്തിലേക്ക്; തൃശൂര്‍ കോര്പ്പറേഷന് യു.ഡി.എഫ് പിടിച്ചേക്കും; സാധ്യതകള്‍ ഇങ്ങനെ
തുടര്‍ഭരണമെന്ന യു.ഡി.എഫിന്റെ അഭിമാനം കാത്തുസൂക്ഷിക്കാന്‍ എന്തു വിട്ടുവിഴ്ച്ചക്കും ഇപ്പോള്‍ കോണ്‍ഗ്രസ് തയ്യാറാണ്. ആദ്യം മത്സരിക്കാന്‍ സീറ്റു നിഷേധിച്ച വിമതന് മേയര്‍ പദവി വെള്ളിതളികയില്‍ വച്ചു നല്‍കുകയാണ് കോണ്‍ഗ്രസ്. പക്ഷേ ചെറിയൊരു ചാഞ്ചാട്ടമുണ്ടെങ്കിലും വിമതന്റെ നിലപാട് വ്യക്തമല്ലെന്ന് മാത്രം. സ്വതന്ത്രനായി ജയിച്ച കോണ്‍ഗ്രസ് വിമതന് എം.കെ.വര്‍ഗീസുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തി. യുഡിഎഫിനൊപ്പം വന്നാല്‍ അഞ്ചു വര്‍ഷം മേയറാക്കാമെന്നാണു വാഗ്ദാനം. നെട്ടിശേരിയില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിക്കുകയും പകരം ബൈജു വര്‍ഗീസിനെ സ്ഥാനാര്‍ഥിയാക്കുകയും ചെയ്തപ്പോഴാണ് ജനകീയ മുന്നണി രൂപീകരിച്ച് വര്‍ഗീസ് മത്സരിച്ചത്. 1123 വോട്ട് വര്‍ഗീസ് നേടിയപ്പോള്‍ 1085 വോട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബൈജു വര്‍ഗീസ് നേടി.
തൃശൂര്‍ കോര്‍പറേഷനില്‍ എല്‍ഡിഎഫിനൊപ്പം സഹകരിക്കുമെന്നായിരുന്നു എം.കെ.വര്‍ഗീസിന്റെ തുടക്കത്തിലെ നിലപാട്. പക്ഷേ, മേയര്‍ പദവി സംബന്ധിച്ച് കൃത്യമായ ഓഫര്‍ ഇനിയും എല്‍ഡിഎഫ് മുന്നോട്ടു വച്ചിട്ടില്ല. കോര്പറേഷന് ഭരണത്തിന്റെ തുടക്കത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ.ഷാജനെ മേയറാക്കണമെന്നാണ് ഇടതുമുന്നണിയുടെ ആഗ്രഹം. അതുകൊണ്ടു തന്നെ വര്‍ഗീസിനു തുടക്കത്തില്‍ തന്നെ മേയര്‍ പദവി നല്കാന് തയാറല്ല. അങ്ങനെ നല്കുകയാണെങ്കില് പരമാവധി രണ്ടര വര്‍ഷം മേയര്‍ സ്ഥാനം നല്‍കും. അതും രണ്ടാം ടേമിലായിരിക്കും വര്‍ഗീസിനെ പരിഗണിക്കുക എന്നാണ് എല്‍.ഡി.എഫ് വൃത്തങ്ങല്‍ സൂചിപ്പിക്കുന്നത്.
ആറു മാസത്തിനുള്ളില്‍ പുല്ലഴി ഡിവിഷനിലെ തിരഞ്ഞെടുപ്പ് നടക്കും. ഈ വാര്‍ഡില്‍ ജയം ഉറപ്പിച്ചാല്‍ പിന്നെ എം.കെ.വര്‍ഗീസിന്റെ പിന്തുണ എല്‍ഡിഎഫിന് ആവശ്യമില്ല. ഈ പഴുത് ഉയര്‍ത്തിക്കാട്ടിയാണ് ടി.എന്‍.പ്രതാപന് എം.പിയും ഡിസിസി പ്രസിഡന്റ് എം.പി. വിന്‍സെന്റും എം.കെ.വര്‍ഗീസുമായി ചര്‍ച്ച നടത്തിയത്. അഞ്ചു വര്‍ഷത്തേക്ക് മേയര്‍ സ്ഥാനം, കെ.പി.സി.സി, ഡി.സി.സി ഭാരവാഹിത്വം, ആവശ്യമെങ്കില്‍ ഡി.സി.സി പ്രസിഡന്റുവരെയാക്കാന്‍ തയ്യാറാണെന്നാണ് യു.ഡി.എഫ് ഇപ്പോള്‍ എടുക്കുന്ന നിലപാട്. ഈ മോഹന വാഗ്ദാനങ്ങള്‍ക്ക് മുന്പില് വര്‍ഗീസ് വഴങ്ങുമോ എന്നത് വലിയ ചോദ്യമാണ്. സംസ്ഥാന നേതാക്കളുടെ നിര്‍ദേശ പ്രകാരം ടി.എന്‍.പ്രതാപന് എം.പി അദ്ദേഹത്തെ പോയി കാണുകയും ചെയ്തിരുന്നു.
ഇരുപത്തിനാലു സീറ്റുകളാണ് നിലവില്‍ എല്‍ഡിഎഫിന്. ഇതില്‍ നാലുപേര്‍ ഇടതു സ്വതന്ത്രരാണ്. യുഡിഎഫിന് ഇരുപത്തി മൂന്ന് സീറ്റും. വിമതന് എല്‍ഡിഎഫിലേക്ക് വന്നാല്‍ ഇരുപത്തിയഞ്ചാകുന്നതോടെ. എല്‍ഡിഎഫിന് ഭരണം പിടിക്കാനാവും. എം.കെ. വര്‍ഗീസ് യുഡിഎഫിനൊപ്പം പോയാല്‍ ഇരുകക്ഷികള്‍ക്കും കക്ഷിനില തുല്യമാകും. പിന്നെ, നറുക്കെടുപ്പിലൂടെ മാത്രമേ ഭരണം തീരുമാനിക്കാന്‍ കഴിയൂ. വരാനിരിക്കുന്ന പുല്ലഴി ഡിവിഷനില്‍ ഭരണം പിടിക്കുക. വിമതനെ ഒപ്പം കൂട്ടുക. ഈ രണ്ടു വഴിയാണ് യുഡിഎഫിന് ഭരണം പിടിക്കാനുള്ളത്. പുല്ലഴിയാകട്ടെ നിലവില്‍ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റുമാണ്. അതെ സമയം ബിജെപി ആറില്‍ ഒതുങ്ങി.
https://www.facebook.com/Malayalivartha