കുറ്റപത്രത്തിന് മുമ്പേ നിര്‍ണായക നീക്കങ്ങള്‍; പ്രതികളുടെ സ്വത്തുകള്‍ ഇ.ഡി കണ്ടുകെട്ടുമ്പോള്‍ സംഭവിക്കുന്നത്; ശിവശങ്കറിന്റെയും സ്വപ്നയുടെയും സന്ദീപിന്റെയും സ്വത്തുകള്‍ കണ്ടുകെട്ടി; ആകെ രണ്ടു കോടിയേളം രൂപയുടെ സ്വന്തുകള്‍ ഇതുവരെ കണ്ടുകെട്ടി
കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ സ്വത്ത് കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മന്റെ് ഡയറക്ടറേറ്റ് ഉത്തരവിറക്കിയിരുന്നു. കേസില്‍ ഇന്ന് കുറ്റപത്രം നല്‍കാനിരിക്കെയാണ് ഇ.ഡിയുടെ നടപടി. ഇതിന് പിന്നാലെ കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറിലെ ഒരു കോടി രൂപയും സ്വര്‍ണവും കണ്ടുകെട്ടാന്‍ ഇ.ഡി തീരുമാനിച്ചിട്ടുണ്ട്. കൂടാതെ സന്ദീപ് നായരുടെ സ്വത്തുകളും ഇ.ഡി കണ്ടു കെട്ടുകയാണ്. സ്വപ്നയുടെയും സന്ദീപിന്റെയും 1.80 കോടി രൂപയുടെ സ്വത്തുകളാണ് കണ്ടെത്തിയത്.
എന്‍ഐഎ അന്വേഷണത്തിലാണ് സ്വപ്നയുടെ ലോക്കറില്‍ നിന്ന് പണം കണ്ടെത്തിയത്. തിരുവനന്തപുരം സ്റ്റാച്യുവിലെ ഫെഡറല്‍ ബാങ്ക് ലോക്കറില്‍ നിന്ന് 36.5 ലക്ഷം രൂപയും എസ്ബിഐയുടെ സിറ്റി ബ്രാഞ്ച് ലോക്കറില്‍ നിന്ന് 64 ലക്ഷം രൂപയുമാണ് കണ്ടെത്തിയത്. ഇതോടൊപ്പം 982 ഗ്രാം സ്വര്‍ണവും എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇതില്‍ ഒരു കോടി രൂപ ശിവശങ്കറിന് ലൈഫ് മിഷന് ഇടപാടില്‍ ലഭിച്ച കോഴയാണെന്നാണ് ഇഡി കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് എം. ശിവശങ്കറിനെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പുള്ള ഈ നീക്കം അതീവ നിര്‍ണായകമാണ്.
കേസില്‍ ശിവശങ്കര്‍ അറസ്റ്റിലായി 56 ദിവസം പിന്നിടുമ്പോഴാണ് കുറ്റപത്രം നല്‍കുന്നത്. സ്വര്‍ണക്കടത്തിന്റെ പ്രധാന ആസൂത്രകരില്‍ ഒരാള്‍ ശിവശങ്കറാണെന്നും കള്ളക്കടത്ത് സംഘത്തിനായി പ്രതി ഉന്നത പദവി ദുരുപയോഗം ചെയ്ത് കസ്റ്റംസ് ഉദ്യോഗസ്ഥരെ അടക്കം വിളിച്ചെന്നും കുറ്റപത്രത്തിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ശിവശങ്കറിന്റെ മറ്റ് സ്വത്തുക്കള്‍ കണ്ട് കെട്ടാനുള്ള നടപടികള്‍ ആരംഭിക്കുന്നതായി ഇഡി കോടതിയില്‍ അറിയിക്കും. ഇതിലൂടെ കോടതിയില്‍ നിന്നും റിമാന്‍ഡ് കാലാവധി നീട്ടി ലഭിക്കുമെന്നു തന്നെയാണ് ഇ.ഡിയുടെ വിശ്വാസം.
ശിവശങ്കറിന് സ്വര്‍ണം, ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്നാണ് ഇ.ഡി വിലയിരുത്തല്‍. ഐ.ടി സെക്രട്ടറി സ്ഥാനം ഉള്‍പ്പെടെ വഹിച്ചിരുന്ന ശിവശങ്കറിന് ചില പ്രോജക്ടുകള്‍, നിയമനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് കമീഷന് ലഭിച്ചെന്നും സംശയിക്കുന്നു. അതിനാലാണ് സ്വത്തിനെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുന്നത്.
ശിവശങ്കറിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളുടെ ഭാഗമായി ഇത് സംബന്ധിച്ച നിര്‍ദേശം ബാങ്ക് അധികൃതര്‍ക്കും രജിസ്ട്രാര്‍ക്കും ഇ.ഡി നല്‍കിയതായാണ് സൂചന. ശിവശങ്കറന്റെ സ്വത്ത് വിശദാംശങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്താനാണ് നടപടി. പൂജപ്പുരയില്‍ വീടും സ്ഥലവുമുള്ള ശിവശങ്കറിന് വെള്ളനാടും സ്വത്തുണ്ടെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മറ്റെവിടെങ്കിലും സ്വത്തുണ്ടെങ്കില്‍ അവയെല്ലാം കണ്ടുകെട്ടും.
മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ സ്വത്ത് വിശദാംശങ്ങളും ഇ.ഡി തേടിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഭാര്യക്ക് ഊരാളുങ്കല്‍ സൊസൈറ്റിയുമായി സാമ്പത്തിക ഇടപാടുണ്ടെന്നത് ഉള്‍പ്പെടെ ഇ.ഡി കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha