കേന്ദ്രം ഇടപെട്ടു; ശോഭാ സുരേന്ദ്രനെതിരെ നടപടിയില്ല; നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് ശോഭയെ നേതൃത്വത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ നീക്കം; നടപടിനീക്കങ്ങളില്നിന്ന് മുരളീധരവിഭാഗം പിന്‍വാങ്ങി; നേരത്തെ കെ. സുരേന്ദ്രന് ശോഭയ്ക്കുനേരെ നടത്തിയത് രൂക്ഷവിമര്‍ശനം
ബി.ജെ.പിയുടെ ഗ്രൂപ്പ് പോരിന് ഉടന്‍ പരിഹാരമാകും. കേന്ദ്ര നേതൃത്വം ഇടപെട്ടതോടെയാണ് താല്‍ക്കാലിക വെടി നിര്‍ത്തലിന്റെ സാധ്യത തെളിഞ്ഞത്. ഇതിന്റെ ഭാഗമായി ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെതിരേ തത്കാലം നടപടിയില്ല. നിയമസഭാ തിരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തില്‍ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ബി.ജെ.പി. കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത പ്രഭാരി സി.പി. രാധാകൃഷ്ണന് ആവശ്യപ്പെടുകയായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് ശോഭയെ നേതൃത്വത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ സി.പി. രാധാകൃഷ്ണന് തന്നെ മുന്‍കൈയെടുക്കും. ശോഭയ്ക്കെതിരേ നടപടിയെടുക്കാതെ മുന്നോട്ടുപോകാനാവില്ലെന്ന നിലപാടാണ് മുരളീധരവിഭാഗം സ്വീകരിച്ചത്. നടപടിയിലേക്ക് എത്തിക്കുംവിധം ചര്‍ച്ചകള്‍ നയിക്കാന്‍ തീരുമാനിച്ചാണ് മുരളീധരവിഭാഗം വന്നത്. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ശോഭയ്ക്കുനേരെ രൂക്ഷവിമര്‍ശനമാണ് നടത്തിയത്.
പ്രഭാരികള്‍ നേരിട്ട് ആവശ്യപ്പെട്ടിട്ടുപോലും ശോഭ തിരഞ്ഞെടുപ്പുപ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയില്ല. സംസ്ഥാന നേതൃത്വത്തിനുനേരെ അനാവശ്യ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് ശോഭ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. ഇനിയുമിത് കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ജനറല്‍ സെക്രട്ടറിമാര്‍ ചര്‍ച്ചയില്‍ സുരേന്ദ്രന്റെ വാദങ്ങളെ പിന്താങ്ങി. കൃഷ്ണദാസ് പക്ഷവും മുതിര്‍ന്നനേതാക്കളും ഇതിനോടു യോജിച്ചില്ല. ശോഭയെ പ്രവര്‍ത്തനരംഗത്തേക്കു കൊണ്ടുവരാന്‍ സംസ്ഥാന നേതൃത്വത്തില്‍നിന്ന് ഒരുനടപടിയും ഉണ്ടായില്ലെന്നായിരുന്നു അവരുടെ നിലപാട്.
ശോഭയ്ക്ക് എന്തുചുമതലയാണ് തിരഞ്ഞെടുപ്പില്‍ നല്‍കിയതെന്ന ചോദ്യവും അവര്‍ ഉന്നയിച്ചു. ശോഭയ്ക്കെതിരായ നടപടിനീക്കങ്ങളെ ചെറുത്തെങ്കിലും അവര്ക്കെുനേരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ കൃഷ്ണദാസ് പക്ഷം തയ്യാറായില്ല. നേതാക്കള്‍ രണ്ടു തട്ടിലായതിനെത്തുടര്ന്ന് പ്രഭാരി ഇടപെട്ടു. പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെ ശോഭയ്ക്കെതിരായ നടപടിനീക്കങ്ങളില്നിന്ന് മുരളീധരവിഭാഗം പിന്‍വാങ്ങി.
തിരഞ്ഞെടുപ്പ് അവലോകനത്തിലും നേതാക്കള്‍ രണ്ടുതട്ടിലായിരുന്നു. പാര്‍ട്ടിക്കു മുന്നേറ്റമുണ്ടായെന്ന് കണക്കുകള്‍ നിരത്തി സ്ഥാപിക്കാന്‍ സുരേന്ദ്രന് ശ്രമിച്ചു. എന്നാല്‍, ജില്ല-ബ്ലോക്ക് പഞ്ചായത്തുകളില്‍ മോശം പ്രകടനമാണു കാഴ്ചവെച്ചതെന്ന വിമര്‍ശനമുണ്ടായി. നേതാക്കള്‍ക്ക് തിരഞ്ഞെടുപ്പ് ചുമതല നിശ്ചയിച്ചുനല്കാന്പോലും തയ്യാറായില്ലെന്നും ചിലര്‍ കുറ്റപ്പെടുത്തി.
അതെ സമയം നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങാന്‍ ബി.ജെ.പി. കോര്‍കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. തദ്ദേശ തിരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യസഖ്യം മികച്ച പ്രകടനമാണു നടത്തിയതെന്ന് യോഗം വിലയിരുത്തി. തിരഞ്ഞെടുപ്പില്‍ ഇടത്-വലത് മുന്നണികളെ ജനം തള്ളിക്കളഞ്ഞു. എന്‍.ഡി.എ.ക്കാണ് കൂടുതല്‍ ജനപിന്തുണ ലഭിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ എന്‍.ഡി.എ.യ്ക്ക് നാലുശതമാനം വോട്ട് ഷെയര്‍ കൂടി. സീറ്റുകളുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനയുണ്ടായി. ഇടതുപക്ഷത്തിനുണ്ടായ ഈ ചെറിയ വിജയം സര്‍ക്കാരിന്റെ നെറികേടിനുള്ള അംഗീകാരമല്ല.
കേരള മോഡല്‍ വികസനമെന്നത് കെട്ടിച്ചമച്ച കണക്കുകളാണ്. കോവിഡ് പ്രതിരോധ കാര്യത്തിലും ഇതു തന്നെയാണ് അവസ്ഥ. കേരള സര്‍ക്കാര്‍ കണക്കുകളില്‍ വെള്ളം ചേര്‍ക്കുകയാണ്. കോവിഡ് പ്രതിരോധത്തിലെ പാളിച്ച ബി.ജെ.പി. ഉയര്‍ത്തിക്കാട്ടുമെന്നും പ്രഭാരി സി.പി. രാധാകൃഷ്ണന് പറഞ്ഞു.
https://www.facebook.com/Malayalivartha