ഉപഭോക്താക്കളെ സമ്മര്‍ദത്തിലാക്കി പുതിയ നയം.. വാട്സ്ആപ്പിന്റെ സ്വകാര്യതാ നയത്തിനെതിരേ കേന്ദ്ര സര്‍ക്കാര്‍; പുതിയ സ്വകാര്യതാനയം അംഗീകരിക്കാന്‍ ഉപഭോക്താക്കളുടെ മേല്‍ വാട്സ്ആപ്പ് സമ്മര്‍ദം ചെലുത്തുന്നത് തടയണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയോട്
വാട്സ്ആപ്പിന്റെ സ്വകാര്യതാ നയത്തിനെതിരേ കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. വാട്സ്ആപ്പ് ഉപഭോക്താക്കളെ സമ്മര്‍ദത്തിലാക്കി പുതിയ നയം അംഗീകരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ കുറ്റപ്പെടുത്തി. സ്വമേധയായുള്ള അനുമതിയില്ലാതെ ഡാറ്റ പങ്കുവെയ്ക്കുന്ന വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യമാണെന്നും ഡല്‍ഹി ഹൈക്കോടതിയെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പുതിയ സ്വകാര്യതാനയം അംഗീകരിക്കാന്‍ ഉപയോക്താക്കളുടെ മേല്‍ വാട്സ്ആപ്പ് സമ്മര്‍ദം ചെലുത്തുന്നത് തടയണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കേടതിയെ അറിയിച്ചു.
വാട്സ്ആപ്പിന്റേത് ട്രിക്ക് കണ്‍സെന്റാണെന്ന് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ആരോപിച്ചു. കൗശലത്തിലൂടെ സമ്മതം വാങ്ങിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള നോട്ടിഫിക്കേഷനുകള്‍ ഉപയോക്താക്കള്‍ക്ക് വാട്സ്ആപ്പ് അയക്കുന്നത് തടയണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. രാജ്യത്ത് പുതിയ സ്വകാര്യതാ നിയമം നിലവില്‍വരുന്നതിന് മുമ്പ് വാട്സ്ആപ്പിന്റെ സ്വകാര്യതാ നയം അംഗീകരിപ്പിക്കാനാണ് ശ്രമം നടക്കുന്നത്.
കോമ്പറ്റീഷന് നിയമത്തിന്റെ നാലാം വകുപ്പ് വാട്സ്ആപ്പ് ലംഘിച്ചുവെന്ന് കോമ്പറ്റീഷന് കമ്മീഷന് കണ്ടെത്തിയതായും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പുതിയ നയത്തിന്റെ പേരില്‍ ചൂഷണമാണ് വാട്സ്ആപ്പ് നടത്തുന്നതെന്ന് കമ്മീഷന് കുറ്റപ്പെടുത്തിയിട്ടുണ്ട്. ഉപയോക്താവിന്റെ സ്വമേധയായുള്ള അനുമതിയില്ലാതെ വിവരങ്ങള്‍ ഫേസ്ബുക്കുമായി പങ്കുവെയ്ക്കുന്ന നടപടിയുടെ പ്രത്യാഘാതം അന്വേഷണ വിധേയമാക്കേണ്ടതാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പുതിയ നയം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടണമെന്ന പൊതുതാല്പര്യ ഹര്‍ജിയാണ് കേന്ദ്രം സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha