ഫുള്‍ പേജ് പരസ്യം ചെയ്തത് മനോരമ; കൊണ്ട് പോയത് ഏഷ്യാനെറ്റ്... മനോരമ ചാനലിനെ കടത്തിവെട്ടി ഏഷ്യാനെറ്റ് മലയാളത്തിലെ ആദ്യത്തെ എച്ച് ഡി ചാനലായി
ഇന്നത്തെ മലയാള മനോരമ പത്രത്തിലെ ഫുള്‍ പേജ് പരസ്യം കണ്ട് ആദ്യം ഞെട്ടിയത് ഏഷ്യാനെറ്റായിരുന്നു. മനോരമ ചാനല്‍ മലയാളത്തിലെ ആദ്യത്തെ ഫുള്‍ എച്ച് ഡി ചാനലാകുന്നു എന്നായിരുന്നു പരസ്യം. നാളെ മുതലാണ് എച്ച്ഡി സംപ്രേഷണം തുടങ്ങുക. ഈ വാര്‍ത്ത കണ്ട്, എന്നും വെല്ലുവിളികള്‍ ഏറ്റെടുക്കുന്ന ഏഷ്യാനെറ്റിന്റെ ചെയര്മാന് മാധവന് ആകെ ടെന്‍ഷനായി. ഏഷ്യാനെറ്റിനെ മലയാളത്തിലെ ആദ്യത്തെ എച്ച്ഡി ചാനലാക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടേയാണ് മനോരമയുടെ അപ്രതീക്ഷിത പരസ്യം.
ഉടന്‍ അദ്ദേഹം ഏഷ്യാനെറ്റിലെ സീനിയര്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. അവരെല്ലാം ടെക്നിക്കല്‍ വിഭാഗവുമായി പെട്ടന്ന് കൂടിയാലോചനകള്‍ നടത്തി. എച്ച്ഡി ആകാനുള്ള ടെക്നിക്കല്‍ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് അവര്‍ അറിയിച്ചു. ചെയര്‍മാന്റെ നിര്‍ബന്ധം ഒന്നായിരുന്നു. മനോരമയ്ക്ക് മുമ്പ് ഏഷ്യാനെറ്റ് എച്ച്ഡി ആകണം. അതിന് എത്ര പണം ഒഴുക്കിയാലും എത്ര ടെക്നിക്കല്‍ എഞ്ചിനീയര്‍മാരുടെ സേവനം ഉപയോഗിച്ചാലും കുഴപ്പമില്ല. ചെയര്‍മാന്റെ നിര്‍ബന്ധം മറ്റുള്ളവര്‍ ഏറ്റെടുത്തതോടെ ഏതാണ്ട് അവസാനഘട്ടത്തിലായ ഏഷ്യാനെറ്റ് എച്ച്ഡി ടെലികാസ്റ്റ് പ്രാവര്‍ത്തികമാകുകയായിരുന്നു.
ഉടന്‍ തന്നെ ഉദ്ഘാടനം നടത്താനുള്ള ശ്രമം ഏഷ്യാനെറ്റ് ചെയര്മാന് തുടങ്ങി. മുകേഷുമായും സുരേഷ് ഗോപിയുമായും അദ്ദേഹം ബന്ധപ്പെട്ടു. അവരാകട്ടെ ഏഷ്യാനെറ്റിന് വേണ്ടി പറന്നെത്തി. ആ നേരം കൊണ്ട് ഏഷ്യാനെറ്റ് എച്ച്ഡി പ്രവര്‍ത്തനസജ്ജമാക്കിയിരുന്നു.
അങ്ങനെ മലയാളത്തിലെ ആദ്യ ഹൈഡെഫനിഷന്‍ ചാനലായി ഏഷ്യാനെറ്റ് എച് ഡി സംപ്രേഷണം തുടങ്ങി. ചടങ്ങില്‍ സുരേഷ് ഗോപിയും മുകേഷും ഏഷ്യാനെറ്റ് ചെയര്മാന് മാധവനും പങ്കെടുത്തു. ഫോണിലൂടെ മോഹന്‍ലാലും സന്തോഷം പങ്കുവച്ചു. ഏഷ്യാനെറ്റ് ഒരുപടി മുന്നിലായെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മലയാളത്തിലെ ആദ്യ പ്രൈവറ്റ് ചാനലായ ഏഷ്യാനെറ്റിന്റെ അണമുറിയാത്ത യാത്രയാണിതെന്ന് സുരേഷ് ഗോപി പറഞ്ഞു. ടി.വി. എന്നാല്‍ ഏഷ്യാനെറ്റെന്നും മുകേഷും പറഞ്ഞു.
അങ്ങനെ മലയാളത്തിലെ ആദ്യ എച്ച്ഡി ചാനലെന്ന ക്രെഡിറ്റ് ഏഷ്യാനെറ്റിനായി. ഇതാദ്യമായാണ് ഒരു മലയാളം ചാനല്‍ പൂര്‍ണ്ണമായും ഹൈഡെഫനിഷനില്‍ സംപ്രേഷണം ചെയ്യുന്നത്.
മികച്ച ദൃശ്യഭംഗിയോടെ ഹൈ ഡെഫനിഷനില് ഡോള്‍ബി 5.1 ശബ്ദമികവിലാണ് ഏഷ്യാനെറ്റ് എച്ച്ഡി എത്തുന്നത്. എച്ഡി സാങ്കേതിക വിദ്യയിലൂടെ ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഏഷ്യാനെറ്റ് എച്ഡി ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നത്.
അതേസമയം മനോരമ ഫുള്‍ പേജില്‍ ചെയ്ത പരസ്യം നോക്കുകുത്തിയായി. ആദ്യത്തെ എച്ച്ഡി ചാനല്‍ മനോരമ നാളെ ഉദ്ഘാടനം ചെയ്യുമെന്ന വാര്‍ത്ത മനോരമ ചാനല്‍ ഇപ്പോഴും നല്‍കുകയാണ്. പക്ഷെ ഏഷ്യാനെറ്റ് അതെപ്പോഴേ അടിച്ചുമാറ്റി. ഫുള്‍ പേജ് വാര്‍ത്ത വായിച്ച് അവര്‍ അത് പൊളിച്ചടുക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha