സ്വതാന്ത്ര്യ ദിനത്തില്‍ തല തിരിച്ച് പതാക ഉയര്‍ത്തിയ മന്ത്രി പുലിവാലുപിടിച്ചു
സ്വാതന്ത്ര്യ ദിനത്തില്‍ പഞ്ചാബ് മന്ത്രി ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തിയത് വിവാദമായി. രണ്ട് പോലീസുകാര്‍ക്ക് സസ്പെന്ഷന് നല്കി സംഭവത്തില്‍നിന്നും മന്ത്രി തലയൂരി. പഞ്ചാബിലെ ക്യാബിനറ്റ് മന്ത്രി ബിക്രം സിങ് മജീദിയയാണ് പതാക തലതിരിച്ച് ഉയര്‍ത്തിയത്. ശനിയാഴ്ച ഗുരു നാനാക്ക് ഓഡിറ്റോറിയത്തില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലാണ് പഞ്ചാബ് റവന്യൂ മന്ത്രി മജീദിയ ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തിയത്. ഡെപ്യൂട്ടി കമ്മീഷണര്‍ രവി ഭഗത്, അമൃത്സര്‍ പോലീസ് കമ്മീഷണര്‍ ജിതേന്ദര്‍ സിങ് തുടങ്ങിയ പ്രമുഖരടക്കം വേദിയിലിരിക്കെയാണ് മന്ത്രിക്ക് അബദ്ധം പിണഞ്ഞത്. ചടങ്ങ് തീരാറായപ്പോഴാണ് പതാക തലകീഴായി ഉയര്‍ത്തിയിരിക്കുന്നത് ശ്രദ്ധയില്‍പെട്ടതും പിന്നീട് അത് നേരെയാക്കിയതും.
സംഭവത്തില്‍ ചടങ്ങിന്റെ ചുമതല ഉണ്ടായിരുന്ന രണ്ട് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു. മന്ത്രിക്ക് സംഭവിച്ച അബദ്ധത്തിന്റെ ഉത്തരവാദിത്വം ചടങ്ങിന്റെ ചുമതല ഉണ്ടായിരുന്ന പോലീസുകാര്ക്കാണെന്നാണ് മേലധികാരികളുടെ നിലപാട്.
അതേസമയം പതാക തലതിരിഞ്ഞ സംഭവത്തിന്റെ ഉത്തരവാദിത്വം ജില്ലാ ഭരണകൂടത്തിനാണെന്ന് ബിക്രം സിങ് മജീദിയ പിന്നീട് പ്രതികരിച്ചു. കേന്ദ്രമന്ത്രി ഹര്‍സിമ്രത് ബാദലിന്റെ സഹോദരനാണ് ബിക്രം സിങ് മജീദിയ. പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദലും ബിക്രം സിങ്ങിന്റെ അടുത്ത ബന്ധുവാണ്
പതാക തലതിരിഞ്ഞ സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതിന് പഞ്ചാബ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചു. ശനിയാഴ്ച പുലര്‍ച്ചെ പതാക ശരിയായ നിലയിലായിരുന്നെന്നാണ് അധികൃതരുടെ വാദം. അതിന് ശേഷമാണ് പതാക തലതിരിഞ്ഞത്. ആരെങ്കിലും ബോധപൂര്‍വം പതാക തലതിരിച്ചതാണോ എന്നും അധികൃതര്‍ സംശയം പ്രകടിപ്പിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha