ഇന്ത്യന്‍ യുവതയുടെ പുതിയ മുഖം
സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പോസ്റ്റ് ഫേസ്ബുക്ക് പേജായ ഹ്യൂമന്‍സ് ഓഫ് ബോംബെയില്‍ പ്രത്യക്ഷപ്പെട്ടതാണ്. സ്വയംപര്യാപ്തമാവുക എന്ന ലക്ഷ്യം നേടാനായി വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തന്റേടം കാണിച്ച കൗമാരക്കാരിയായ ഒരു പെണ്‍കുട്ടിയുടെ കഥയാണിത്. ഈ അതിജീവനത്തിന്റെ സന്ദേശം ഇന്ത്യയിലെ പെണ്‍കുട്ടികള്‍ക്കു മുഴുവന്‍ പ്രചോദനമാണ്.
പതിനഞ്ചാം വയസില്‍ മാതാപിതാക്കള്‍ വിവാഹം കഴിച്ചയയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ വഴങ്ങില്ല എന്ന വാശിയില്‍ ഉറച്ചു നിന്നതുകൊണ്ട് നേരിടേണ്ടിവന്ന പ്രശ്നങ്ങളേക്കുറിച്ചാണ് അവള് പറയുന്നത്്. കുറ്റപ്പെടുത്തലുകളും നിര്‍ബന്ധവും ഭീഷണിയും തുടര്‍ന്നാല്‍ പോലീസില്‍ പരാതി നല്‍കുമെന്ന് വീട്ടുകാരോടു പറയേണ്ടിവന്നുവെന്ന് അവള് അനുസ്മരിക്കുന്നു. എന്നിട്ടും മാതാപിതാക്കള്‍ പിന്തിരിഞ്ഞില്ല. ആദ്യആലോചന മുടങ്ങിയെങ്കിലും പിന്നീടു വന്ന വിവാഹാലോചന പൂര്‍വാധികം ഞെട്ടിക്കുന്നതായിരുന്നു.
രണ്ടു കുട്ടികളുള്ള ഒരു വിഭാര്യനെയാണു മാതാപിതാക്കള്‍ കണ്ടു പിടിച്ചത്. താനും ഒരു കുട്ടിയായതിനാല്‍ രണ്ടു കുട്ടികളുടെ അമ്മയുടെ സ്ഥാനം വഹിക്കാന്‍ കഴിയില്ലെന്നു അവള് തീര്‍ത്തുപറഞ്ഞു. സ്വന്തമായി സമ്പാദിക്കുമെന്നും മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കുമെന്നും അന്നു താന്‍ പ്രതിജ്ഞയെടുത്തെന്നും അവള് പറയുന്നു. എന്തായാലും പിന്നീടു വിവാഹാലോചനകളുടെ എണ്ണം കുറഞ്ഞുവത്രേ.
ഒരു ഐപിഎസ് ഓഫീസര്‍ ആവുക എന്നതാണു തന്റെ സ്വപ്നം. ഒരു വനിതയ്ക്കു കൈത്താങ്ങായി ഒരു പുരുഷന് വേണമെന്നില്ല. ശക്തരായ വനിതകള്‍ക്കു മറ്റുള്ളവരെയും ഉയര്‍ത്താന്‍ സാധിക്കും എന്ന വാക്കുകളോടെയാണു പോസ്റ്റ് അവസാനിക്കുന്നത്. പ്രോല്‍സാഹനവും അഭിനന്ദനവും അറിയിക്കുന്ന കമന്റുകളാണ് ലഭിച്ചതു മുഴുവന്‍. 49,000 ലൈക്കുകളും 3,200 ഷെയറുകളും ഇതിനോടകം ഈ പോസ്റ്റ് വാരിക്കൂട്ടിക്കഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha