അനന്ത പദ്മനാഭന് ഇനി പൂന്തോട്ടവും… ക്ഷേത്ര തിരുനടയില്‍ പൂകൃഷി ചെയ്യാന്‍ പദ്ധതി
അനന്ത പദ്മനാഭന്റെ തിരുനടയില്‍ പൂകൃഷി ചെയ്യാന്‍ പദ്ധതി.ക്ഷേത്രത്തില്‍ പൂജയ്ക്ക് ആവശ്യമുള്ള പൂക്കള്‍ അവിടെ തന്നെ കൃഷി ചെയ്യാനാണ് പദ്ധതി തയാറാക്കുന്നത്. പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വകയിലുള്ള രണ്ടരയേക്കര്‍ സ്ഥലത്താണ് പൂന്തോട്ടം നിര്‍മ്മിക്കുക. അതിനുള്ള നടപടി തുടങ്ങിക്കഴിഞ്ഞു. കഴിയുന്നതുംവേഗം പൂച്ചെടികള്‍ നട്ടുപിടിപ്പിക്കാനുള്ള ശ്രമത്തിലാണ്. മെഡിസിനല്‍ പ്ളാന്റ് ബോര്‍ഡാണ് ഇതിന് സാങ്കേതിക സഹായം ചെയ്യുക. ചെടികള്‍ നട്ടുപിടിപ്പിച്ച് പൂന്തോട്ടം തയാറായാല്‍ തുടര്‍ന്നുള്ള പരിപാലനം ക്ഷേത്രത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും.
ക്ഷേത്രത്തിന് കൂടുതല്‍ ആവശ്യമുള്ളത് തുളസി, തെച്ചി, മന്ദാരം, അരളി തുടങ്ങിയ പൂക്കളാണ്. ഈ ചെടികളാണ് ഏറെയും നട്ടുപിടിക്കുക. ഇതില്‍തന്നെ തുളസിയും തെച്ചിയുമാണ് ഏറെയും ആവശ്യം. ഇപ്പോള്‍ കരാര്‍ നല്‍കിയാണ് പൂക്കള്‍ ശേഖരിക്കുന്നത്. തമിഴ്നാട് അടക്കമുള്ള സ്ഥലങ്ങളില്‍ നിന്നാണ് പൂക്കള്‍ വരുന്നത്. ഒരു ദിവസം 60,000 രൂപ മുതല്‍ ഒരു ലക്ഷം രൂപവരെ പൂക്കള്‍ക്കായി ചെലവാകുന്നുണ്ട്. വിശേഷാവസരങ്ങളിലാണെങ്കില് ഒരു ലക്ഷത്തിന് മുകളിലാകും ചെലവ്. സ്വന്തമായി പൂന്തോട്ടം നിര്‍മ്മിച്ചുകഴിഞ്ഞാല്‍ ഈ ചെലവ് കുറയ്ക്കാമെന്നാണ് ക്ഷേത്ര അധികാരികളുടെ കണക്കുകൂട്ടല്‍.
ശ്രീപദ്മനാഭന് ചാര്‍ത്തുന്നത് മാണിക്യ മാല എന്ന പേരിലുള്ള അരളിപ്പൂ മൊട്ടുകൊണ്ടുള്ള മാലയാണ്. അതിന് 1,500 2,000 രൂപയാണ് വില. ഈ പൂമാല കണ്ടാല്‍ മാണിക്യം കോര്ത്തുണ്ടാക്കിയതുപോലും തോന്നും. അതിനാലാണ് മാണിക്യമാല എന്ന് വിളിക്കുന്നത്. നാഗര്‍കോവിലില്‍ നിന്നാണ് ഇത് വരുന്നത്. അരളിച്ചെടികള്‍ ഇവിടെ നട്ടുപിടിപ്പിച്ചാലും ഈ മാല ഇവിടെ ഉണ്ടാക്കാന്‍ കഴിയില്ല. കാരണം ഈ മാല കെട്ടുന്ന ആള്ക്കാര് തിരുവനന്തപുരത്തില്ല. അതില്‍ വൈദഗ്ധ്യം നേടിയവര്‍ നാഗര്‍കോവിലില്‍ മാത്രമാണുള്ളത്. ഇപ്പോഴിത് കരാര്‍ നല്‍കിയിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha