ഐന്‍സ്റ്റീന്റേയും ഹോക്കിങ്സിന്റേയും തോളൊപ്പം മലയാളി പെണ്‍കുട്ടി
ബുദ്ധിശക്തിയില്‍ അഗ്രഗണ്യരായി കണക്കാക്കപ്പെടുന്ന രണ്ടു ശാസ്ത്രജ്ഞരാണ് ഐന്‍സ്റ്റീനും സ്റ്റീഫന്‍ ഹോക്കിങ്സും. ഇവരുടെ ബുദ്ധിശക്തിയെ മറികടക്കാന്‍ ഇന്നും ആര്‍ക്കും സാധിച്ചിട്ടില്ല. എന്നാല്‍ പന്ത്രണ്ടുകാരിയായ ഒരു മലയാളി പെണ്‍കുട്ടി അവരെ പിന്തള്ളിയിരിക്കുന്നതായാണ് ബ്രിട്ടനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ബ്രിട്ടനിലെ കോള്‍ചെസ്റ്ററില്‍ താമസിക്കുന്ന അരുണിന്റെയും എറിക്കയുടെയും മകള്‍ ലിഡിയ സെബാസ്റ്റ്യനാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെയും സ്റ്റീഫന്‍ ഹോക്കിങ്ങിന്റെയും ഐക്യു സ്കോര്‍ മറികടന്ന് മാധ്യമശ്രദ്ധ നേടിയത്.
വ്യക്തികളുടെ ബുദ്ധിശക്തി തിട്ടപ്പെടുത്തുന്ന മെന്‍സ പരീക്ഷയിലാണ് ലിഡിയ ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. മല്‍സരത്തില്‍ ലഭിക്കാവുന്ന പരമാവധി സ്കോറായ 162 മാര്‍ക്ക് എന്ന നേട്ടം ലിഡിയ കൈവരിച്ചത് ശാസത്രലോകം അത്ഭുതത്തോടെയാണ് നോക്കികണ്ടത്. ബുദ്ധിശക്തിയില്‍ ഏറ്റവും പേരുകേട്ടവരാണ് ഐന്‍സ്റ്റീനും ഹോക്കിങ്സും. ഇവര്‍ രണ്ടു പേരുടെയും ഐ ക്യു സ്കോര്‍ 160 ആണെന്നാണ് നിലവില്‍ കണക്കാക്കിയിട്ടുള്ളത്. എന്നാല്‍ ഈ നേട്ടം കൊച്ചുമിടുക്കി മറികടക്കുകയായിരുന്നു.
കോള്‍ചെസ്റ്റര്‍ കൗണ്ടി ഹൈസ്കൂളിലെ ഈ പന്ത്രണ്ടുകാരി നേരത്തെയും നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. എന്നാല്‍ ഇത്രയും വലിയൊരു നേട്ടം കൈവരിക്കുന്നത് ഇത് ആദ്യമാണ്. എല്ലാവര്ക്കും ഏറെ ബുദ്ധിമുട്ടുള്ള വിഷയങ്ങളായ കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നിവയാണ് ലിഡിയയുടെ ഇഷ്ട വിഷയങ്ങള്‍. ഈ വലിയ നേട്ടം മലയാളികള്‍ക്ക് ഏറെ അഭിമാനം നല്‍കുന്നതാണ്.
ഈ കൊച്ചുമിടുക്കിയുടെ അച്ഛന് അരുണ്‍ കോള്ചെസ്റ്റര്ജനറല് ആശുപത്രിയില്‍ ഡോക്ടറാണ്. അമ്മ എറിക്ക ബാര്‍ക്ലെയ്സ് ബാങ്ക് ജീവനക്കാരിയുമാണ്. മല്‍സരത്തില്‍ പങ്കെടുക്കാന്‍ മകള്‍ക്ക് പ്രത്യേകം പരിശീലനമൊന്നും നല്‍കിയിരുന്നില്ലെന്ന് പിതാവ് അരുണ്‍ പറഞ്ഞു. അവള് ഞങ്ങളുടെ ഏകമകളാണ്. അതിനാല്‍ മറ്റൊരാളോടു സാമ്യപ്പെടുത്താനില്ലെന്നും അരുണ്‍ പറഞ്ഞു.
കുഞ്ഞുനാളില്‍ തന്നെ ലിഡിയ മറ്റുകുട്ടികളില്‍ നിന്നു ഏറെ വ്യത്യസ്തയായിരുന്നു. ആറുമാസം പ്രായമായപ്പോള്‍ ലിഡിയ നന്നായി സംസാരിക്കുമായിരുന്നു. പഠിക്കാന്‍ മിടുക്കിയാണ്. ഇതിനാല്‍ തന്നെ അവളുടെ പഠനത്തെകുറിച്ച് ഞങ്ങളൊരിക്കലും ശ്രദ്ധിക്കാറില്ലായിരുന്നു. ഐക്യു മല്‍സരത്തില്‍ പങ്കെടുക്കാന്‍ ലിഡിയ തന്നെയാണ് നിര്‍ബന്ധിച്ചത്. ഇതോടെ മല്‍സരത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുകയായിരുന്നു എന്ന് മാതാപിതാക്കള്‍ പറഞ്ഞു.
വായനയാണ് പ്രധാന ഹോബി. കുഞ്ഞുനാളില്‍ തന്നെ ഒട്ടുമിക്ക പുസ്തകങ്ങളും ലിഡിയ വായിക്കുകമായിരുന്നു. കണക്കില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. സ്കൂളില്‍ നിന്നെത്തിയാല്‍ അരമണിക്കൂറിനകം എല്ലാ ഹോംവര്‍ക്കും തീര്‍ക്കുന്ന ശീലമായിരുന്നു ലിഡിയക്ക്. മെന്‍സ പരീക്ഷയില്‍ പങ്കെടുക്കാനായി ബ്രിട്ടനില്‍ നിന്നു മാത്രം 20,000 കുട്ടികളാണ് അപേക്ഷിച്ചിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha