നീലക്കണ്ണുള്ളവരുടെ പൂര്വ്വികന് ഒരാള്‍ എന്നു പഠനം
കോപ്പന് ഹേഗന്‍ സര്‍വ്വകലാശാലയിലെ ഒരു സംഘം ഗവേഷകരുടെ പഠന ഫലങ്ങള്‍ കൗതുകം ജനിപ്പിക്കുന്നു. നീലക്കണ്ണുള്ള എല്ലാവരുടെയും പൂര്വ്വികന് ഒരാള്‍ ആണെന്നാണ് കണ്ടെത്തല്‍. പതിനായിരത്തോളം വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ ഒരു ജനിതക പരിണാമം അടുത്തിടെയാണ് ഇവര്‍ കണ്ടുപിടിച്ചത്. ഈ ജനിതക പരിണാമമാണ് കൃഷ്ണമണിയുടെ നിറം മാറ്റത്തിനു കാരണമത്രേ.
പണ്ട് മനുഷ്യര്‍ക്കെല്ലാവര്‍ക്കും ബ്രൗണ്‍ നിറത്തിലുള്ള കൃഷ്ണമണിയാണ് ഉണ്ടായിരുന്നതെന്ന് ഡിപ്പാര്്ട്ടുമെന്റ് ഓഫ് സെല്ലുലാര്‍ ആന്റ് മോളിക്യൂലാര്‍ മെഡിസിനിലെ പ്രൊഫസര്‍ എല്ബേര്ഗ് പറഞ്ഞു. എന്നാല്‍ നമ്മുടെ ക്രോമസോമിലെ ഒ.സിഎ2 എന്ന ജീനിന് ഒരു ജനിതക പരിണാമം ഉണ്ടായതോടെയാണ് ബ്രൗണ്‍ നിറമുള്ള കൃഷ്ണമണികള്‍ ഉണ്ടാക്കുന്ന പ്രക്രിയ നിന്നു പോയതത്രേ.
നമ്മുടെ മുടി, കണ്ണുകള്‍, ത്വക്ക് എന്നിവയ്ക്ക് നിറം നല്കുന്ന മെലാനിന്‍ ഉത്പാദിപ്പിക്കാന്‍ ഇടയാക്കുന്ന പി പ്രോട്ടീന്‍ നിര്‍മ്മിക്കപ്പെടണമെങ്കില്‍ ഒ.സിഎ-2 ജീനിന്റെ പ്രവര്‍ത്തനമുണ്ടാകണം. എന്നാല്‍ ഒസിഎ-2ന്റെ സമീപത്തുള്ള ചില ജീനുകള്‍ക്കാണ് പരിണാമം ഉണ്ടായത് എന്നതിനാല്‍ ബ്രൗണ്‍ നിറത്തിലുള്ള കൃഷ്ണമണികള്‍ സൃഷ്ടിക്കപ്പെടുന്നത് പൂര്‍ണ്ണമായും ഇല്ലാതെയായില്ല. പകരം ബ്രൗണ്‍ നിറത്തിന് നേര്‍പ്പിക്കല്‍ ആണ് സംഭവിച്ചത്. അപ്രകാരമാണ് ബ്രൗണ്‍ നിറത്തിന് പകരം നീലനിറം ഉണ്ടായത്. ഒസിഎ-2 ജീന്‍ പൂര്‍ണ്ണമായും നശിപ്പിക്കപ്പെടുകയാണെങ്കില്‍ മനുഷ്യന്റെ മുടി, കണ്ണുകള്‍, ചര്‍മ്മം എന്നിവയ്ക്കെല്ലാം വര്ണ്ണരാഹിത്യമുണ്ടാകുന്ന, ആല്‍ബിനിസം എന്ന അവസ്ഥ ഉണ്ടാകുമായിരുന്നു
.
ബ്രൗണ്‍, പച്ച തുടങ്ങിയ നിറങ്ങളില്‍ കൃഷ്ണമണികള്‍ കാണപ്പെടുന്നതിന് വ്യക്തമായ വിശദീകരണം നല്‍കാനും ഇതുമൂലം കഴിയും. കണ്ണുകളിലെ മെലാനിന്റെ അളവില്‍ നേരിയ കുറവു മാത്രം സംഭവിക്കുമ്പോഴാണ് നീല നിറത്തിലുള്ള കണ്ണുകള്‍ ലഭിക്കുന്നത്. ഇതില്‍ നിന്നും നീലക്കണ്ണുള്ള എല്ലാവരുടെയും പൂര്വ്വികന് ഒരാളായിരുന്നു എന്നു തെളിയിക്കാനാവുമത്രേ. നീലക്കണ്ണുള്ള എല്ലാവര്ക്കും അവരുടെ ക്രോമസോമില്‍ ഒസിഎ-2 ജീനിന്റെ സമീപത്തായിട്ടാണ് പ്രസ്തുത ജനിതകമാറ്റം ഉണ്ടായിരിക്കുന്നതെന്ന് സ്ഥിരീകരിക്കാനായിട്ടുണ്ട്. എന്നാല്‍ ബ്രൗണ്‍ നിറമുള്ള കണ്ണുള്ളവര്‍ക്ക് മെലാനിന്‍ ഉല്പാദനം നിയന്ത്രിക്കുന്ന ഡിഎന്‍എയുടെ ഭാഗത്താണ് വ്യക്തമായ വ്യതിയാനം കാണപ്പെട്ടത്.
1996-ല്‍ ഒസിഎ-2 ജീനാണ് കണ്ണുകളുടെ നിറവ്യത്യാസത്തിന് ഇടയാക്കുന്നതെന്ന് കരുതുന്നതായി പ്രൊഫസര്‍ എല്‍ബര്‍ഗ് വെളിപ്പെടുത്തിയതിനു ശേഷം നീലക്കണ്ണുള്ളവര്‍ കൂടുതല്‍ കാണപ്പെടുന്ന ജോര്‍ദ്ദാന്‍, ഡെന്മാര്ക്ക്, ടര്‍ക്കി തുടങ്ങിയ ഇടങ്ങളിലെ ആളുകളുടെ കണ്ണിന്റെ നിറവും മൈറ്റോ കോണ്ട്രിയയുടെ ഡിഎന്‍ എയുമായി നടത്തിയ, ഒരു ദശകത്തോളം നീണ്ട താരതമ്യ പഠനത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന പഠനഫലം.
ബ്രൗണ്‍ നിറത്തില്‍ നിന്ന് നീല നിറത്തിലേക്കുള്ള മാറ്റം ദോഷകരമായ ഒരു ജനിതക മാറ്റമാണെന്ന് പറയാന്‍ കഴിയില്ല. മുടിയുടെ നിറം , കഷണ്ടി, മറുകുകള്‍ എന്നിവയുണ്ടാകുന്നതിന് കാരണമാകുന്ന ജനിതകമാറ്റങ്ങളെപ്പോലെ നിര്‍ദ്ദോഷകരമായ ഒരു ജനിതക പരിണാമം മാത്രമാണിതെന്നും അവയൊന്നും ആ വ്യക്തിയുടെ ജീവന്റെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിക്കില്ലെന്നും പ്രൊഫസര്‍ അഭിപ്രായപ്പെട്ടു. മനുഷ്യന്റെ ജനിതകഘടനയില്‍ പ്രകൃതി നിരന്തരം മാറ്റങ്ങള്‍ വരുത്തി കൊണ്ടിരിക്കുകയും പുതിയ പുതിയ ചേരുവകള്‍ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും മാത്രം കരുതിയാല്‍ മതിയെന്നാണ് പ്രൊഫസര്‍ എല്ബര്ഗിന്റെ കാഴ്ചപ്പാട്.
https://www.facebook.com/Malayalivartha