അവള് ഇപ്പോഴും തനിക്ക് ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ കാണുകയും അറിയുന്നുമുണ്ട്; ആക്രമിക്കപ്പെട്ട നടി അയച്ചുകൊടുത്ത ഫെയ്സ്ബുക്ക് പോസ്റ്റുമായി റിമ
കൊച്ചിയിൽ ആക്രമണത്തിനിരയായ തന്റെ സുഹൃത്ത് അയച്ചുതന്ന ഒരു ഫെയ്സ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ട് നടി റീമാ കല്ലിങ്കൽ പുറത്തുവിട്ടു. ദീലീപ് ജാമ്യത്തിൽ ഇറങ്ങിയപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ പ്രചരിക്കപ്പെട്ട പോസ്റ്റിൽ, ദീലിപ് മനസ് വച്ചാൽ കേരളത്തിലെ തനിക്കെതിരെ സംസാരിച്ചവരെല്ലാം ആൺപിള്ളേരുടെ ഫോണിലെ അശ്ലീല ചിത്രമാകുമെന്നാണ് പറയുന്നത്.
റിമയുടെ ഫേസ്ബുക് കുറിപ്പിലേക്ക്;
എന്റെ സുഹൃത്തായ ഫെബ്രുവരി 17ന് ക്രൂരമായ അക്രമണത്തിന് ഇരയാക്കപ്പെട്ട നടിയാണ് ഈ ഫെയ്സ്ബുക്ക് പോസ്റ്റ് അയച്ചു തന്നത്. അവള് ഇപ്പോഴും തനിക്ക് ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ കാണുകയും അറിയുന്നുമുണ്ട്.
വളരെ കുറച്ച് പുരുഷന്മാരുടെ മോശം സ്വഭാവം കൊണ്ട് എല്ലാ പുരുഷന്മാരെയും മോശക്കാരായി കാണരുതെന്നാണ് എനിക്ക് സ്ത്രീകളോട് പറയാനുള്ളത്. നല്ലവരായ പുരുഷന്മാര്ക്ക് വേണ്ടി നാം സ്ത്രീകള്‍ നിലകൊള്ളണം. അവരെ രക്ഷിക്കണം.
പുലിമുരുകന് സിനിമയ്ക്ക് മോശം നിരൂപണം എഴുതിയ സ്ത്രീയെ വിമര്‍ശിച്ചവര്‍ മോഹന്‍ലാലിനും സമൂഹത്തിലെ മറ്റുപുരുഷന്മാര്ക്കും നാണക്കേട് ഉണ്ടാക്കി. ലിച്ചിയെ കരയിച്ചവരാകട്ടെ മമ്മൂട്ടിക്കും മറ്റു പുരുഷന്മാര്ക്കും അപമാനമുണ്ടാക്കി. ദിലീപ് ആണ് ക്വട്ടേഷന്‍ കൊടുത്തതെന്ന് പറഞ്ഞുവെക്കുന്ന ഈ ഫെയ്സ്ബുക്ക് പോസ്റ്റ് പ്രചരിപ്പിക്കുന്നവരും മറ്റുപുരുഷന്മാര്‍ക്ക് നാണക്കേട് ആണ്.
ഇതാണ് ഹീറോയിസം എന്നുവിശ്വസിക്കുന്ന ഇക്കൂട്ടരില്‍ നിന്നും യഥാര്‍ത്ഥ പുരുഷന്മാരെയും പുതുതലമുറയെയും രക്ഷപ്പെടുത്തണം. ജയിലിന് പുറത്ത് മധുരം വിളമ്പുന്നവരോ ഇതുപോലെ ഫെയ്ക്ക് പ്രൊഫൈലുകള്‍ ഉള്ള ഭീരുക്കളോ യഥാര്‍ത്ഥ പുരുഷന്മാര് അല്ല. ഇങ്ങനെയുള്ളവരോടൊപ്പം സുഹൃത്തുക്കളാകാനോ സ്നേഹിക്കാനോ അവര്‍ക്കൊപ്പം ജീവിതം നയിക്കാനോ സാധിക്കില്ല. ഇവരില്‍ നിന്ന് നാം വരും തലമുറയെ രക്ഷപെടുത്തണം. റിമ കുറിച്ചു.
ദിലീപിന് ജാമ്യം ലഭിച്ച ശേഷം ഇതാദ്യമായാണ് ആക്രമിക്കപ്പെട്ട നടിക്കൊപ്പം ആദ്യം മുതല്‍ നില കൊണ്ട റിമ ഒരു പ്രസ്താവനയുമായി രംഗത്തെത്തുന്നത്..
https://www.facebook.com/Malayalivartha