ലോകകപ്പിനിറങ്ങുമ്പോള്‍ ജിതേന്ദര്‍ ഓര്‍ക്കുന്നത് അമ്മയെ!
ഹെയര്‍ സ്റ്റൈലില്‍ ഫാഷന്‍ വിപ്ലവത്തിന്റെ ആശാന്മാരാണ് ഫുട്ബോള്‍ താരങ്ങള്‍. മുമ്പ് വാള്ഡരാമയും റൂഡ് ഗുള്ളിറ്റും ഡേവിഡ് ബെക്കാമും ഒക്കെ ആയിരുന്നെങ്കില്‍ ഇന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പോള്‍ പോഗ്ബയും മരെക് ഹാംസിക്കും പിയറെ ഔബമേങ്ങും കളിക്കളത്തിലെ പ്രകടനത്തിനൊപ്പം വ്യത്യസ്തങ്ങളായ ഹെയര്സ്റ്റൈല്കൊണ്ടും ആരാധകരെ കൈയിലെടുക്കുന്നു. അണ്ടര്‍ 17 ലോകകപ്പിനിറങ്ങുന്ന ഇന്ത്യന്‍ ടീമിലെ പ്രതിരോധനിര താരം ജിതേന്ദ്ര സിങ്ങിന്റെ ഹെയര്‍ സ്റ്റൈല്‍ പക്ഷേ, അതിലെ വൈകാരികതകൊണ്ടാണ് ഹിറ്റായിരിക്കുന്നത്.
ഹിന്ദിയില്‍ മാ (അമ്മ) എന്നാണ് കൊല്‍ക്കത്തക്കാരനായ ജിതേന്ദ്ര തന്റെ തലമുടിയില്‍ കുറിച്ചിരിക്കുന്നത്. തന്നെ താനാക്കിയ അമ്മയ്ക്കുള്ള സമര്‍പ്പണമാണ് ഇതെന്ന് താരം പറയുന്നു.
കൊല്‍ക്കത്തയിലെ അലിപോറിലുള്ള ചേരിയിലാണ് ജിതേന്ദര്‍ വളര്‍ന്നത്. തുച്ഛമായ ശമ്പളം മാത്രം ലഭിക്കുന്ന കാവല്‍ക്കാരനാണ് അച്ഛന് രവീന്ദര്‍. അസുഖം കാരണം പലപ്പോഴും ജോലിക്ക് പോകാനുമാകുന്നില്ല. വീട്ടിലിരുന്ന് തയ്യല്‍പ്പണി ചെയ്യുന്ന അമ്മ ഹേമാദേവിയുടെ വരുമാനമാണ് കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്.
കുടുംബത്തിന്റെ അന്നദാതാവ് മാത്രമല്ല ഹേമാദേവി. അവിടെ തീരുമാനങ്ങളെടുക്കുന്നതും ഈ അമ്മയാണ്. ജിതേന്ദറിന്റെ ചേട്ടന് കൊല്‍ക്കത്ത ഫുട്ബോള്‍ ക്ലബ്ബ് യുണൈറ്റഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ താരമാണ്. ഇരുവരെയും അച്ചടക്കത്തോടെ മുന്നോട്ടുനയിക്കുന്നതിനൊപ്പം ഉയര്‍ന്ന ലക്ഷ്യങ്ങള്‍ നേടാന്‍ അവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതും ഹേമാദേവിയാണ്. ജീവിതത്തിലെ പ്രധാന സംഭവമായ ലോകകപ്പിനിറങ്ങുമ്പോള്‍ അമ്മയെ അല്ലാതെ മറ്റാരെയാണ് ജിതേന്ദര്‍ ഓര്‍ക്കുക.
https://www.facebook.com/Malayalivartha