പട്ടിണി കൊണ്ടു വലഞ്ഞ റഷ്യക്കാരന് കാഞ്ചീപുരം ക്ഷേത്രത്തില്‍ ഭിക്ഷക്കാരനായി...!! പിന്‍നമ്പര്‍ തെറ്റിച്ചടിച്ച് എടിഎം കാര്‍ഡ് ബ്ളോക്കായതാണ് ഭിക്ഷയെടുക്കാന്‍ ഇടയാക്കിയത്
ദക്ഷിണേന്ത്യന്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ റഷ്യന്‍ സഞ്ചാരി പിന് നമ്പര്‍ തെറ്റിച്ചടിച്ചതിനെ തുടര്‍ന്ന് കാര്‍ഡ് ബ്ളോക്കായി ഒടുവില്‍ തമിഴ്നാട്ടിലെ ക്ഷേത്ര വളപ്പില്‍ ഉപജീവനത്തിനായി ഭിക്ഷക്കാരന്റെ വേഷം കെട്ടി. സാങ്കേതിക തകരാറു മൂലം എടിഎമ്മില്‍ നിന്നും പണമെടുക്കാനുള്ള മാര്‍ഗ്ഗം ഇല്ലാതായതിനെ തുടര്‍ന്ന് ഇവാഞ്ചലിന് ബെര്നിക്കോവ് എന്ന 24-കാരനാണ് കാഞ്ചീപുരം കുമാരകോട്ട മുരുഗന് ക്ഷേത്രത്തില്‍ യാചകനായത്.
ടൂറിസ്റ്റ് വിസയില്‍ കഴിഞ്ഞമാസം 8-നായിരുന്നു ഈ റഷ്യന്‍ വിദ്യാര്‍ത്ഥി ഇന്ത്യയില്‍ എത്തിയത്. ഉത്തരേന്ത്യന്‍ സന്ദര്‍ശനം നടത്തിയ ശേഷം ബംഗലുരുവില്‍ നിന്നും ബസില്‍ തമിഴ്നാട്ടില്‍ എത്തിയപ്പോള്‍ കയ്യിലുണ്ടായിരുന്ന പണം തീര്‍ന്നു. എടിഎമ്മില്‍ നിന്നും പണമെടുക്കാന്‍ പിന് നമ്പര്‍ മറന്നുപോയി. പാസ്വേഡ് പല തവണ തെറ്റിച്ചടിച്ചതോടെ കാര്‍ഡ് ബ്ളോക്കായി. കയ്യില്‍ നയാപൈസയില്ലാതെ വലഞ്ഞു.
തുടര്‍ന്ന് ക്ഷേത്ര നഗരിയില്‍ അലസമായി ചുറ്റിക്കറങ്ങുകയും ക്ഷേത്രവളപ്പില്‍ ഒരു രാത്രി ചെലവഴിക്കുകും ചെയ്തു. പിന്നീട് വിശപ്പും ദാഹവും കൂടിയതോടെ തലയിലെ തൊപ്പിയെടുത്ത് ഭിക്ഷ യാചിക്കാന്‍ തുടങ്ങി. ക്ഷേത്രത്തിലിരുന്നു തെണ്ടുന്ന വിദേശിയെ കണ്ട് അനുകമ്പ തോന്നിയ നാട്ടുകാരില്‍ ചിലര്‍ പണം നല്കി.
വിവരം ചിലര്‍ പോലീസിനോട് പറയുകയും അവര്‍ അന്വേഷിച്ചു വരികയും ചെയ്തു. അന്വേഷണത്തില്‍ യാത്രാ രേഖയും പാസ്പോര്‍ട്ടും വിസയുമെല്ലാം കൃത്യമാണെന്ന് കണ്ടെത്തിയ പോലീസ് 500 രൂപയും നല്കി വയറു നിറയെ ഭക്ഷണം വാങ്ങി നല്കി ട്രെയിനില്‍ കയറ്റി ചെന്നൈയിലേക്ക് വിടുകയും ചെയ്തു.
ആരോ ഇതിനിടെ ഇവാഞ്ചലിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റും ചെയ്തു. എന്തായാലും ചെന്നൈയിലെ റഷ്യന്‍ സാംസ്ക്കാരിക കേന്ദ്രത്തിന്റെ സംരക്ഷണയില്‍ കഴിയുന്ന ഇവാഞ്ചലിന് എല്ലാസഹായവും ചെയ്യാന്‍ സന്നദ്ധയായി വിദേശകാര്യമന്ത്രി സുഷമാസ്വരാജിന്റെ കരുണാര്‍ദ്ര ഹസ്തവും എത്തിയിട്ടുണ്ടെന്നാണ് പുതിയ വിവരം.
https://www.facebook.com/Malayalivartha