അയാളെ തൂക്കിക്കൊന്ന ശേഷം ജഡം നാലു കഷണമായി മുറിച്ച് ജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കണം!; ഹെന്റ്രി എട്ടാമന്റെ രാജശാസനം പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നു
ഹെന്റി എട്ടാമന് രാജാവ് ഒരു പുരോഹിതനെതിരെ 16-ാം നൂറ്റാണ്ടില്‍ പുറപ്പെടുവിച്ച മരണ വാറന്റ് ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് കാണാനായി പ്രദര്‍ശിപ്പിയ്ക്കുന്നു. പ്രസ്തുത പുരോഹിതനെ തൂക്കി കൊന്നതിനു ശേഷം ആ ശരീരം നാല് കഷണമായി മുറിക്കണമെന്നാണ് ഉത്തരവില്‍ പറഞ്ഞിരിയ്ക്കുന്നത്.
ക്ഷിപ്രകോപിയെന്ന് കുപ്രസിദ്ധി നേടിയ രാജാവ്, പറഞ്ഞു കൊടുത്തത് മറ്റാരോ കേട്ടെഴുതിയ രൂപത്തിലാണ് കത്ത്. ഒരു ആവേശത്തില്‍ തൂക്കിക്കൊന്നതിനു ശേഷം ജഡം നാലായി മുറിയ്ക്കണമെന്നൊക്കെ പറഞ്ഞെങ്കിലും പിന്നീട് മനസ്സ് മാറിയതിനാല്‍ ആ ഭാഗം വെട്ടിക്കളഞ്ഞതായാണ് കാണുന്നത്.
പാശ്ചാത്യ റോമന്‍ കാതോലിക്കാ സഭാസ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടുകയും പ്രവര്‍ത്തനം നിര്‍ത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്ന 16-ാം നൂറ്റാണ്ടില്‍ ചെഷയറിലെ റണ്കോര്ണിലുള്ള നോര്ട്ടന് പ്രയോറി പൂട്ടിയ്ക്കാന്‍ ചെന്ന രാജാവിന്റെ ഭടന്മാരെ അവിടത്തെ പുരോഹിതന്മാരും കൂടെയുള്ളവരും ചേര്‍ന്ന് തടഞ്ഞതിന്റെ രോഷപ്രകടനമായിരുന്നു ഹെന്റി 8-ാമന്‍ കത്തിലൂടെ പ്രകടിപ്പിച്ചത്.
1536-ലാണ് ഡിസൊല്യൂഷന്‍ ഓഫ് മൊണാസ്റ്ററീസ് എന്ന് പിന്നീട് പേര് കേട്ട, റോമന്‍ കാതോലിക്കന് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്ത്തിവയ്പ്പിയ്ക്കല് നടന്നത്. തന്റെ സെക്രട്ടറിയ്ക്ക് ഡിക്ടറേറ്റു ചെയ്തു കൊടുത്ത കത്തില്‍, നാല് കഷണങ്ങളാക്കിയ പുരോഹിതന്റെ ജഡം നാട്ടുകാര്‍ക്ക് മുന്‍പാകെ പ്രദര്‍ശിപ്പിയ്ക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. പിന്നീട് എന്ത് കൊണ്ടാണ് മനം മാറ്റമുണ്ടായതെന്നും അത് വെട്ടി കളഞ്ഞതെന്നും വ്യക്തമല്ല.
ഇപ്പോള്‍ മ്യൂസിയമായി പ്രവര്‍ത്തിയ്ക്കുന്ന നോര്ട്ടന് പ്രിയോറി മ്യൂസിയത്തില്‍ ഈ മെയ് 5- മുതല്‍ ഈ കത്ത് പ്രദര്‍ശനത്തിന് വയ്ക്കുന്നുണ്ട്. ഇത് വരെ നാഷണല്‍ ആര്‍കൈവ്സില്‍ സൂക്ഷിച്ചിരുന്ന ഈ കത്ത് ഓഗസ്റ് അവസാനം വരെ ഇവിടെ പ്രദര്‍ശനത്തിന് വയ്ക്കാനായി നല്‍കുകയായിരുന്നു.
സ്മാരകങ്ങള്‍ സൂക്ഷിയ്ക്കുന്ന ഒരു പ്രത്യേക പേടകത്തോടൊപ്പമാണ് ഈ കത്ത് വിക്ടോറിയ ആന്‍ഡ് ആല്‍ബേര്‍ മ്യൂസിയം നോര്‍ട്ടണ്‍ പ്രിയോറി മ്യൂസിയത്തിന് കൈമാറുന്നത്.അക്കാലത്ത് മൊണാസ്റ്ററികളുടെ കൈവശം എത്രയധികം സമ്പത്തുണ്ടായിരുന്നു എന്ന് തെളിയിയ്ക്കുന്നതാണ് ആ സ്മാരക പേടകം. പ്രസ്തുത കത്തും പേടകവും അക്കാലത്ത് സന്യാസി മഠങ്ങള്‍ അടച്ചു പൂട്ടിയത് എത്ര വലിയ ഒച്ചപ്പാടിന് ഇടയാക്കിയിരുന്നു എന്നതിന് തെളിവുകളാണ്.
1530-കളില്‍ ഇംഗ്ലണ്ടിലെയും വെയില്‍സിലേയും സന്യാസി മഠങ്ങള്‍ സാധാരണക്കാരില്‍ നിന്നും അകന്ന് അഴിമതിയില്‍ മൂടിക്കിടക്കയായിരുന്നു. പോപ്പിന്റെ അധികാരത്തെ ഹെന്റി 8-ാമന്‍ അംഗീകരിച്ചിരുന്നില്ല.
1531-ല്‍ ഇംഗ്ലണ്ടിനെയും, വെയില്‍സിനെയും, അയര്‍ലന്‍ഡിനെയും ഹെന്റി 8-ാമന്‍ റോമന്‍ കത്തോലിക്ക സഭയുടെ കീഴില്‍ നിന്നും വിടുവിച്ചു. അദ്ദേഹത്തിന്റെ അടുത്ത നടപടിയായിരുന്നു സന്യാസി മഡങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കുക എന്നത്. സഭയെ പുനരുദ്ധരിയ്ക്കുക എന്ന ഉദ്ദേശമുണ്ടായിരുന്നുവെങ്കിലും സന്യാസി മഠങ്ങളില്‍ കുമിഞ്ഞുകൂടിയ സ്വത്ത് സമ്പ്യാദ്യങ്ങള് അവരില്‍ നിന്നും പിടിച്ചെടുക്കുക എന്നതായിരുന്നു പ്രധാന ഉദ്ദേശം.
https://www.facebook.com/Malayalivartha