പത്താം ക്ലാസ് ജയിച്ചവര്‍ക്ക് പതിനായിരം രൂപയുടെ കേന്ദ്ര സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ് ലഭിക്കുമെന്ന് വാട്സ് ആപ്പില്‍ മെസേജ് കണ്ട് ജനം നെട്ടോട്ടം; സംഭവത്തിന്റെ സത്യം അറിയാനായി ശ്രമിച്ചപ്പോള്‍... വ്യാജ പ്രചരണരണം നടത്തിയവര്‍ കുടുങ്ങും
പത്താം ക്ലാസില്‍ മികച്ച മാര്‍ക്ക് നേടിയവര്‍ക്ക് പതിനായിരം രൂപയുടെ സ്കോളര്‍ഷിപ്പ്... എന്ന തരത്തിലുള്ള മെസേജ് കത്തിപ്പടരുകയാണ്. 75 ശതമാനത്തിലധികം മാര്‍ക്ക് വാങ്ങി ജയിച്ചവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പതിനായിരം രൂപയുടെ സ്കോളര്‍ഷിപ്പ് നല്‍കുമെന്നാണ് മെസേജ്. ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം പൊടിപൊടിക്കുകയാണ്. രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടും തമാശക്കും വേണ്ടി പടച്ചുവിട്ട മെസേജ് കാരണം പൊറുതിമുട്ടിയത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരാണ്. അപേക്ഷാഫോം എവിടെ കിട്ടും എന്നു ചോദിച്ച് തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഫോണ്‍വിളികളും മറ്റും ഒരുപോലെ എത്തുന്നുണ്ട്.
സ്കോളര്‍ഷിപ്പിനുള്ള അപേക്ഷാഫോം നഗരസഭകളിലും പഞ്ചായത്തുകളിലും ലഭിക്കുമെന്നാണ് വാട്സ് ആപ്പ് സന്ദേശത്തിലുള്ളത്. ഇതോടെ ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ ഫോം തേടി തദ്ദേശസ്ഥാപനങ്ങളില്‍ എത്തുന്നുണ്ട്. എസ്.എസ്.എല്‍.സി. ഫലപ്രഖ്യാപനം വന്ന ഉടനെയാണ് വ്യാജപ്രചാരണം ആരംഭിച്ചത്. പ്ലസ്ടുവിന് 75 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ലഭിച്ചവര്‍ക്ക് 25,000 രൂപ ലഭിക്കുമെന്നും സന്ദേശത്തിലുണ്ട്. പ്ലസ്ടു ഫലപ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ല. ഇത് തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാരെയും അദ്ധ്യാപകരെയും ഒരേപോലെ കുഴക്കുകയാണ്.
നഗരസഭകളില്‍ വിദ്യാര്‍ത്ഥികള്‍ നേരിട്ടെത്തുന്നതിനോടൊപ്പം ഫോണ്‍വിളികളുടെയും ബഹളമാണ്. ഔദ്യോഗികമായി കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഇത്തരത്തില്‍ യാതൊരുവിധ അറിയിപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. സന്ദേശം ലഭിക്കുന്നവര്‍ അതിന്റെ സത്യാവസ്ഥ മനസിലാക്കാതെ മറ്റുള്ളവര്‍ക്ക് കൈമാറുകയാണ്.
പ്രചാരണം വിശ്വസിച്ച് തദ്ദേശ സ്ഥാപനങ്ങിലെത്തുന്നവരും ജീവനക്കാരുമായി വാക്കേറ്റംവരെ ഉണ്ടാകുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ നല്കുന്ന പണത്തിന് എന്തുകൊണ്ട് ഫോം നല്‍കുന്നില്ലെന്നാണ് ഇവരുടെ ചോദ്യം. അപേക്ഷാ ഫോമിന്റെ ആവശ്യക്കാരേറിയതോടെ അങ്കലാപ്പിലായത് ജീവനക്കാരാണ്.
സാമൂഹിക മാധ്യമങ്ങളിലൂടെ ഇത്തരത്തില്‍ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരേ സൈബര്‍ സെല്ലിനും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കുമെന്ന് ആലപ്പുഴ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ജി. മനോജ് കുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha