വിന്‍ഡീസെനെതിരായ പരമ്പരയിൽ ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും; സഞ്ജുവിനും സാധ്യത എന്ന് വിലയിരുത്തൽ !

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും എന്ന വാർത്തകളാണ് കായിക ലോകത്ത് നിന്നും പുറത്ത് വരുന്നത്. മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് വരാൻ പോകുന്ന പരമ്പരയിലുളളത്. പരമ്പരയിലെ ആദ്യ ടി20 മത്സരം അടുത്തമാസം ആറിന് മുംബൈയില്‍ നടക്കും എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ടാം മത്സരം എട്ടിന് തിരുവനന്തപുരത്തും മൂന്നാം മത്സരം 11ന് ഹൈദരാബാദിലും നടക്കും. ഡിസംബര്‍ 15ന് ചെന്നൈയിലാണ് ആദ്യ ഏകദിനം. വിശാഖപട്ടണം(ഡിസംബര്‍ 18), കട്ടക്ക്(ഡിസംബര്‍ 22) എന്നിവടങ്ങളിലാണ് മറ്റ് രണ്ട് ഏകദിനങ്ങള്‍.
വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് വിശ്രമം അനുവദിക്കുന്നതിനെക്കുറിച്ച് സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കുമെന്നാണ് നിലവിൽ പുറത്ത് വരുന്ന സൂചനകൾ. മോശം ഫോമിലുള്ള ഓപ്പണര്‍ ശിഖര്‍ ധവാന്‍ ടീമില്‍ തുടരുമോ എന്നും ആകാംക്ഷയുണര്‍ത്തുന്ന കാര്യംതന്നെയാണ്. ധവാനെ തഴഞ്ഞാല്‍ മായങ്ക് അഗര്‍വാളോ, കെ എല്‍ രാഹുലോ ഏകദിന ടീമില്‍ ഇടം നേടും. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ഇടം നേടിയെങ്കിലും ഒറ്റ മത്സരത്തില്‍ പോലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസണ് വീണ്ടും അവസരം നല്‍കിയേക്കുമെന്നാണ് സൂചന .
പരിക്കില്‍ നിന്ന് പൂര്‍ണമായും മോചിതരാകാത്ത ഹര്‍ദ്ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, നവദീപ് സെയ്നി, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെ ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യതയില്ല. ഈ സാഹചര്യത്തില്‍ ശിവം ദുബെയും ഷര്‍ദ്ദുല്‍ ഠാക്കൂറും ടീമില്‍ തുടര്‍ന്നേക്കും. സ്പിന്‍ ബൗളിംഗ് ഓള്‍ റൗണ്ടര്‍മാരായ വാഷിംഗ്ടണ്‍ സുന്ദറിന്റെയും ക്രുനാല്‍ പാണ്ഡ്യയുടെയും പ്രകടനങ്ങളും വിലയിരുത്തും. ദീപക് ചാഹര്‍ പേസ് പടയെ നയിക്കുമ്പോള്‍ ഖലീല്‍ അഹമ്മദ് ടീമില്‍ സ്ഥാനം നിലനിര്‍ത്തുമോ എന്നകാര്യം സംശയമാണ്.
https://www.facebook.com/Malayalivartha


























