പത്ത് ബാറ്റ്സ്മാന്മാരും ഡക്കിന് പുറത്തായി: 126 വര്‍ഷത്തെ ചാംപ്യന്‍ഷിപ്പിനിടെ ഇതുവരെ ആരും നേടിയിട്ടില്ല ഇങ്ങനൊരു വിജയം!

മുംബൈയില്‍ നടന്ന ഹാരിസ് ഷീല്‍ഡ് ക്രിക്കറ്റ് മത്സരം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് റെക്കോര്‍ഡ് ബുക്കില്‍ ഇടംനേടിയിരിക്കുകയാണ്. ഹാരിസ് ഷീല്‍ഡ് മത്സരത്തില്‍ സ്‌കൂള്‍ ക്രിക്കറ്റ് ടീമുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് ചരിത്രമായിരിക്കുന്നത്. ചില്‍ഡ്രന്‍സ് വെല്‍ഫയര്‍ സെന്‍ടര്‍ സ്‌കൂള്‍ ടീമും സ്വാമി വിവേകാനന്ദ ഇന്റര്‍നാഷണല്‍ സ്‌കൂളും തമ്മിലുള്ള മത്സരമാണ് ചരിത്രം രചിച്ചത്.
ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ സ്വാമി വിവേകാനന്ദ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ടീം ഉയര്‍ത്തിയത് 762 റണ്‍സിന്റെ വിജയലക്ഷ്യം ആയിരുന്നു. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന വെല്‍ഫയര്‍ സ്‌കൂള്‍ ടീമിന്റെ എല്ലാ ബാറ്റ്സ്ന്മാന്മാരും പൂജ്യത്തിന് മടങ്ങുകയായിരുന്നു. ഒരു റണ്‍ പോലും സ്‌കോര്‍ ചെയ്യാതെയാണ് 10 ബാറ്റ്സ്മാന്മാരും കൂടാരം കയറിയത്. ഹാരിസ് ഷീല്‍ഡ് മത്സരത്തിന്റെ 126 വര്‍ഷത്തെ ചരിത്രത്തിലെ ആദ്യ സംഭവമാണ് സ്വാമി വികോനന്ദ സ്‌കൂള്‍ സ്വന്തമാക്കിയ ഇത്തരമൊരു വിജയം. ഒരു കാലഘട്ടത്ത് സ്വാമി വിവേകാനന്ദ സ്‌കൂള്‍ ടീം നയിച്ചിരുന്നത് ഇന്ത്യന്‍ സൂപ്പര്‍ താരം രോഹിത് ശര്‍മ്മയായിരുന്നു എന്നതും ശ്രദ്ധേയം.
ആദ്യ ബാറ്റിങ്ങിനിറങ്ങിയ സ്വാമി വിവേകാനന്ദ സ്‌കൂള്‍ ടീമിന്റെ മൂന്നാം നമ്പര്‍ താരമായി ഇറങ്ങിയ മയിക്കറുടെ 338 റണ്‍സാണ് കൂറ്റന്‍ വിജയലക്ഷ്യം സമ്മാനിച്ചത്. 56 ബൗണ്ടറികളുടെയും ഏഴു സിക്സുകളുടെയും അകമ്പടിയോടെയാണ് താരം 338 റണ്‍സ് അടിച്ചുകൂട്ടിയത്. ഇതിനു പുറമെ 57 എക്സ്ട്ര ആണ് വെല്‍ഫയര്‍ ടീം ദാനമായി നല്‍കിയത്. പിന്നാലെ ക്യത്യസമയത്ത് 45 ഓവര്‍ പൂര്‍ത്തിയാക്കാത്തതിനു പിഴയായി എതിര്‍ ടീമിനു 156 റണ്‍സ് കൂടി നല്‍കുകയും ചെയ്തതോടെ വിവേകാനന്ദ സ്‌കൂള്‍ ടീം എതിര്‍ടീമിന് ഉയര്‍ത്തിയ വിജയലക്ഷ്യം 762 റണ്‍സ് ആയി. 45 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടമാക്കിയാണ് 761 റണ്‍സില്‍ എത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സെന്‍ട്രല്‍ സ്‌കൂളിന്റെ പ്രതിരോധം ആറ് ഓവറില്‍ അവസാനിച്ചു. വിവേകാനന്ദ സ്‌കൂള്‍ ടീമിനായി അലോക് പാല്‍ ഹാട്രിക് ഉള്‍പ്പെടെ ആറു വിക്കറ്റ് വീഴ്ത്തി. നോട്ട് ഔട്ടായി നിന്ന ഒരു ബാറ്റ്സ്മാന് ഒരു റണ്‍ പോലും എടുക്കാനുമായില്ല. എങ്കിലും സെന്‍ട്രല്‍ സ്‌കൂളിന്റെ സ്‌കോര്‍ബോര്‍ഡില്‍ 7 റണ്‍സുണ്ടായിരുന്നു. വിവേകാനന്ദ സ്‌കൂള്‍ സമ്മാനിച്ച ഒരു ബൈ-യും 6 വൈഡുകളുമായിരുന്നു അത്!
https://www.facebook.com/Malayalivartha