ബി.സി.സി.ഐയുടെ കമന്റേറ്റര്‍ പാനലിലേക്കുള്ള മഞ്ജരേക്കറുടെ മടക്കം ത്രിശങ്കുവില്‍

ഈ സീസണിലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് യു.എ.ഇയിലേക്ക് പറിച്ചുനട്ടതിനു പിന്നാലെ കമന്റേറ്റര്‍ പാനലിലുള്ളവര്‍ക്ക് ബി.സി.സി.ഐ ഇ-മെയില്‍ അയച്ചപ്പോള്‍ മുന്‍താരംകൂടിയായ സഞ്ജയ് മഞ്ജരേക്കറെ പരിഗണിച്ചില്ല.
ഏകദിന ലോകകപ്പിനിടെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കെതിരേ പരാമര്‍ശം നടത്തിയതോടെയാണ് മഞ്ജരേക്കര്‍ ബി.സി.സി.ഐയുടെ കണ്ണിലെ കരടായത്. അതിനുശേഷം സഹകമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെയുമായി കൊമ്പുകോര്‍ത്തതും വിനയായി.
തെറ്റ് ഏറ്റുപറയുകയും ഭാവിയില്‍ മാനദണ്ഡപ്രകാരം പ്രവര്‍ത്തിച്ചുകൊള്ളാമെന്നും കാട്ടി മഞ്ജരേക്കര്‍ അയച്ച ഇ-മെയില്‍ ബി.സി.സി.ഐ. പരിഗണിച്ചില്ലെന്നാണ് സൂചന.
കളിപറയാനുള്ളവരുടെ ഗണത്തില്‍പ്പെട്ടവര്‍ക്കു ബി.സി.സി.ഐ. ഇ-മെയില്‍ അയച്ചപ്പോള്‍ അതില്‍ സഞ്ജയ് മഞ്ജരേക്കര്‍ ഉള്‍പ്പെടാത്തത് മടക്കം വൈകുമെന്നതിലേക്കു വിരല്‍ചൂണ്ടുന്നു. സുനില്‍ ഗാവസ്‌കര്‍, ഹര്‍ഷ ഭോഗ്ലെ, മുരളി കാര്‍ത്തിക്, എല്‍. ശിവരാമകൃഷ്ണന്‍ തുടങ്ങിയവര്‍ക്കാണു ബി.സി.സി.സി.ഐ. ഇ-മെയില്‍ അയച്ചത്.
ഗാവസ്‌കര്‍ക്ക് യു.എ.ഇയിലേക്കു പോകാന്‍ സാധിച്ചേക്കില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അറുപതു പിന്നിട്ട അമ്പയര്‍മാര്‍, സപ്പോര്‍ട്ടിങ് സ്റ്റാഫ്, ഗ്രൗണ്ട് സ്റ്റാഫ് അടക്കമുള്ളവരെയും പ്രമേഹം, ശ്വാസതടസം, ഹൃദയസംബന്ധിയായ അസുഖമുള്ളവര്‍ തുടങ്ങിയവരെയും ഈ സീസണില്‍ പരിഗണിക്കില്ലെന്നു ബി.സി.സി.ഐ. നേരത്തെ വ്യക്തമാക്കിയിരുന്നു. ഗാവസ്‌കര്‍ 71 കടന്നയാളാണ്.
ഗാവസ്‌കറുടെ ഒഴിവില്‍ കണ്ണുവച്ചാണു മഞ്ജരേക്കര്‍ കമന്റേറ്റര്‍ പാനലില്‍ തിരികെക്കയറാന്‍ ശ്രമിക്കുന്നതെന്നാണു സൂചന.
https://www.facebook.com/Malayalivartha

























