ഐ പി എല്ലിന്റെ മുഖ്യ സ്പോണ്‍സര്‍ഷിപ്പില്‍നിന്നു ചൈനീസ് കമ്പനി വിവോ പിന്മാറിയെന്ന് സൂചന

ചൈനീസ് കമ്പനി വിവോ ഐ പി എല്‍ ട്വന്റി20 ക്രിക്കറ്റിന്റെ മുഖ്യ സ്പോണ്‍സര്‍ഷിപ്പില്‍നിന്ന് പിന്മാറിയെന്നു സൂചന. അതിര്‍ത്തി പ്രശ്നം പരിഹരിക്കപ്പെടാതെ തുടരുന്നതിനിടെ ഐ.പി.എല്ലില്‍ ചൈനീസ് കമ്പനി സ്പോണ്‍സറായി തുടരുന്നത് സാമൂഹിക മാധ്യമങ്ങളില്‍ വിവാദ വിഷയമായിരുന്നു. വിവോയുമായുള്ള കരാര്‍ റദ്ദാക്കണമെന്ന തരത്തില്‍ പ്രതിഷേധം ഉയര്‍ന്നെങ്കിലും കഴിഞ്ഞ ദിവസം നടന്ന സംഘാടക സമിതി യോഗത്തില്‍ വിവോയെ നിലനിര്‍ത്താന്‍ തീരുമാനിച്ചിരുന്നു. ബി.സി.സി.ഐയോ വിവോ കമ്പനിയോ പ്രതികരിക്കാന്‍ തയാറായിട്ടില്ല.
ആരാധകരുടെ പ്രതിഷേധം ശക്തമായതോടെയാണ്് വിവോ സ്പോണ്‍സര്‍ഷിപ്പില്‍നിന്നു മാറിനില്‍ക്കാന്‍ തീരുമാനിച്ചത്. 2018-ല്‍ ബി.സി.സി.ഐയുമായി 2199 കോടി രൂപയ്ക്ക് കരാര്‍ പുതുക്കിയിരുന്നു. ഇത് പ്രകാരം 2023 വരെയാണ് വിവോയ്ക്കു കരാറുള്ളത്. സാഹചര്യം വിലയിരുത്തി അടുത്ത സീസണില്‍ തിരിച്ചുവരാനാണ് വിവോയുടെ പദ്ധതിയെന്നാണ് സൂചന.
വിവോ ആദ്യമായി ഐ.പി.എല്ലിന്റെ മുഖ്യ സ്പോണ്‍സറാകുന്നത് 2015-ലാണ്. വിവോയുടെ പകരക്കാരനെ കണ്ടെത്തിയാല്‍ പിന്മാറ്റം ഫ്രാഞ്ചൈസികളെ സാമ്പത്തികമായി ബാധിക്കില്ല. വിവോയുടെ കരാര്‍ പ്രകാരം ഓരോ ഫ്രാഞ്ചൈസികള്‍ക്കും പ്രതിവര്‍ഷം 20 കോടി രൂപയാണു ലഭിക്കുന്നത്. ചെറിയ സമയത്തിനുള്ളില്‍ ഉയര്‍ന്ന തുകയ്ക്ക് മുഖ്യ സ്പോണ്‍സറെ കണ്ടെത്തുന്നതു ബി.സി.സി.ഐക്ക് കടുത്ത വെല്ലുവിളിയാകും.
സ്പോണ്‍സര്‍ഷിപ്പിന് നിലവിലെ പശ്ചാത്തലത്തില്‍ മിക്ക കമ്പനികളും തയാറാകില്ല. ബി.സി.സി.ഐ. ട്രഷറര്‍ അരുണ്‍ ധുമലിന്റേത് വിവോയെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു. ചൈനയ്ക്ക് നേട്ടമുണ്ടാക്കുന്ന കേസില്‍ കമ്പനികളെ പിന്തുണയ്ക്കുന്നതും ഇന്ത്യക്ക് ഉപകാരപ്രദമാകുന്ന കേസില്‍ ചൈനീസ് കമ്പനികളെ പിന്തുണയ്ക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ധുമല്‍ വ്യക്തമാക്കി.
അവര്‍ ഉണ്ടാക്കുന്ന പണത്തിന്റെ പങ്ക് ബി.സി.സി.ഐയിലേക്ക് എത്തുന്നുണ്ടെന്നും അതിന് 42 ശതമാനം നികുതി അടയ്ക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha