കെഎല്‍ രാഹുലിന്റെ അവസരോചിത അര്‍ധ സെഞ്ച്വറിയുടെ ബലത്തില്‍ ഒന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

കെഎല്‍ രാഹുലിന്റെ അവസരോചിത അര്‍ധ സെഞ്ച്വറിയുടെ ബലത്തില്‍ ഒന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.
ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ 35.4 ഓവറില്‍ 188 റണ്‍സില്‍ ഒതുക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞു. ഇന്ത്യ 39.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്താണ് വിജയം കരസ്ഥമാക്കിയത്.
ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ട ഇന്ത്യയെ ആറാം വിക്കറ്റില്‍ ഒന്നിച്ച കെഎല്‍ രാഹുല്‍ രവീന്ദ്ര ജഡേജ സഖ്യമാണ് വിജയത്തിലേക്ക് നയിച്ചത്. 39 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ ക്ഷമയോടെ ക്രീസില്‍ നിന്ന് രാഹുലും ഏഴാമനായി എത്തിയ ജഡേജയും ചേര്‍ന്ന് ജയത്തിലേക്ക് ഉയര്‍ത്തി.
രാഹുല്‍ 91 പന്തുകള്‍ നേരിട്ട് ഏഴ് ഫോറും ഒരു സിക്‌സും സഹിതം 75 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ജഡേജ 69 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 45 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് പിരിയാത്ത ആറാം വിക്കറ്റില്‍ 108 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
ജയം തേടിയിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ഇഷാന്‍ കിഷനെ നഷ്ടമായിരുന്നു. താരം മൂന്ന് റണ്‍സുമായി മടങ്ങിയതിനു പിന്നാലെ എത്തിയ വിരാട് കോഹ്‌ലിയും ഉടന്‍ തന്നെ മടങ്ങി. നാല് റണ്‍സാണ് മുന്‍ ക്യാപ്റ്റന്‍ നേടിയത്.
കോഹ്‌ലി മിച്ചല്‍ സ്റ്റാര്‍ക്ക് വിക്കറ്റിന് മുന്നില്‍ കുടുക്കി. തൊട്ടടുത്ത പന്തില്‍ സൂര്യകുമാര്‍ യാദവും പുറത്തായി. താരത്തേയും സ്റ്റാര്‍ക്ക് എല്‍ബിയില്‍ കുടുക്കി. മൂന്നിന് 16 റണ്‍സ് എന്ന നിലയിലായി ഇന്ത്യ. അല്‍പ്പ നേരം പിടിച്ചു നിന്ന സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും മടങ്ങിയതോടെ ഇന്ത്യ നാലിന് 39 റണ്‍സ് എന്ന നിലയില്‍ പരുങ്ങി. ഗില്‍ 20 റണ്‍സെടുത്തു.
പിന്നീട് രാഹുലും ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് ഇന്നിങ്‌സ് നേരെയാക്കാനുള്ള ശ്രമമായിരുന്നു. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 44 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. ഇന്നിങ്‌സ് കരുപ്പിടിപ്പിക്കുന്നതിനിടെ ഹര്‍ദികിനെ മടക്കി മാര്‍ക്കസ് സ്‌റ്റോയിനിസ് ഇന്ത്യയെ വീണ്ടും വെട്ടിലാക്കി. ഹര്‍ദിക് 31 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 25 റണ്‍സെടുത്തു. പിന്നീടാണ് രാഹുല്‍ ജഡേജ സഖ്യം ഇന്ത്യയെ ജയത്തിലേക്ക് നയിച്ച കൂട്ടുകെട്ടുമായി കളം നിറഞ്ഞത്.
https://www.facebook.com/Malayalivartha