പഞ്ചാബ് അവസാനം വിറപ്പിച്ചു... മത്സരം തോറ്റെങ്കിലും പഞ്ചാബ് ആരാധകര്‍ക്ക് വെടിക്കെട്ട് സമ്മാനിച്ച് അശുതോഷ്; 28 പന്തില്‍ 61 റണ്‍സ് വാരിക്കൂട്ടി; മുംബൈ ഇന്ത്യന്‍സിന് 9 റണ്‍സ് ജയം; മുംബൈ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 19.1 ഓവറില്‍ 183 റണ്‍സില്‍ ഓള്‍ ഔട്ടായി
അശുതോഷ് ശര്‍മയുടെ വെടിക്കെട്ടിലൂടെ പഞ്ചാബ് ജയിക്കുമെന്ന് തോന്നിച്ചെങ്കിലും അവസാനം വീണുപോയി. പരാജയം ഉറപ്പിച്ച് മത്സരഘട്ടത്തില്‍ പ്രതീക്ഷയുടെ 'പവര്‍' പഞ്ചാബ് കിങ്‌സിനു നല്‍കിയത് ഈ 25 വയസ്സുകാരനാണ്. അശുതോഷും (28 പന്തില്‍ 61), സീസണിലെ മറ്റൊരു താരോദയമായ ശശാങ്ക് സിങ്ങും (25 പന്തില്‍ 41) ടീമിനു വേണ്ടി പൊരുതിയെങ്കിലും ജയം എത്തിപ്പിടിക്കാനായില്ല.
മുംബൈ ഇന്ത്യന്‍സിനെതിരെ ഒന്‍പതു റണ്‍സിനാണ് പഞ്ചാബിന്റെ തോല്‍വി. മുംബൈ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 19.1 ഓവറില്‍ 183 റണ്‍സില്‍ ഓള്‍ ഔട്ടായി. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുമ്ര, ജെറാള്‍ഡ് കോട്സെ എന്നിവരടങ്ങിയ ബോളിങ് നിരയാണ് മുംബൈയ്ക്ക് നിര്‍ണായക വിജയം സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങില്‍, തകര്‍ച്ചയോടെയാണ് പഞ്ചാബ് തുടങ്ങിയത്.
ആദ്യ മൂന്ന് ഓവറിനുള്ളില്‍ തന്നെ പഞ്ചാബിന്റെ നാല് വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റന്‍ സാം കറന്‍ (7 പന്തില്‍ 6), പ്രഭ്‌സിമ്രാന്‍ സിങ് (പൂജ്യം) എന്നിവര്‍ ചേര്‍ന്നാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ആദ്യ ഓവറിന്റെ മൂന്നാം പന്തില്‍ തന്നെ പ്രഭ്‌സിമ്രാനെ ഗോള്‍ഡന്‍ ഡക്കായി മടക്കി ജെറാള്‍ഡ് കോട്സെ പഞ്ചാബിന് ആദ്യ പ്രഹരമേല്‍പ്പിച്ചു. തൊട്ടടുത്ത ഓവറില്‍ തന്നെ ക്യാപ്റ്റന്‍ സാം കറനെയും റിലീ റോസോവിനെയും (3 പന്തില്‍ 1) ജസ്പ്രീത് ബുമ്രയും മടക്കിയതോടെ പഞ്ചാബ് പതറി. പിന്നാലെയത്തിയ ലിയാം ലിവിങ്സ്റ്റനെയും (2 പന്തില്‍ 1) എന്തെങ്കിലും ചെയ്യാന്‍ സാധിക്കും മുന്‍പ് കോട്‌സെ വീഴത്തി.
അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഹര്‍പ്രീത് സിങ് ഭാട്ടിയ (15 പന്തില്‍ 13), ശശാങ്ക് സിങ് (25 പന്തില്‍ 41) എന്നിവര്‍ ചേര്‍ന്നാണ് പഞ്ചാബിനെ വലിയ തകര്‍ച്ചയില്‍നിന്നു രക്ഷിച്ചത്. ഇരുവരും ചേര്‍ന്ന് 35 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഏഴാം ഓവറില്‍ ഹര്‍പ്രീതിനെയും പഞ്ചാബിനു നഷ്ടമായി. പിന്നീടെത്തിയ ജിതേഷ് ശര്‍മയ്ക്ക് (9 പന്തില്‍ 9) കാര്യമായി ഒന്നും ചെയ്യാനായില്ല. ഏഴാം വിക്കറ്റില്‍ ശശാങ്ക് അശുതോഷ് സഖ്യം ഒന്നിച്ചതോടെയാണ് മത്സരത്തിലേക്കു പഞ്ചാബ് തിരിച്ചുവന്നത്.
13ാം ഓവറില്‍ ശശാങ്ക് പുറത്തായശേഷവും അശുതോഷ് വെടിക്കെട്ട് തുടര്‍ന്നതോടെ പഞ്ചാബിന് വിജയപ്രതീക്ഷയായി. ഏഴു സിക്‌സും രണ്ടു ഫോറുമാണ് അശുതോഷിന്റെ ബാറ്റില്‍നിന്നു പിറന്നത്. ഉറച്ച പിന്തുണയുമായി ഹര്‍പ്രീത് ബ്രാറും (20 പന്തില്‍ 21). എന്നാല്‍ 18ാം ഓവറിന്റെ ആദ്യ പന്തില്‍ അശുതോഷിനെ പുറത്താക്കി ജെറാള്‍ഡ് കോട്സെ വീണ്ടും മത്സരം മുംബൈയ്ക്ക് അനുകൂലമാക്കി. അശുതോഷ് പുറത്തായതോടെ പഞ്ചാബ് മത്സരം കൈവിട്ടു. പിന്നീടെത്തിയ ഹര്‍ഷല്‍ പട്ടേല്‍ (4 പന്തില്‍ 1*), കഗീസോ റബാദ (3 പന്തില്‍ 8*) എന്നിവര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല.
ആദ്യം ബാറ്റു ചെയ്ത മുംബൈ, നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 192 റണ്‍സെടുത്തത്. അര്‍ധസെഞ്ചറി നേടിയ സൂര്യകുമാര്‍ യാദവ് (53 പന്തില്‍ 78), രോഹിത് ശര്‍മ (25 പന്തില്‍ 36), തിലക് വര്‍മ (18 പന്തില്‍ 34*) എന്നിവരുടെ ഇന്നിങ്‌സാണ് അവര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പഞ്ചാബിനായി ഹര്‍ഷല്‍ പട്ടേല്‍ മൂന്നു വിക്കറ്റും സാം കറന്‍ രണ്ടു വിക്കറ്റും വീഴ്ത്തി.
ശിഖര്‍ ധവാന്റെ അസാന്നിധ്യത്തില്‍ സാം കറന്‍ തന്നെയാണ് ഇന്നും പഞ്ചാബിനെ നയിച്ചത്. ടോസ് നേടിയ സാം കറന്‍, ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ ഇഷാന്‍ കിഷനെ (8 പന്തില്‍ 8) പുറത്താക്കി കഗീസോ റബാദ ക്യാപ്റ്റന്റെ തീരുമാനം ശരിവച്ചു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച രോഹിത് സൂര്യകുമാര്‍ സഖ്യം മുംബൈയെ മുന്നോട്ടു നയിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 81 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്. മൂന്നു സിക്‌സും ഏഴു ഫോറും അടങ്ങുന്നതായിരുന്നു സൂര്യയുടെ ഇന്നിങ്‌സ്. രോഹിത് മൂന്നു സിക്‌സും രണ്ടു ഫോറും പായിച്ചു.
12ാം ഓവറില്‍ രോഹിത്തിനെ പുറത്താക്കി സാം കറനാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെയെത്തിയ തിലക് വര്‍മ സൂര്യയ്ക്ക് മികച്ച കൂട്ടായി. 17ാം ഓവറില്‍ സൂര്യയയെ പുറത്താക്കി സാം കറന്‍ തന്നെ വീണ്ടും പഞ്ചാബിനു ബ്രേക്ക് ത്രൂ നല്‍കി. ഹാര്‍ദിക് പാണ്ഡ്യ (6 പന്തില്‍ 10), ടിം ഡേവിഡ് (7 പന്തില്‍ 14), റൊമാരിയോ ഷെപ്പേര്‍ഡ് (2 പന്തില്‍ 1) എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തിയ ഹര്‍ഷല്‍ പട്ടേലാണ് മുംബൈ സ്‌കോര്‍ 200 കടക്കാതെ സഹായിച്ചത്. അവസാന ഓവറില്‍ റണ്ണൗട്ട് ഉള്‍പ്പെടെ മൂന്നു വിക്കറ്റുകള്‍ വീണു.
"
https://www.facebook.com/Malayalivartha