ഇനി തോറ്റാല്‍ കളം വിടാം... നായകന്‍ കെ.എല്‍.രാഹുലും ക്വിന്റന്‍ ഡികോക്കും അര്‍ധ സെഞ്ചറി നേടിയ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് അനായാസ ജയം; അവസാന ഓവറുകളില്‍ എം.എസ്. ധോണി കരുത്തുറ്റ ഷോട്ടുകളുമായി കളം നിറഞ്ഞെങ്കിലും ഭാഗ്യം തുണച്ചില്ല

ചെന്നൈ സൂപ്പര്‍ കിങ്‌സ് 176 റണ്‍സെടുത്തെങ്കിലും വിജയിക്കാനായില്ല. നായകന്‍ കെ.എല്‍.രാഹുലും ക്വിന്റന്‍ ഡികോക്കും അര്‍ധ സെഞ്ചറി നേടിയ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് അനായാസ ജയം. ചെന്നൈ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം ഒരോവര്‍ ബാക്കി നില്‍ക്കേ ലക്‌നൗ മറികടന്നു.
8 വിക്കറ്റിനാണ് എല്‍എസ്ജി ജയം സ്വന്തമാക്കിയത്. സ്‌കോര്‍: ചെന്നൈ സൂപ്പര്‍ കിങ്‌സ് 20 ഓവറില്‍ 6ന് 176, ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് 19 ഓവറില്‍ 2ന് 180. മറുപടി ബാറ്റിങ്ങില്‍ ഡികോക്കും രാഹുലും ചേര്‍ന്ന് മികച്ച തുടക്കമാണ് എല്‍എസ്ജിക്ക് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 134 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 43 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം 54 റണ്‍സ് നേടിയ ഡികോക്ക് 15ാം ഓവറിലെ അവസാന പന്തിലാണ് പുറത്തായത്.
മുസ്തഫിസുര്‍ റഹ്‌മാന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ എം.എസ്.ധോണിക്ക് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. തകര്‍ത്തടിച്ച രാഹുല്‍ 53 പന്തില്‍ 82 റണ്‍സ് നേടിയാണ് പുറത്തായത്. 18ാം ഓവറില്‍ രവീന്ദ്ര ജഡേജ തകര്‍പ്പന്‍ ക്യാച്ചിലൂടെ താരത്തെ കൂടാരം കയറ്റി. 9 ഫോറും 3 സിക്‌സും അടങ്ങുന്നതാണ് ഇന്നിങ്‌സ്. നിക്കോളസ് പുരാന്‍ 12 പന്തില്‍ 23 റണ്‍സും, മാര്‍ക്കസ് സ്റ്റോയിനിസ് 7 പന്തില്‍ 8 റണ്‍സുമായി പുറത്താകാതെനിന്നു.
അര്‍ധ സെഞ്ചറി നേടിയ രവീന്ദ്ര ജഡേജയുടെയും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച എം.എസ്.ധോണിയുടെയും കരുത്തിലാണ് ചെന്നൈ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനു മുന്നില്‍ 177 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തിയത്. 57 റണ്‍സ് നേടിയ ജഡേജയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ 176 റണ്‍സ് നേടിയത്.
ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത എല്‍എസ്ജി ക്യാപ്റ്റന്‍ കെ.എല്‍.രാഹുലിന്റെ തീരുമാനത്തെ ശരിവയ്ക്കുന്ന തുടക്കമാണ് ടീമിന് ലഭിച്ചത്. ചെന്നൈ സ്‌കോര്‍ ബോര്‍ഡില്‍ 4 റണ്‍സ് ചേര്‍ക്കുന്നതിനിടെ രചിന്‍ രവീന്ദ്രയെ നേരിട്ട ആര്യ പന്തില്‍ മൊഹ്‌സിന്‍ ഖാന്‍ ക്ലീന്‍ ബോള്‍ഡാക്കി. അഞ്ചാം ഓവറില്‍ നായകന്‍ ഋതുരാജ് ഗയ്ക്വാദിനെ (13 പന്തില്‍ 17) രാഹുലിന്റെ കൈകളിലെത്തിച്ച് യഷ് ഠാക്കൂര്‍ ചെന്നൈക്ക് അടുത്ത പ്രഹരമേല്‍പിച്ചു. സ്‌കോര്‍ ഉയര്‍ത്തിവന്ന അജിങ്ക്യ രഹാനെ 9ാം ഓവറില്‍ ക്രുണാല്‍ പാണ്ഡ്യയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 24 പന്തില്‍ 36 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
ഒരുഭാഗത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞുകൊണ്ടിരുന്നെങ്കിലും, നിലയുറപ്പിച്ചു കളിച്ച രവീന്ദ്ര ജഡേജയുടെ ഇന്നിങ്‌സ് സിഎസ്‌കെയ്ക്ക് കരുത്തായി. 34 പന്തിലാണ് താരം അര്‍ധ ശതകം പൂര്‍ത്തിയാക്കിയത്. 40 പന്തില്‍ 5 ഫോറും 1 സിക്‌സും സഹിതം 57 റണ്‍സ് നേടിയ ജഡേജ പുറത്താകാതെനിന്നു. ശിവം ദുബെ (3), സമീര്‍ റിസ്വി (1) എന്നിവര്‍ ഇന്നുംം നിരാശപ്പെടുത്തി. 20 പന്തു നേരിട്ട മോയിന്‍ അലി 30 റണ്‍സ് നേടി പുറത്തായി.
അവസാന ഓവറുകളില്‍ എം.എസ്.ധോണി കരുത്തുറ്റ ഷോട്ടുകളുമായി കളം നിറഞ്ഞതോടെ ടീം സ്‌കോര്‍ 170 കടന്നു. 9 പന്തുകള്‍ നേരിട്ട ധോണി, 3 ഫോറും 2 സിക്‌സും സഹിതം 28 റണ്‍സാണ് അടിച്ചെടുത്തത്. എല്‍എസ്ജിക്കു വേണ്ടി ക്രുണാല്‍ പാണ്ഡ്യ 2 വിക്കറ്റു വീഴ്ത്തി. മൊഹ്‌സിന്‍ ഖാന്‍, യഷ് ഠാക്കൂര്‍, രവി ബിഷ്‌ണോയ്, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ ഓരോ വിക്കറ്റു വീതം വീഴ്ത്തി.
ചെന്നൈ വീണ്ടും തോറ്റതോടെ ഇനിയുള്ള കളികള്‍ നിര്‍ണായകമാണ്. അതേ സമയം ധോണിയ്ക്ക് ആരാധകരേറെയാണ്. അവസാന ഓവറുകളില്‍ കുറച്ച് പന്ത് മാത്രമേ ധോണിക്ക് കിട്ടുന്നുള്ളൂ. അതിനാല്‍ തന്നെ കളി പുറത്തെടുക്കുമ്പോഴേക്കും ഓവര്‍ തീരുന്ന അവസ്ഥയാണുള്ളത്.
"
https://www.facebook.com/Malayalivartha