ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് മൂന്ന് വിക്കറ്റ് ജയം...

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് മൂന്ന് വിക്കറ്റ് ജയം. 143 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി രാഹുല്‍ തെവാട്ടിയ ഫിനിഷിംഗിലാണ് ടൈറ്റന്‍സ് നേടിയത്. തെവാട്ടിയ 18 പന്തില്‍ 36* റണ്‍സുമായി പുറത്താവാതെ നിന്നു. സ്‌കോര്‍: പഞ്ചാബ് 142 (20), ഗുജറാത്ത് 146/7 (19.1).
ചണ്ഡീഗഢില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പഞ്ചാബ് കിംഗ്‌സ്, ഗുജറാത്ത് സ്പിന്നര്‍മാരുടെ മുന്നില്‍ നിശ്ചിത 20 ഓവറില്‍ 142 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. ടൈറ്റന്‍സിനായി സ്പിന്നര്‍ സായ് കിഷോര്‍ 33 റണ്‍സിന് നാല് വിക്കറ്റ് നേടി.
നൂര്‍ അഹമ്മദും മോഹിത് ശര്‍മ്മയും രണ്ട് വീതവും റാഷിദ് ഖാന്‍ ഒരു വിക്കറ്റും പേരിലാക്കി. നാലോവറില്‍ റാഷിദ് 15 റണ്‍സേ വഴങ്ങിയുള്ളൂ. വാലറ്റത്ത് 12 പന്തില്‍ 29 റണ്‍സ് എടുത്ത ഹര്‍പ്രീത് ബ്രാറാണ് കൂട്ടത്തകര്‍ച്ചയ്ക്കിടെ പഞ്ചാബിന്റെ മാനം കാത്തത്. പ്രഭ്‌സിമ്രാന്‍ സിംഗ് (21 പന്തില്‍ 35), ക്യാപ്റ്റന്‍ സാം കറന്‍ (19 പന്തില്‍ 20), ഹര്‍പ്രീത് സിംഗ് ഭാട്ടിയ (19 പന്തില്‍ 14), ജിതേഷ് ശര്‍മ്മ (12 പന്തില്‍ 13) എന്നിവരാണ് രണ്ടക്കം കണ്ടവര്‍. അതേസമയം എട്ട് കളികളില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നാലാം ജയമാണിത്. എട്ട് മത്സരങ്ങളില്‍ പഞ്ചാബ് കിംഗ്‌സിന് ആറാം തോല്‍വിയും.
https://www.facebook.com/Malayalivartha