ആവേശപ്പെരുമഴ... വില്‍ ജാക്‌സിന്‍ 41 പന്തില്‍ സെഞ്ച്വറി നേടി ബെംഗളുരുവിനെ വിജയത്തിലെത്തിച്ചു; വിരാട് കോലിയും തകര്‍ത്തടിച്ചു; 16 ഓവറില്‍ കളി ജയിച്ച് ആര്‍സിബി; ചെന്നൈക്ക് 78 റണ്‍സിന്റെ തകര്‍പ്പന്‍ ജയം, പോയിന്റ് പട്ടികയില്‍ മൂന്നാമത്; തുഷാര്‍ ദേശ്പാണ്ഡെയ്ക്ക് 4 വിക്കറ്റ്

ഇന്നലെ ഞായറാഴ്ച ആരാധകര്‍ക്ക് ആവേശം നല്‍കുന്ന ദിനമായിരുന്നു. ഇന്നലെ നടന്ന രണ്ട് മത്സരങ്ങളില്‍ ബെംഗളൂരുവും ചെന്നൈയും വിജയിച്ചു. കളി വിജയിപ്പിക്കാന്‍ വില്‍ ജാക്‌സ് തുനിഞ്ഞിറങ്ങിയപ്പോള്‍ ഗുജറാത്ത് ബോളര്‍മാര്‍ക്ക് ഒരു കാര്യം മാത്രമേ ചെയ്യാനുണ്ടായിരുന്നുള്ളു, വെറുതെ നിന്ന് തല്ലു വാങ്ങുക. അവസാന പന്തുകളില്‍ വില്‍ ജാക്‌സ് സിക്‌സറുകളുടെ കൂട്ടപ്പൊരിച്ചില്‍ നടത്തിയ മത്സരം റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഒന്‍പതു വിക്കറ്റിനു വിജയിച്ചു.
201 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് 24 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ആര്‍സിബി അനായാസം കുതിച്ചത്. 41 പന്തുകള്‍ നേരിട്ട വില്‍ ജാക്‌സ് 100 റണ്‍സുമായി പുറത്താകാതെനിന്നു. പത്ത് സിക്‌സുകളാണ് വില്‍ ജാക്‌സ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ അടിച്ചുകൂട്ടിയത്. ഓപ്പണര്‍ വിരാട് കോലി 44 പന്തുകളില്‍ 70 റണ്‍സുമായി വില്‍ ജാക്‌സിനു ശക്തമായ പിന്തുണയേകി. സ്‌കോര്‍: ഗുജറാത്ത്- മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 200, ബെംഗളൂരു ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 ഓവറില്‍ 206. ബെംഗളൂരു ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലേസി 24 റണ്‍സെടുത്തു പുറത്തായി. മൂന്നാം വിജയം നേടിയെങ്കിലും ആറു പോയിന്റുമായി പത്താം സ്ഥാനത്താണ് ആര്‍സിബി.
24 പന്തുകളില്‍ 31 റണ്‍സെടുത്ത്, താളം കണ്ടെത്താന്‍ ഒരു ഘട്ടത്തില്‍ ബുദ്ധിമുട്ടിയ വില്‍ ജാക്‌സ് മോഹിത് ശര്‍മയെറിഞ്ഞ 15ാം ഓവറിലാണ് ബാറ്റിങ്ങില്‍ 'ഗിയര്‍ മാറ്റിയത്'. മൂന്നു സിക്‌സുകളും രണ്ടു ഫോറുകളും ഈ ഓവറില്‍ താരം ബൗണ്ടറി കടത്തി. റാഷിദ് ഖാന്‍ എറിഞ്ഞ 16ാം ഓവറിലെ ആദ്യ പന്തില്‍ കോലി എടുത്ത് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ കാഴ്ചക്കാരനായി. നാലു സിക്‌സുകളും ഒരു ഫോറും നേടി വില്‍ ജാക്‌സ് കളി നേരത്തേ തീര്‍ത്തുകൊടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 200 റണ്‍സെടുത്തത്. സായ് സുദര്‍ശനും (49 പന്തില്‍ 84), ഷാറുഖ് ഖാനും (30 പന്തില്‍ 58) ഗുജറാത്തിനായി അര്‍ധ സെഞ്ചറി നേടി. ഓപ്പണര്‍ വൃദ്ധിമാന്‍ സാഹ (അഞ്ച്), ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (16) എന്നിവരെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും സായ് സുദര്‍ശന്‍ ഷാറൂഖ് ഖാന്‍ കൂട്ടുകെട്ട് ടൈറ്റന്‍സിനെ തുണച്ചു. 24 പന്തുകളില്‍ ഷാറൂഖ് ഖാന്‍ ഐപിഎല്ലിലെ താരത്തിന്റെ ആദ്യ അര്‍ധ സെഞ്ചറി തികച്ചു. സ്‌കോര്‍ 131 ല്‍ നില്‍ക്കെ ഷാറുഖിനെ മുഹമ്മദ് സിറാജ് ബോള്‍ഡാക്കി.
അവസാന പന്തുകളില്‍ ഡേവിഡ് മില്ലറെ കൂട്ടുപിടിച്ച് സായ് സുദര്‍ശന്‍ ആക്രമണം ശക്തമാക്കിയതോടെ ഗുജറാത്ത് സ്‌കോര്‍ അതിവേഗം കുതിച്ചു. അവസാന അഞ്ചോവറില്‍ 62 റണ്‍സാണ് ഗുജറാത്ത് അടിച്ചെടുത്തത്. യാഷ് ദയാല്‍ എറിഞ്ഞ 20ാം ഓവറിലെ അവസാന പന്തില്‍ സിക്‌സര്‍ പറത്തി ഡേവിഡ് മില്ലര്‍ സ്‌കോര്‍ 200 ല്‍ എത്തിച്ചു. 19 പന്തുകള്‍ നേരിട്ട ഡേവിഡ് മില്ലര്‍ 26 റണ്‍സെടുത്തു പുറത്താകാതെനിന്നു. ആര്‍സിബിക്കു വേണ്ടി സ്വപ്നില്‍ സിങ്, മുഹമ്മദ് സിറാജ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതം വീഴ്ത്തി.
രണ്ടാം മത്സരത്തില്‍ ഐപിഎലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ തകര്‍പ്പന്‍ ജയവുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ്. 213 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സിന്റെ ഇന്നിങ്‌സ് 134ല്‍ അവസാനിച്ചു. 78 റണ്‍സിനാണ് ചെന്നൈയുടെ ജയം. 3 ഓവറില്‍ 27 റണ്‍സ് വഴങ്ങി 4 വിക്കറ്റ് പിഴുത തുഷാര്‍ ദേശ്പാണ്ഡെയുടെ ബോളിങ് പ്രകടനം ചെന്നൈയുടെ ജയത്തില്‍ നിര്‍ണായകമായി. 32 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രമാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. ജയത്തോടെ ചെന്നൈ പോയിന്റ് ടേബിളില്‍ മൂന്നാമതെത്തി. സ്‌കോര്‍: ചെന്നൈ സൂപ്പര്‍ കിങ്‌സ് 20 ഓവറില്‍ 3ന് 212, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 18.5 ഓവറില്‍ 134ന് പുറത്ത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് ഓപ്പണര്‍മാര്‍ തകര്‍ത്തടിച്ചാണ് തുടങ്ങിയത്. എന്നാല്‍ തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞ രണ്ടാം ഓവറില്‍ തുടര്‍ച്ചയായി രണ്ട് വിക്കറ്റ് വീണത് അവര്‍ക്ക് തിരിച്ചടിയായി. 7 പന്തില്‍ 13 റണ്‍സ് നേടിയ ട്രാവിസ് ഹെഡ് ഡാരില്‍ മിച്ചലിനും അന്‍മോള്‍പ്രീത് സിങ് (0) മോയീന്‍ അലിക്കും ക്യാച്ച് നല്‍കി മടങ്ങി. തന്റെ തൊട്ടടുത്ത ഓവറില്‍ അഭിഷേക് ശര്‍മയെ (9 പന്തില്‍ 15) കൂടി മടക്കി തുഷാര്‍, സണ്‍റൈസേഴ്‌സിനെ പ്രതിരോധത്തിലേക്ക് തള്ളിയിട്ടു.
15 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയെ രവീന്ദ്ര ജഡേജ േേധാണിയുടെ കൈകളിലെത്തിച്ചു. 11ാം ഓവറില്‍ പതിരാനയ്ക്കു മുന്നില്‍ എയ്ഡന്‍ മാര്‍ക്രവും വീണു. 26 പന്തില്‍ 32 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഇതോടെ എസ്ആര്‍എച്ചിന്റെ സ്‌കോര്‍ 5ന് 85 എന്ന നിലയിലായി. സ്‌കോര്‍ 117ല്‍ നില്‍ക്കെ ഹെന്റിച് ക്ലാസനെ (21 പന്തില്‍ 20) കൂടി മടക്കി പതിരാന വീണ്ടും പ്രഹരമേല്‍പ്പിച്ചു. 19 റണ്‍സെടുത്ത അബ്ദുല്‍ സമദിനെ ശാര്‍ദുല്‍ ഠാക്കൂര്‍ കൂടാരം കയറ്റി. വാലറ്റത്ത് ആര്‍ക്കും രണ്ടക്കം കടക്കാനാവാതെ വന്നതോടെ സണ്‍റൈസേഴ്‌സ് ഇന്നിങ്‌സ് 134ല്‍ അവസാനിച്ചു.
"
https://www.facebook.com/Malayalivartha