ജയിച്ചിട്ടും മുഷ്താഖ് അലി ട്വന്റി20യില്‍ നിന്നും കേരളം പുറത്ത്

മുഷ്താഖ് അലി ട്വന്റി20 സൂപ്പര്‍ ലീഗ് മല്‍സരത്തില്‍ വമ്പന്‍ മാര്‍ജിനില്‍ ജയിക്കാമായിരുന്ന മല്‍സരം രണ്ട് വിക്കറ്റിന് കഷ്ടിച്ചു ജയിച്ച കേരളം ഫൈനല്‍ കാണാതെ പുറത്ത്. മുംബൈയെ തോല്‍പ്പിച്ച ബറോഡയാണ് കേരളം ഉള്‍പ്പെട്ട ഗ്രൂപ്പില്‍നിന്ന് ഫൈനലിന് യോഗ്യത നേടിയത്. മുംബൈ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ മറികടന്നാല്‍ ഫൈനലില്‍ കടക്കാമെന്നിരിക്കെ 19 ഓവറില്‍ത്തന്നെ ബറോഡ ലക്ഷ്യം കണ്ടു. ലക്ഷ്യത്തിലെത്തുമ്പോള്‍ ബാക്കിയുണ്ടായിരുന്നതാകട്ടെ ഒരേയൊരു വിക്കറ്റും.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ദീപക് ഹൂഡയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ബറോഡയെ കലാശപ്പോരാട്ടത്തിന് അര്‍ഹരാക്കിയത്. ഹൂഡ 35 പന്തില്‍ അഞ്ചു ബൗണ്ടറിയും ഒരു സിക്‌സുമുള്‍പ്പെടെ 53 റണ്‍സെടുത്തു. ഹാര്‍ദിക് പാണ്ഡ്യ 28 റണ്‍സും ഇര്‍ഫാന്‍ പഠാന്‍ 19 റണ്‍സും നേടി. അവസാന ഓവറുകളില്‍ മുംബൈ ബോളര്‍മാര്‍ മികച്ച നിയന്ത്രണത്തോടെ പന്തെറിഞ്ഞെങ്കിലും ഫൈനലിലെത്താനായില്ല.
നേരത്തെ, തകര്‍ത്തുകളിച്ച ബോളര്‍മാര്‍ കേരളത്തിന്റെ ഫൈനല്‍ സാധ്യത സജീവമാക്കിയെങ്കിലും നിറംമങ്ങിപ്പോയ ബാറ്റ്‌സ്മാന്‍മാര്‍ അവസരം കളഞ്ഞുകുളിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത വിദര്‍ഭയെ വെറും 105 റണ്‍സില്‍ കേരള ബോളര്‍മാര്‍ ചുരുട്ടിക്കെട്ടിയെങ്കിലും ഇഴഞ്ഞും തുഴഞ്ഞും നീങ്ങിയ ബാറ്റ്‌സ്മാന്‍മാര്‍ക്ക് അവസരം മുതലെടുക്കാനായില്ല. കേരളത്തിനായി മനുകൃഷ്ണനും നിയാസ് നിസാറും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. സ്‌കോര്‍: വിദര്‍ഭ19.3 ഓവറില്‍ 105, കേരളം 18.4 ഓവറില്‍ എട്ടിന് 109.
34 റണ്‍സ് നേടിയ രോഹന്‍ പ്രേമും 21 റണ്‍സ് നേടിയ നിഖിലേഷ് സുരേന്ദ്രനുമാണ് കേരളത്തിന്റെ ബാറ്റിങ് നിരയില്‍ മെച്ചപ്പെട്ട പ്രകടനം നടത്തിയത്. മികച്ച റണ്‍നിരക്കിലുള്ള വിജയം ലക്ഷ്യമിട്ട് അനാവശ്യ ഷോട്ടുകള്‍ക്ക് മുതിര്‍ന്നാണ് കേരളത്തിന്റെ താരങ്ങള്‍ കൂടാരം കയറിയത്. നേരിട്ട ആദ്യ പന്തില്‍ തന്നെ സഞ്ജു സാംസണ്‍ പുറത്തായി. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി മൂന്നു റണ്‍സെടുത്തും ജഗദീഷ് 15 റണ്‍സെടുത്തും പുറത്തായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha