അവസാന അങ്കത്തില്‍ ഇന്ത്യക്ക് ആശ്വാസ ജയം

ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന ഏകദിനത്തില്‍ ആശ്വാസ ജയം നേടി ടീം ഇന്ത്യ. ആറു വിക്കറ്റിനാണ് ഇന്ത്യന്‍ ജയം. കന്നി സെഞ്ചുറി നേടിയ മനീഷ് പാണ്ഡെയുടെയും 99 റണ്‍സ് നേടിയ രോഹിത് ശര്‍മയുടെയും 56 പന്തില്‍ 78 റണ്‍സ് നേടിയ ശിഖര്‍ ധവാന്റെയും മികവിലാണ് ഇന്ത്യന്‍ ജയം. 42 പന്തില്‍ 34 റണ്‍സെടുത്ത് ധോണി മികച്ച പിന്തുണ നല്കി. അവസാന മല്‍സരത്തില്‍ ജയിച്ചെങ്കിലും പരമ്പര 4-1ന് ഓസീസ് നേരത്തെ സ്വന്തമാക്കിയിരുന്നു. സ്‌കോര്‍: ഓസീസ് 330-7, ഇന്ത്യ: 331-4 (49.4).
നേരത്തെ, ഡേവിഡ് വാര്‍ണറുടെയും മിച്ചല്‍ മാര്‍ഷിന്റെയും സെഞ്ചുറികളുടെ മികവില്‍ ഓസീസ് നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സെടുത്തു. 100 പന്തില്‍ നിന്ന് ഏഴ് ഫോറുകളും രണ്ട് സിക്‌സറുകളും ഉള്‍പ്പെടുന്നതാണ് വാര്‍ണറുടെ സെഞ്ചുറി ഇന്നിങ്‌സ്. ഓസീസ് ഓപ്പണറുടെ അഞ്ചാം ഏകദിന സെഞ്ചുറിയാണിത്. 113 പന്തില്‍ 122 റണ്‍സെടുത്ത് വാര്‍ണര്‍ പുറത്തായി.
തൊട്ടുപിന്നാലെ മധ്യനിര ബാറ്റ്‌സ്മാന്‍ മിച്ചല്‍ മാര്‍ഷും (84 പന്തില്‍ 102) സെഞ്ചുറി കുറിച്ചു. 81 പന്തില്‍ ഒന്‍പതു ഫോറുകളും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു മാര്‍ഷിന്റെ ഇന്നിങ്‌സ്. മാര്‍ഷിന്റെ ആദ്യ രാജ്യാന്തര ഏകദിന സെഞ്ചുറിയാണിത്.
ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇഷാന്ത് ശര്‍മയുടെ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ ഓസീസിന് നഷ്ടമായി. ആറു റണ്‍സ് മാത്രമെടുത്താണ് ഫിഞ്ച് മടങ്ങിയത്.
തൊട്ടുപിന്നാലെയെത്തിയ സ്റ്റീവന്‍ സ്മിത്തും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡ് വേഗത്തില്‍ ചലിപ്പിച്ചെങ്കിലും ജസ്പ്രീത് ബുംമ്രയ്ക്കു മുന്നില്‍ സ്മിത്ത് മുട്ടുമടക്കി. 47 ബോളുകളില്‍ നിന്ന് 28 റണ്‍സെടുത്തായിരുന്നു സ്മിത്തിന്റെ മടക്കം. തുടര്‍ന്നിറങ്ങിയ ജോര്‍ജ് ബെയ്‌ലിയെ റിഷി ധവാനും ഡ്രസിങ് റൂമിലേക്ക് തിരിച്ചയച്ചു. ഏഴു റണ്‍സെടുത്ത ഷോണ്‍ മാര്‍ഷ് റണ്ണൗട്ടായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha