പാക്കിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യൻ ചുണക്കുട്ടികൾ ഫൈനലിൽ; ഇന്ത്യൻ ജയം 203 റണ്‍സിന്

അണ്ടർ-19 ലോകകപ്പ് ക്രിക്കറ്റ് സെമിയിൽ പാക്കിസ്ഥാനെ 203 റൺസിന് തകർത്ത് ഇന്ത്യ ഫൈനലിൽ. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 272 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ 69 റണ്‍സിന് ഓള്‍ഔട്ട് ആയി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. പൃഥ്വി ഷാ(41), മന്‍ജോത് കല്‍റ(47) എന്നിവർക്ക് പിന്നാലെ എത്തിയ ശുഭ്മന്‍ ഗില്‍ സെഞ്ച്വറി നേടി. 94 പന്തിൽ ഏഴു ബൗണ്ടറിയോടെ 102 റൺസ് നേടിയ ശുഭ്മാൻ ഗിൽ പുറത്താകാതെ നിന്നു.ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും പിടിച്ചു നിന്ന ശുഭ്മാൻ ഇന്ത്യയെ മികച്ച സ്‌കോറിൽ എത്തിച്ചു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാന് മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും ആധിപത്യം പുലർത്താനായില്ല. ആറ് ഓവറിൽ 17 റൺസ് മാത്രം വിട്ടു നൽകി നാലു വിക്കറ്റെടുത്ത ഇഷാൻ പോറല്‍ പാക്കിസ്ഥാൻ ബാറ്റ്‌സ്മാൻമാരെ വേഗത്തിൽ കൂടാരം കയറ്റി. പാക്കിസ്ഥാന്റെ മൂന്നു ബാറ്റ്സ്മാൻമാർ മാത്രമാണ് രണ്ടക്കം കണ്ടത്. 18 റൺസ് നേടിയ റൊഹൈൽ നസീറാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറർ.
മികച്ച വിജയത്തോടെ ഫൈനലിലെത്തിയ ഇന്ത്യയുടെ എതിരാളി ഓസ്‌ട്രേലിയയാണ്. ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച ജയം നേടിയിരുന്നു. ഫെബ്രുവരി മൂന്നിനാണ് ഫൈനൽ.
https://www.facebook.com/Malayalivartha