ഭാഗ്യം തുണയ്ക്കുമെന്ന പ്രതീക്ഷയിൽ ആരാധകർ; ഗോവ-കൊൽക്കത്ത മത്സരം ബ്ലാസ്റ്റേഴ്സിന്റെ ഭാവി നിർണയിക്കും

ഐഎസ്എല്ലിൽ ഇന്ന് നിർണായക മത്സരം. സെമി ലക്ഷ്യമാക്കി ഇറങ്ങുന്ന ഗോവ മുൻ ചാമ്പ്യന്മാരായ കൊൽക്കത്തയെ നേരിടും. ഇന്നത്തെ മത്സരം കേരള ബ്ലാസ്റ്റേഴ്സിന് വളരെ നിർണായകമാണ്. ഗോവ ഇന്ന് വിജയിച്ചാൽ ബ്ലാസ്റ്റേഴ്സിന്റെ സെമി പ്രതീക്ഷ അവസാനിക്കും. ഗോവയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വൈകിട്ടാണ് മത്സരം നടക്കുന്നത്.
ഇന്നലെ നടന്ന ഡൽഹി- മുംബൈ പോരാട്ടത്തിൽ മുംബൈ പരാജയപ്പെട്ടതോടെ അവരുടെ സെമി പ്രതീക്ഷകൾ അവസാനിച്ചിരുന്നു. ഇതോടെ ചെന്നൈയിൻ സെമിയിൽ പ്രവേശിച്ചു. ഇനി ബാക്കിയുള്ള ഒരു സ്ഥാനത്തിന് വേണ്ടി ജംഷദ്പൂരും ഗോവയും കേരളവുമാണ് പോരാടുന്നത്.
എന്നാൽ ടൂർണമെന്റിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാത്ത കൊൽക്കത്തയ്ക്ക് ഇന്നത്തെ മത്സരം അഭിമാന പോരാട്ടമാണ്. കഴിഞ്ഞ ഏഴ് കളികളിൽ ഒന്നിൽ പോലും ജയിക്കാൻ കൊൽക്കത്തയ്ക്ക് കഴിഞ്ഞില്ല. ഇന്നത്തെ മത്സരം വിജയിച്ച് ഗോവയുടെ സെമി പ്രവേശന സാധ്യത അവസാനിപ്പിക്കാനാണ് കൊൽക്കത്തയുടെ ശ്രമം.
ഇന്ന് ഗോവ തോൽക്കുകയും നാളെ ബെംഗളൂരുവിനെതിരെ നടക്കുന്ന മത്സരം വിജയിക്കുകയും ചെയ്താൽ കേരളത്തിന്റെ സെമി സാധ്യതകൾ വർധിക്കും.
https://www.facebook.com/Malayalivartha